INDIA

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും തമ്മിലായിരുന്നു കയ്യാങ്കളി വരെയെത്തിയ തർക്കം

വെബ് ഡെസ്ക്

വഖഫ് ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്റ് കമ്മിറ്റി ചർച്ചക്കിടെ നാടകീയ സംഭവങ്ങൾ. ഇന്നു നടന്ന യോഗത്തിൽ എംപിമാർ തമ്മിൽ ഏറ്റുമുട്ടി. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബംഗാളിൽനിന്നു തന്നെയുള്ള ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും തമ്മിലായിരുന്നു കയ്യാങ്കളി വരെയെത്തിയ തർക്കം.

വഴക്കിനിടെ കല്യാൺ ബാനർജി, ചില്ലുകൊണ്ടുള്ള കുടിവെള്ള കുപ്പി മുൻപിലുണ്ടായിരുന്ന മേശയിലേക്ക് അടിച്ച് ഉടച്ചു. സംഭവത്തിൽ അദ്ദേഹത്തിന്റെ തള്ളവിരലിനും ചൂണ്ടുവിരലിനും പരുക്കേറ്റു. സംഭവത്തത്തുടർന്ന് വഖഫ് ബിൽ പാനലിൻ്റെ അടുത്ത യോഗത്തിൽനിന്ന് കല്യാൺ ബാനർജിയെ സസ്പെൻഡ് ചെയ്തു.

ബിജെപിയുടെ ജഗദാംബിക പാൽ അധ്യക്ഷയായ സമിതി, വഖഫ് ബില്ലിൽ വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേൾക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. കല്യാൺ ബാനർജിയും അഭിജിത് ഗംഗോപാധ്യായയും തമ്മിൽ വലിയ തർക്കമുണ്ടാവുകയും പരസ്പരം ചീത്ത വിളിക്കുകയും ചെയ്തതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തത്.

ചില്ലുകുപ്പി അടിച്ചുടച്ചതിനെത്തുടർന്ന് പരുക്കേറ്റ കല്യാൺ ബാനർജിയെ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. അദ്ദേഹത്തെ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും എഎപി നേതാവ് സഞ്ജയ് സിങ്ങും ചേർന്നാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഇരുവരും ചേർന്ന് കല്യാൺ ബാനർജിയെ യോഗഹാളിൽനിന്നു പുറത്തേക്കു കൊണ്ടുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

കല്യാൺ ബാനർജിക്കു മുൻപ് യോഗത്തിൽ സംസാരിച്ച ഒവൈസി ബില്ലിലെ പിഴവുകൾ ചൂണ്ടിക്കാണിച്ചിരുന്നു. ഒരു മണിക്കൂറോളം നീണ്ട അദ്ദേഹത്തിന്റെ സംസാരത്തിനിടെയും ബിജെപി അംഗങ്ങൾ വാക്പോര് നടത്തിയിരുന്നു.

കല്യാൺ ബാനർജിയെ അടുത്ത യോഗത്തിൽനിന്ന് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം വോട്ടെടുപ്പിലൂടെയാണ് കൈക്കൊണ്ടതെന്നാണ് റിപ്പോർട്ട്. തൃണമൂൽ എംപിയുടെ സസ്‌പെൻഷനെ അനുകൂലിച്ച് ഒൻപതും എതിർത്ത് ഏഴ് വോട്ടും ലഭിച്ചതായാണ് റിപ്പോർട്ട്.

കഴിഞ്ഞദിവസം നടന്ന സംയുക്ത പാർലമെന്റ് കമ്മിറ്റി യോഗത്തിലും പ്രതിപക്ഷ നേതാക്കൾ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തെ ചോദ്യം ചെയ്തിരുന്നു. ബിൽ തയാറാക്കാൻ നടത്തിയ കൂടിയാലോചനകൾ സംബന്ധിച്ച് യാതൊരു രേഖകളും ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പക്കലുണ്ടായിരുന്നില്ല എന്നതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ജഗദാംബിക പാലിനെ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

മന്ത്രാലയം സമർപ്പിച്ച രേഖകൾ പ്രകാരം, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെയും നീതിന്യായ മന്ത്രാലയത്തിലെയും 12 ഉദ്യോഗസ്ഥർ ചേർന്നാണ് വഖഫ് ബിൽ തയാറാക്കിയത്. നാല് ഉപദേശക കമ്മിറ്റി യോഗങ്ങളും 2023 ജൂൺ 13നും നവംബർ ഏഴിന് ഡൽഹിയിലും നടന്ന യോഗങ്ങളിൽ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വഖഫ് ബോർഡുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരും പങ്കെടുത്തിരുന്നു.

കൂടാതെ മറ്റ് രണ്ട് കൂടിയാലോചനകൾക്ക് പൊതുജനങ്ങളെയും വിളിച്ചിട്ടുണ്ടെന്നും മന്ത്രാലയം അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതുസംബന്ധിക്കുന്ന വ്യക്തമായ രേഖകൾ അവതരിപ്പിക്കാൻ മന്ത്രാലയത്തിനായിട്ടില്ല എന്ന് പ്രതിപക്ഷം പറഞ്ഞു. അതേസമയം, പ്രതിപക്ഷാംഗങ്ങളും ബിജെപി എംപിയുമായ തേജസ്വി സൂര്യ നൽകിയ പരാതിയിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇതുവരെ പ്രതികരിച്ചിട്ടില്ല.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹായുതി സഖ്യവും മഹാമഹാവികാസ് അഘാഡി സഖ്യവും; ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ഐഫോണില്‍ വോയിസ് മെയില്‍ ഒരു തലവേദനയാണോ? എങ്ങനെ ഒഴിവാക്കാം

സെബിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: 'കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല', മാധബി ബുച്ചിനെതിരെ നടപടി ഉണ്ടാകില്ല

2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം