INDIA

'കേരളത്തിനെതിരെ ലേഖനമെഴുതാൻ ആളെവേണം'; വയനാട് ദുരന്തത്തിൽ സംസ്ഥാനത്തെ കുറ്റപ്പെടുത്താൻ കേന്ദ്രം വിദഗ്ധരെ തേടുന്നതായി ദ ന്യൂസ് മിനുട്ട് റിപ്പോർട്ട്

വെബ് ഡെസ്ക്

വയനാട് ഉരുൾപൊട്ടലിനൂ കാരണം സംസ്ഥാന സർക്കാരിന്റെ നയങ്ങളും ഇടപെടലുകളുമാണെന്ന് സ്ഥാപിച്ച് ലേഖനങ്ങളും റിപ്പോർട്ടുകളും എഴുതാൻ ശാസ്ത്രജ്ഞരെയും ഗവേഷകരെയും കണ്ടെത്താൻ കേന്ദ്ര സർക്കാർ. ഇതിനായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി ഐ ബി) വഴി പരിസ്ഥിതി മന്ത്രാലയം ശ്രമിക്കുന്നതായി ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു.

കേരള സർക്കാരിൻ്റെ നയങ്ങളാണ് ദുരന്തത്തിനു കാരണമെന്ന് സ്ഥാപിച്ചെടുക്കുന്ന തരത്തിൽ ലേഖനങ്ങളെഴുതാൻ പി ഐ ബി ബന്ധപ്പെട്ട മൂന്ന് പേരുമായി സംസാരിച്ചാണ് ന്യൂസ് മിനിറ്റിൻ്റെ റിപ്പോർട്ട്. ഇത്തരത്തിൽ ലേഖനങ്ങളെഴുതാൻ ശാസ്ത്രകാരന്മാർ, ഗവേഷകർ, മാധ്യമപ്രവർത്തകർ എന്നിവരെ കണ്ടെത്തുകയാണ് പിഐബിയുടെ ലക്ഷ്യം. കേരളത്തിൽ ഉരുൾപൊട്ടലുണ്ടാകാനുള്ള കാരണം ക്വാറികൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പിന്തുടരുന്ന നയങ്ങളുടെ പ്രശ്നമാണെന്ന തരത്തിലുള്ള ലേഖനങ്ങളാണ് മന്ത്രാലയത്തിന് ആവശ്യം.

ലേഖനങ്ങളിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നതിൽ പരിസ്ഥിതി മന്ത്രാലയത്തിന് നിഷ്കർഷയുണ്ട്. 'വയനാട് ദുരന്തത്തിന് പിന്നിലെ കാരണങ്ങൾ' എന്ന പേരിൽ ആവശ്യമായ പോയിന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് വേഡ് ഡോക്യുമെന്റ് തയ്യാറാക്കിയതായും ന്യൂസ് മിനിറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഈ ഡോക്യുമെന്റിൽ റഫറൻസിനായി വ്യത്യസ്ത ലേഖനങ്ങൾ ഉൾപ്പെടുന്ന ഡോസിയറും തയ്യാറാക്കിയിട്ടുണ്ട്. അതിൽ കേരളത്തിലെ പ്രകൃതി ക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 2019ൽ ദ ന്യൂസ് മിനിറ്റ് പ്രസിദ്ധീകരിച്ച ലേഖനവുമുണ്ട്. കൃത്യമായ പരിസ്ഥിതി ആഘാത പഠനം നടത്താതെ ക്വാറികൾ അനുവദിക്കുന്നതുൾപ്പെടെയാണ് പ്രകൃതിക്ഷോഭങ്ങളുടെ കാരണczന്ന് ആ ഡോക്യുമെന്റിൽ എടുത്തുപറയുന്നു.

ക്വാറികളുടെ എണ്ണവും ഉരുൾപൊട്ടലുകളുടെ എണ്ണവും താരതമ്യം ചെയ്യുക, കൃത്യമായ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറികളുടെ എണ്ണം, ഖനനവുമായി ബന്ധപ്പെട്ട് നൽകിയ മാർഗനിർദേശങ്ങൾ കാറ്റിൽ പറത്തിയ കേരളം 2018ലെ പ്രളയത്തിനുശേഷം ക്വാറികളുടെ എണ്ണം വർധിപ്പിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വേണം ലേഖനം തയ്യാറാക്കാനെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം.

കേരളത്തിലെ ആവർത്തിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ സംബന്ധിച്ച് സർക്കാരിന്റെ കയ്യിൽ നിർണായകമായ വിവരങ്ങളുണ്ടെങ്കിൽ അത് പുറത്തുവിടണമെന്ന് പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് ഫോൺ കോൾ ലഭിച്ച ഒരു വ്യക്തി അഭിപ്രായപ്പെടുന്നതായി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു. ക്വാറികളാണ് കേരളത്തിലെ ഉരുൾപൊട്ടലുകൾക്കു കാരണമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതിനാൽ ശാസ്ത്രജ്ഞർ ഇത്തരത്തിൽ ലേഖനങ്ങളെഴുതാൻ സ്വാഭാവികമായി തയ്യാറാകില്ലെന്നാണ് ഫോൺ കോൾ ലഭിച്ച മറ്റൊരാൾ അഭിപ്രായപ്പെടുന്നത്.

വയനാട്ടിൽ പ്രത്യേക പാരിസ്ഥിതിക മേഖലകൾ തിരിക്കാൻ തയ്യാറാകാത്തതിൽ കേരള സർക്കാരിനെ വിമർശിക്കേണ്ടതുണ്ട്. എന്നാൽ രക്ഷാദൗത്യം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ന്യൂസ് മിനിറ്റ് റിപ്പോർട്ട് പറയുന്നു.

അതേസമയം, അപകട ലഘൂകരണ ഭൂപടം (റിസ്ക് റിഡക്ഷൻ മാപ്പ്) തയ്യാറാക്കുന്നതിൽ കേന്ദ്ര ഖനന മന്ത്രാലയം വരുത്തിയ വീഴ്ചയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ കേരള സർക്കാർ വിദഗ്ധർക്ക് നിർദേശം നൽകിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത്തരമൊരു ഭൂപടം കേന്ദ്ര ഖനന വകുപ്പ് പുറത്തിറക്കിയാൽ മാത്രമേ അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ആ പ്രദേശത്ത് നിയന്ത്രണം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ജില്ലാ കളക്ടർമാർക്ക് വിവേചനാധികാരമുണ്ടെങ്കിലും സ്ഥിരമായി നിയന്ത്രണം കൊണ്ടുവരാൻ സാധിക്കില്ല. ദേശീയ ദുരന്തനിവാരണ അതോറിറ്റി പറയുന്നതനുസരിച്ച് അപകട ലഘൂകരണ ഭൂപടം തയ്യാറാക്കാനുള്ള അധികാരം കേന്ദ്ര ഖനന വകുപ്പിനാണ്.

വിദഗ്ധരുടെ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ കേരളം അടുത്ത നീക്കം തീരുമാനിക്കുകയുള്ളൂ. കോടതികളെ സമീപിച്ച് കേന്ദ്രസർക്കാരിനു മുകളിൽ അപകട ലഘൂകരണ മാപ്പ് തയ്യാറാക്കാൻ സമ്മർദം ചെലുത്തുകയെന്നത് ഉൾപ്പെടെയുള്ള വഴികളാണ് കേരളം ആലോചിക്കുന്നതെന്നും ന്യൂസ് മിനിറ്റ് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സർക്കാർ ഓപ്പൺ ഡേറ്റ പോളിസി നടപ്പാക്കാത്തതിനെതിരെ പ്രതിഷേധവുമായി രംഗത്തുവരാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി പരിസ്ഥിതി ദുർബല പ്രദേശങ്ങൾ കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്നതരത്തിലുള്ള മാപ്പ് സർക്കാർ രക്ഷാപ്രവർത്തകർക്ക് നൽകിയിരുന്നതായും ആ മാപ്പിലുൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ എന്തുകൊണ്ടാണ് സർക്കാർ പുറത്തുവിട്ട് ഓപ്പൺ ഡേറ്റ പോളിസി നടപ്പാക്കാത്തതെന്നുമാണ് കോൺഗ്രസ് ചോദിക്കുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്