സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണേശ പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഒടുവില്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഡി വൈ ചന്ദ്രചൂഡ്. നവംബര്‍ 10 ന് വിരമിക്കാനിരിക്കവേയാണ് പൂജ ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തതില്‍ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് രംഗത്തെത്തിയത്. 'ഭരണഘടനാ കോടതികളിലെ ജഡ്ജിമാര്‍ക്കും എക്‌സിക്യൂട്ടീവിന്റെ തലവന്‍മാര്‍ക്കും മതിയായ പക്വതയുണ്ട്, ജുഡീഷ്യല്‍ കാര്യങ്ങളെ ചര്‍ച്ചയുടെയും പരിധിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുമെന്ന് പ്രഭാഷണ പരമ്പരയില്‍ സംസാരിക്കവെ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
ജനാധിപത്യ ഭരണസംവിധാനത്തില്‍ എന്താണ് കര്‍ത്തവ്യങ്ങള്‍ എന്ന് ഞങ്ങള്‍ക്ക് വ്യക്തമായറിയാം. രാഷ്ട്രീയനേതൃത്വത്തിനും ഭരണത്തലവന്‍മാര്‍ക്കും അവരുടേതും അറിയാം. ചീഫ് ജസ്റ്റിസിനോ ജസ്റ്റിസുമാര്‍ക്കോ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു ഭീഷണിയെയും വിദൂരമായി പോലും ക്ഷണിച്ചു വരുത്താന്‍ സാധിക്കില്ലെന്നും ചന്ദ്രചൂഡ്. എന്നാല്‍, രാജ്യത്തെ അല്ലെങ്കില്‍ ഒരു സംസ്ഥാനത്തെ ഭരണത്തലവന്‍മാരുമായി ജസ്റ്റിസുമാരുടെ കൂടിക്കാഴ്ച പതിവാണെന്നും അത് ജുഡീഷ്യറി തീരുമാനങ്ങളേക്കാള്‍ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്നും ചന്ദ്രചൂഡ്.
വിവിധ സംസ്ഥാനങ്ങളില്‍ ചീഫ് ജസ്റ്റിസുമാര്‍ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത് പതിവാണ്. ഒരിക്കലും ഒരു ജുഡീഷ്യല്‍ ചര്‍ച്ചയ്ക്കായി കണ്ടുമുട്ടില്ല. പുതിയ കോടതി കെട്ടിടങ്ങളും ജഡ്ജിമാര്‍ക്കുള്ള താമസസൗകര്യവും ഉള്‍പ്പെടെയുള്ള ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അഭിസംബോധന ചെയ്യേണ്ടതിനാല്‍ ഇത്തരം കൂടിക്കാഴ്ചകള്‍ പ്രാധാന്യമുള്ളതാണെന്നും ഡി വൈ ചന്ദ്രചൂഡ്. ജഡ്ജിമാര്‍ പലപ്പോഴും രാഷ്ട്രീയ നേതാക്കളെ സാമൂഹിക സമ്മേളനങ്ങളില്‍ കാണാറുണ്ടെന്നും എന്നാല്‍ ആ സന്ദര്‍ഭങ്ങളില്‍ ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതില്‍ ആശങ്കയും വിമര്‍ശനവും പ്രകടമാക്കി അഭിഭാഷക സമൂഹവും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. ജൂഡീഷ്യറിയുടെ സുതാര്യതെയെ ചോദ്യം ചെയ്യുന്ന സംഭവമെന്നാണ് പ്രധാന വിമര്‍ശനം. ചീഫ് ജസ്റ്റിസിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന ചടങ്ങിലേക്കു പരമ്പരാഗത മഹാരാഷ്ട്ര തൊപ്പി ധരിച്ചാണു പ്രധാനമന്ത്രിയെത്തിയത്.
മോദിയെ സ്വന്തം വസതിയില്‍ സ്വകാര്യ ചടങ്ങിന് ചീഫ് ജസ്റ്റിസ് ക്ഷണിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. പ്രതിപക്ഷനേതാക്കളും മുതിര്‍ന്ന അഭിഭാഷകരും കൂടിക്കാഴ്ചയെ വിമര്‍ശിച്ചിരുന്നെങ്കിലും അപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും ചീഫ് ജസ്റ്റിസില്‍ നിന്നുണ്ടായില്ല.