ആശങ്കയുടെ നിമിഷങ്ങള്‍, ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തിലേത്ത് അടുക്കുമ്പോള്‍ ശ്വാസമടക്കിപ്പിടിച്ച് രാജ്യം. പക്ഷേ, ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ നിശ്ചയിച്ചതിലും കണക്കുകൂട്ടിയതിലും കടുകിട പിഴച്ചില്ല. ആസൂത്രണം ചെയ്തതുപോലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനെ പ്രതീക്ഷിച്ച സമയത്ത് ചന്ദ്രനെ സ്പര്‍ശിച്ചപ്പോള്‍ ബെംഗളൂരുവിലെ മിഷന്‍ ഓപറേഷന്‍ കോംപ്ലക്സില്‍ ആദ്യം ആശ്വാസത്തിന്റെ പുഞ്ചിരി, പിന്നാലെ രാജ്യവും ലോകവും കേട്ട കയ്യടികളും... തുടർന്ന് റോവര്‍ പുറത്തുവന്ന് അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രന്റെ മണ്ണില്‍ അടയാളപ്പെടുത്തുന്നതിനുള്ള കാത്തിരിപ്പ്.
ചന്ദ്രയാൻ 3 ടീമിന്റെ കഠിന പരിശ്രമം കൊണ്ടുണ്ടായ വിജയം
''റോവർ അധികം വൈകാതെ പുറത്തുവരും. കുറച്ചു മണിക്കൂറുകൾ, ചിലപ്പോൾ ഒരു ദിവസം വരെ എടുത്തേക്കാം,'' ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് വിജയം പ്രഖ്യാപിച്ചുകൊണ്ട് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. വിജയത്തില്‍ തന്റെ ടീം അംഗങ്ങളെ ചേര്‍ത്തുപിടിച്ച് അദ്ദേഹം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
ഇത് ഐഎസ്‌ആർഒയുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ്. ചന്ദ്രയാൻ ഒന്നിനും രണ്ടിനും പിന്നിൽ പ്രവർത്തിച്ചവരെയും ഈ നിമിഷത്തിൽ പ്രവർത്തിച്ചവരെയും ഇപ്പോൾ ഓർക്കേണ്ടതാണ്. എല്ലാവരുടെയും പ്രയത്നത്തിന്റെ ഫലമാണിതെന്നും എസ് സോമനാഥ് പറഞ്ഞു. പ്രോജക്ട് ഡയറക്ടർ പി വീരമുത്തുവേൽ, അസോസിയേറ്റ് മിഷൻ ഡയറക്ടർ കൽപന, മിഷൻ ഡയറക്ടർ ശ്രീകാന്ത്, യുആർഎസ്‌സി ഡയറക്ടർ വി ശങ്കരൻ എന്നിവരും സന്തോഷം പങ്കുവച്ചു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രോജക്ട് ഡയറക്ടർ പി വീരമുത്തുവേൽ പറഞ്ഞു. പ്രൊജക്റ്റ് ഡയറക്ടർ എന്ന നിലയിൽ ഈ വിജയത്തിൽ അതീവ സന്തുഷ്ടനാണ്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അവസാന നിമിഷം വരെ പദ്ധതിക്ക് എല്ലാ വിധ പിന്തുണയും സ്നേഹവും നൽകിയ എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ 3 പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മിഷൻ ഡയറക്ടർ ശ്രീകാന്ത് പറഞ്ഞു. പദ്ധതി വിജയകരമായി നടപ്പാക്കാൻ സഹായിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഈ നിമിഷം പദ്ധതിയുടെ ഭാഗമായ എല്ലാവർക്കും ഏറെ അവിസ്മരണീയവും സന്തോഷകരവുമായ നിമിഷമാണെന്ന് അസോസിയേറ്റ് പ്രൊജക്റ്റ് ഡയറക്ടർ കൽപ്പന പറഞ്ഞു. നമ്മൾ നമ്മളുടെ ലക്ഷ്യം നേടിയിരിക്കുന്നു. ചന്ദ്രയാൻ 3 ടീമിന്റെ കഠിന പരിശ്രമം കൊണ്ടുണ്ടായ വിജയമാണിതെന്നും കൽപ്പന പറഞ്ഞു.
നാല് വർഷമായി ചന്ദ്രയാൻ 3 യുടെ ഭാഗമായ മുഴുവൻ ടീമും ജീവിച്ചത് പദ്ധതിക്കൊപ്പമാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി പറഞ്ഞതുപോലെ ഈ വിജയം ഞങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വം നൽകുകയാണ്. ഈ വലിയ വിജയത്തിൽ കുറഞ്ഞതൊന്നും ഇനി ഞങ്ങളെ പ്രചോദിപ്പിക്കില്ല. ശുക്രനെ വലയം ചെയ്യാനും ചൊവ്വയിൽ പര്യവേക്ഷണങ്ങൾ നടത്താനുമുള്ള കൂടുതൽ പദ്ധതികൾ ഐഎസ്ആർഒയിൽ നടക്കുകയാണ്. ഈ വിജയം വരാനിരിക്കുന്ന പദ്ധതികളിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രചോദിപ്പിക്കും. അതുവഴി ഓരോ ഇന്ത്യക്കാരനേയും കൂടുതൽ കൂടുതൽ പ്രൗഢിയിൽ എത്തിക്കും. കൂടെനിന്ന് സഹായിച്ച എല്ലാവർക്കും വലിയ നന്ദി, യുആർഎസ്‌സി ഡയറക്ടർ വി ശങ്കരൻ പറഞ്ഞു.