INDIA

കോവിഡ് വിവരച്ചോർച്ച: തിരിച്ചുവരുമെന്ന് പ്രവർത്തനം നിർത്തിയ ടെലഗ്രാം ബോട്ട്

ടെലഗ്രാം ഗ്രൂപ്പിൽ നിരവധി ആളുകളാണ് ഫോൺ നമ്പറോ ആധാർ നമ്പറോ നൽകിയാൽ തങ്ങളുടെ വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം പുനരാരംഭിക്കാൻ ആവശ്യപ്പെടുന്നത്

മുഹമ്മദ് റിസ്‌വാൻ

കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തിയ ടെല​ഗ്രാം ബോട്ടിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന് ഹാക്കർമാർ. ബോട്ടിന്റെ പ്രവർത്തനം പുനരാരംഭിക്കുമോയെന്ന ചോദ്യത്തിനായിരുന്നു അഡ്മിന്റെ മറുപടി.

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങളാണ് കൂട്ടത്തോടെ പുറത്തായിരിക്കുന്നത്. വാക്സിനായി രജിസ്റ്റർ ചെയ്യാൻ നൽകിയ വിവരങ്ങൾ ഫോൺ നമ്പറോ ആധാർ നമ്പറോ നൽകിയാൽ ടെല​ഗ്രാം ബോട്ട് വഴി വെളിപ്പെടുകയായിരുന്നു.

'ദ ഫോർത്ത്' കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്ന വാർത്തയ്ക്ക് പിന്നാലെയാണ് ബോട്ട് അവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്. നിലവില്‍ ഫോണ്‍ നമ്പര്‍ അടിച്ചു കൊടുക്കുമ്പോള്‍ 'ആധാറും നമ്പര്‍ സെര്‍ച്ചും ഇപ്പോള്‍ ലഭ്യമല്ല' എന്ന സന്ദേശമാണ് ബോട്ടില്‍ നിന്ന് ലഭിക്കുന്നത്. 'ഞങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്' എന്ന കുറിപ്പും ദ ഫോര്‍ത്ത് പുറത്തുവിട്ട വാര്‍ത്തയുടെ ലിങ്കും ചേര്‍ത്താണ് മറുപടി സന്ദേശം ലഭിക്കുക. ഇതിനുപിന്നാലെ, സംവിധാനം പുനരാരംഭിക്കാൻ നിരവധി ആളുകളാണ് ഗ്രൂപ്പിൽ ആവശ്യപ്പെടുന്നത്.

കോടിക്കണക്കിന് ഇന്ത്യക്കാരുടെ വാക്‌സിനേഷൻ വിവരങ്ങളാണ് പ്രസ്തുത ബോട്ട് വഴി ലഭിച്ചിരുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഈ ബോട്ടിന് പിന്നിലുള്ള ഹാക്കിങ് സംഘത്തിന്റെ പ്രവർത്തനം. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ഇവർ സജീവമാണ്. പണം നൽകിയാൽ ഏതുതരം വിവരവും ഹാക്ക് ചെയ്ത് നൽകുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.

കഴിഞ്ഞ മാർച്ചിൽ പട്ന റെയിൽവേ സ്റ്റേഷനിലെ ടിവിയുടെ സർവർ ഹാക്ക് ചെയ്ത് അശ്‌ളീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതിന് പിന്നിലും ഇവരാണെന്നാണ് സംഘം പറയുന്നത്. ഇതിന്റെ വീഡിയോയും ഇവർ ടെലഗ്രാമിൽ ഇട്ടിട്ടുണ്ട്. ഇത്തരത്തിൽ ഹാക്ക് ചെയ്യുന്ന പല ദൃശ്യങ്ങളും ഈ സംഘം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുണ്ട്.

പട്ന റെയിൽവേ സ്റ്റേഷനിലെ ടിവിയുടെ സർവർ ഹാക്ക് ചെയ്ത് അശ്‌ളീല ദൃശ്യങ്ങൾ ടെലഗ്രാമില്‍

അതിനിടെ, കോവിൻ ആപ്പിലൂടെ രജിസ്റ്റർ ചെയ്ത വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന വാർത്ത നിലവിൽ ദേശീയ തലത്തിൽ വലിയ ചർച്ചയാകുകയാണ്. പ്രതിപക്ഷ കക്ഷികളായ തൃണമൂൽ കോൺഗ്രസും എൻസിപിയുമെല്ലാം ദ ഫോർത്തിന്റെ വാർത്ത ഏറ്റെടുത്തു. വിവരങ്ങൾ ചോർന്നതിന് കേന്ദ്ര സർക്കാർ ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ട് എൻസിപി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ ആവശ്യപ്പെട്ടു.

കോവിൻ ആപ്പിലൂടെ രജിസ്റ്റർ ചെയ്ത വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന വിവരം ഇന്നലെയാണ് ദ ഫോർത്ത് പുറത്തുവിട്ടത്. ചാറ്റ് ബോട്ടിൽ ഒരാളുടെ മൊബൈൽ നമ്പറോ ആധാർ കാർഡ് നമ്പറോ അയച്ച് നൽകിയാൽ അവരുടെ പേര്, ഫോൺനമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ, ജനന തീയതി, വാക്സിൻ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവ മറുപടിയായി ലഭിക്കുന്നു. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട രേഖകളാണ് ഇങ്ങനെ ലഭ്യമാകുന്നത്. ഏത് വാക്സിനാണ് സ്വീകരിച്ചത്, ഏത് കേന്ദ്രങ്ങളിൽ വച്ച് സ്വീകരിച്ചു എന്നിവയും അറിയാൻ സാധിക്കും.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം