കുട്ടികളുടെ അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരം ആണെന്ന് സുപ്രീം കോടതി. സംപ്രേക്ഷണം ചെയ്യാനുള്ള ഉദ്ദേശമില്ലാതെ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഡിലീറ്റ് ചെയ്യുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യാതെ അത്തരം ദൃശ്യങ്ങൾ സൂക്ഷിക്കുന്നത്, അവ പ്രചരിപ്പിക്കാനുള്ള ഉദ്ദേശത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
‘ചൈൽഡ് പോണോഗ്രാഫി’ എന്ന പദം ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. ചൈൽഡ് പോണോഗ്രാഫി’ എന്ന പദത്തിന് പകരം ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അധിക്ഷേപിക്കുന്നതുമായ മെറ്റീരിയലുകൾ’ എന്ന് ഉപയോഗിക്കുന്നതിന് പോക്സോ നിയമത്തിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതി പാർലമെന്റിനോട് നിർദ്ദേശിച്ചു. ഭേദഗതി പ്രാബല്യത്തിൽ വരുന്നതുവരെ കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാമെന്ന് കോടതി വ്യക്തമാക്കി.
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഫോണിൽ ഡൗൺലോഡ് ചെയ്തതിന് 28 കാരനായ യുവാവിനെതിരെ ചുമത്തിയ കേസ് കഴിഞ്ഞ ജനുവരിയിൽ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുട്ടികളുടെ അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും കുറ്റകരമല്ലെനന്നായിരുന്നു കോടതി നിരീക്ഷണം. അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാത്രമെ കുറ്റകരമാകൂ.കുട്ടികളടക്കം അശ്ലീല ദൃശ്യം കാണുന്നത് ആശങ്കയുണ്ടാക്കുന്നുവെങ്കിലും ഇതൊരു കുറ്റമല്ലെന്നും അവരെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളാണ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി 28 കാരനെതിരായ ക്രിമിനൽ നടപടികൾ പുനഃസ്ഥാപിച്ചു. ക്രിമിനൽ നടപടികൾ റദ്ദാക്കുന്നതിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി. മെറ്റീരിയൽ ഇല്ലാതാക്കുന്നതിലോ നശിപ്പിക്കുന്നതിലോ റിപ്പോർട്ടുചെയ്യുന്നതിലോ ഈ കേസിലെ പ്രതിയുടെ ഭാഗത്ത് നിന്ന് പരാജയം സംഭവിച്ചുവെന്നും കോടതി വിലയിരുത്തി. എഫ്ഐആർ രജിസ്‌ട്രേഷന് മുമ്പ് മെറ്റീരിയൽ ഇല്ലാതാക്കിയതിനാൽ പ്രതി ചെയ്ത കുറ്റം ഇല്ലാതാവുകയില്ലെന്നും കോടതി പറഞ്ഞു. "എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന സമയത്തോ ഏതെങ്കിലും ക്രിമിനൽ നടപടി വേളയിലോ അത്തരം 'സ്റ്റോറേജ്' അല്ലെങ്കിൽ 'പൊസഷൻ' അവിടെ തുടരണമെന്ന് നിർബന്ധമില്ല," കോടതി വ്യക്തമാക്കി.