INDIA

മോദിവിമര്‍ശകരെ അപകീര്‍ത്തിപ്പെടുത്താന്‍ യു എസ്സില്‍ 'റോ' യുടെ നേതൃത്വത്തില്‍ പ്രചാരണം: വാഷിങ്ടണ്‍ പോസ്റ്റ്

മോദിയുടെ വിമർശകരെ നേരിടാനാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡിസ്ഇൻഫോ ലാബ് രൂപീകരിച്ച് പ്രവർത്തിക്കുന്നതെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്

വെബ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശകരെ അപകീര്‍ത്തിപ്പെടുത്തുകയും അവര്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തുകയും ചെയ്യുന്ന സ്ഥാപനം അമേരിക്കയില്‍ സജീവം. ഡിസ്ഇന്‍ഫോ ലാബ് എന്ന പേരിലുള്ള സ്ഥാപനത്തെ നിയന്ത്രിക്കുന്നത് രാജ്യത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണെന്ന് വെളിപ്പെടുത്തി വാഷിങ്ടണ്‍ പോസ്റ്റ്.

മോദിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ പ്രചാരണം നടത്തുകയാണ് ഡിസ്ഇന്‍ഫോ ലാബ് ചെയ്യുന്നതെന്ന് പത്രം വെളിപ്പെടുത്തുന്നു. ഇവര്‍ നടത്തുന്ന പ്രചാരണം, ഇന്ത്യയില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി വൈറലാക്കുന്നത് ബിജെപിയുടെ നേതാക്കളും പ്രവര്‍ത്തകരുമാണെന്നാണ് പത്രം നടത്തിയ അന്വേഷണത്തില്‍ തെളിയുന്നത്.

ഡിസ്ഇന്‍ഫോ ലാബ് ഒരു ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് സ്ഥാപിച്ചതെന്ന് ലാബുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മൂന്ന് പേരെ ഉദ്ധരിച്ചാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലഫ്റ്റനന്റ് കേണല്‍ ദിബിയ സത്പതി എന്ന മുപ്പത്തി ഒൻപതുകാരനായ രഹസ്യാന്വേഷ ഉദ്യോഗസ്ഥനാണ് 2020 ല്‍ ഡിസ്ഇന്‍ഫോ ലാബ് സ്ഥാപിച്ചത്. ഡല്‍ഹിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ഈ ഉദ്യോഗസ്ഥന്‍ ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ' യുടെ ഭാഗമാകുകയായിരുന്നു. ഇദ്ദേഹം ശക്തി എന്ന വ്യാജ പേരിലും സ്വന്തം വ്യക്തിത്വം മറച്ചുവെച്ചുമാണ് വിദേശ മാധ്യമ പ്രവര്‍ത്തകരെയും മറ്റുള്ളവരെയും കണ്ട് ഇന്ത്യയ്ക്ക് അനുകൂലമായും പാകിസ്ഥാനും ചൈനയ്ക്കുമെതിരായി എഴുതാനും ആവശ്യപ്പെടാറുള്ളതെന്നും പത്രം വെളിപ്പെടുത്തുന്നു.

ഇതിനകം ഡിസ്ഇന്‍ഫോ ലാബ് പുറത്തിറിക്കിയ 28 റിപ്പോര്‍ട്ടുകളിലും ഇന്ത്യ, പാകിസ്താനില്‍നിന്ന് ഫണ്ട് ലഭിക്കുന്ന ഗൂഢാലോചനക്കാരാലും മുസ്ലീം ബ്രദര്‍ഹുഡ്, ജോര്‍ജ് സോറോസ് എന്നിവരാലും നിരന്തരം ആക്രമിക്കപ്പെടുകയാണെന്ന പ്രചാരണത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ഈ ഫണ്ട് അമേരിക്കയിലെ ജനസഭ പ്രതിനിധിയും മോദി വിമര്‍ശകയുമായ പ്രമീല ജയ്‌പാലിനും ലഭിച്ചിട്ടുണ്ടെന്നും ആരോപിക്കുന്നു. മോദിയുടെ കടുത്ത വിമര്‍ശകയാണ് പ്രമീല ജയ്പാല്‍. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉന്നയിക്കണമെന്ന് യുഎസിലെ ജനപ്രതിനിധികള്‍ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മുന്‍കൈയെടുത്തത് പ്രമീലയായിരുന്നു. അവര്‍ പാകിസ്താന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ചാണ് ഡിസ്ഇന്‍ഫോ ലാബ് ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്.

ഡിസ്ഇന്‍ഫോ ലാബിന്റെ ട്വീറ്റ് ആയിരത്തിലേറെ തവണയാണ് വീണ്ടും ട്വീറ്റ് ചെയ്യപ്പെട്ടത്. ബിജെപിയെയും മോദിയെയും വിമര്‍ശിച്ച ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായ സംഘടനയുടെ നേതാവ് സുനിതാ വിശ്വനാഥിനെതിരെയും ഡിസ്ഇന്‍ഫോ ലാബ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. ജോര്‍ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സില്‍നിന്നുള്ള ഫണ്ട് ഉപയോഗിച്ച് അഫ്ഗാന്‍ അഭയാര്‍ഥികളെ സഹായിക്കുകയാണ് അവരുടെ ലക്ഷ്യമെന്നായിരുന്നു ആരോപണം. രാഹുല്‍ ഗാന്ധിയോടൊപ്പം പരിപാടിയില്‍ പങ്കെടുത്തശേഷം സുനിതാ വിശ്വാനാഥിനെതിരായ പ്രചാരണം ഇന്ത്യയില്‍ ബിജെപിയുടെ ഐടി സെല്‍ നേതാവ് അമിത് മാളവ്യ തന്നെ ഏറ്റെടുത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെ നിയന്ത്രിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തശേഷം പത്രത്തിനെതിരെയും ഡിസ് ഇന്‍ഫോ ലാബിന്റെ ആക്രമണമുണ്ടായി. സിഐഎയ്ക്കുവേണ്ടിയാണ് പോസ്റ്റിന്റെ വാര്‍ത്തകളെഎന്നായിരുന്നു ആരോപണം.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുണ്ടായ ഘട്ടത്തിലാണ്, ഡിസ്ഇന്‍ഫോയുടെ സ്ഥാപകന്‍ സത്പതി ഡല്‍ഹിയില്‍ സജീവമായതെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ കണ്ടെത്തല്‍. മോദി സര്‍ക്കാരിന് അനുകൂലമായ വാര്‍ത്ത സൃഷ്ടിക്കാന്‍ ഇദ്ദേഹം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി വിദേശ മാധ്യമപ്രവർത്തകര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കിക്കൊടുക്കുകയും കാശ്മീരില്‍ സന്ദര്‍ശനം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഇതൊക്കെ അദ്ദേഹം നടത്തിയത് ശക്തി എന്ന വ്യാജപേരിലായിരുന്നു. പിന്നീടാണ് ചില മാധ്യമപ്രവര്‍ത്തകര്‍ സത്പതിയാണ് ശക്തിയെന്ന് മനസ്സിലാക്കിയതെന്നും വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രവരിയില്‍, മോദി ജനാധിപത്യ വിരുദ്ധനാണെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന് ജോര്‍ജ് സോറസിനെതിരെ വന്‍ പ്രചാരണമാണ് ഡിസ്ഇന്‍ഫോ ലാബ് ഏറ്റെടുത്തത്. മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധമുള്ളയാളാണ് ജോര്‍ജ് സോറോസ് എന്നായിരുന്നു ഒരു ആരോപണം. ഡിസ്ഇന്‍ഫോ ലാബിന്റെ പോസ്റ്റുകള്‍ റീപ്പോസ്റ്റ് ചെയ്യുന്ന 250 പേരില്‍ 35 പേര്‍ ഇപ്പോഴും ബിജെപിയുടെ ഭാരവാഹികളോ മുന്‍ ഭാരവാഹികളോ ആണ്. 14 പേര്‍ സൈനിക ഉദ്യോഗസ്ഥരും 61 പേര്‍ മാധ്യമപ്രവര്‍ത്തകരുമാണ്. 140 പേര്‍ അമേരിക്കയിലേയും ഇന്ത്യയിലേയും വലതുപക്ഷ പ്രചാരകരാണ്.

ഡിസ്ഇന്‍ഫോ ലാബിന്റെ പ്രവര്‍ത്തനം അമേരിക്കയിലെ നയരൂപീകരണക്കാരെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലത്ത് ഇസ്ലാമിക സംഘടനകള്‍ പണം സ്വരൂപിച്ച് ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമെതിരായ നീക്കത്തിന് പാകിസ്താനെ സഹായിക്കാന്‍ ഉപയോഗിക്കുകയാണെന്ന വ്യാജ കഥയാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്റ പ്രതിനിധിയ്ക്ക് ഡിസ്ഇന്‍ഫോ ലാബ് എത്തിച്ചതെന്നും വാഷി്ങിടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ