INDIA

ഒഡിഷ ട്രെയിനപകടം: സിഗ്നൽ പിഴവുകൾ സംബന്ധിച്ച മുന്നറിയിപ്പുകൾ പലതവണ അവഗണിച്ചതായി കണ്ടെത്തൽ

വെബ് ഡെസ്ക്

സിഗ്നലിങ് ജീവനക്കാരുടെ പ്രവർത്തനത്തിലെ അലംബാവം അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുവെന്ന മുന്നറിയിപ്പ് , ഒഡിഷ ട്രെയിൻ അപകടത്തിന് ആഴ്ചകൾ മുൻപ് തന്നെ റെയിൽവേ ബോർഡ് നൽകിയിരുന്നതായി രേഖകൾ. ഇത്തരത്തിലുള്ള സുരക്ഷാവീഴ്ചകൾ ചൂണ്ടിക്കാട്ടി റെയിൽവേ ബോർഡ് അംഗം (ഇൻഫ്രാസ്ട്രക്ചർ) ആർ എൻ ശങ്കർ ഏപ്രിലിലാണ് സോണുകൾക്ക് കത്തയച്ചത്. ജീവനക്കാർ കുറുക്കുവഴി തേടുന്നതിനാൽ സിഗ്നൽ സംവിധാനത്തിൽ പലപ്പോഴായി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും ഇത് സുരക്ഷ വീഴ്ചയ്ക്ക് വഴിവയ്ക്കുന്നുണ്ടെന്നുമായിരുന്നു മുന്നറിയിപ്പ്.

289 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിൻ അപകടത്തിന് കാരണം സിഗ്നലിങ് സംവിധാനത്തിലെ പിഴവാണെന്നാണ് റെയിൽവെയുടെ പ്രാഥമിക നിഗമനം. മെയിൽ ട്രാക്കിലേക്ക് പോകാൻ സിഗ്നൽ ലഭിച്ച കോറമാണ്ഡൽ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലേക്ക് പോയത് സിഗ്നലിങ് സംവിധാനത്തിലെ പിഴവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇത് സാങ്കേതിക പിഴവാണോ ജീവനക്കാർക്ക് സംഭവിച്ച വീഴ്ചയാണോ എന്നതിൽ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് റെയിൽവെ ബോർഡംഗത്തിന്റെ കത്തിന്റെ വിശദാംശങ്ങൾ പുറത്തു വരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന കത്ത് മാസംതോറും നടത്തുന്ന സുരക്ഷ പരിശോധനയുടെ ഭാഗം മാത്രമെന്നാണ് റെയിൽവെയുടെ വിശദീകരണം.

സിഗ്നലിങ് ജീവക്കാർ എളുപ്പ വഴികൾ സ്വീകരിച്ച് സുരക്ഷിതമല്ലാത്ത രീതിയിൽ പ്രവർത്തിച്ചതിനാൽ ക്രോസിങ്ങുകളിലും സിഗ്നൽ പോയിന്റുകളിലും ഉണ്ടായ സുരക്ഷാ വീഴ്ചയെ കുറിച്ചാണ് കത്തിൽ പരാമർശിക്കുന്നത്. അറ്റകുറ്റപ്പണിക്ക് ശേഷം പോയിന്റുകളുടെ ശരിയായി പരിശോധിക്കാതെ സിഗ്നലിങ് ഗിയർ പുനഃസ്ഥാപിക്കുക, തെറ്റായ രീതിയിൽ വയർ ഘടിപ്പിക്കുക എന്നീ കാര്യങ്ങളാണ് കത്തിൽ എടുത്തു പറയുന്നത്. കോറോമാണ്ടൽ എക്‌സ്പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ്, നിർത്തിയിട്ട ഗുഡ്‌സ് ട്രെയിൻ എന്നിവ ഉൾപ്പെട്ട ഒഡിഷയിലെ ട്രെയിൻ അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതും സമാനമായ വീഴ്ചയാണ്.

'ജീവനക്കാർ എളുപ്പ വഴി സ്വീകരിക്കൽ' എന്ന തലക്കെട്ടിൽ അയച്ച കത്തിൽ, സിഗ്നൽ ജീവനക്കാർ സ്ഥലത്ത് നേരിട്ട് എത്തി പരിശോധിക്കാതെയും ഓപ്പറേറ്റിങ് ജീവനക്കാരുമായി ഡിസ്കണക്ഷൻ\റീകണക്ഷൻ എന്നിവ സംബന്ധിച്ച അറിയിപ്പുകൾ ശരിയായി കൈമാറ്റം ചെയ്യാതെയും സിഗ്നലുകൾ ക്ലിയർ ചെയ്യുന്നു എന്ന് സൂചിപ്പിക്കുന്നു. കത്തിൽ പരാമർശിച്ച അഞ്ച് സംഭവങ്ങൾ നടന്നത് ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയാണ്. ലഖ്‌നൗ, കർണാടകയിലെ ഹൊസദുർഗ, ലുധിയാന, മുംബൈയിലെ ഖാർകോപർ, മധ്യപ്രദേശിലെ ബഗ്രതാവ് എന്നിവിടങ്ങളിലായിരുന്നു ഇവ. എല്ലാ സംഭവങ്ങളിലും സിഗ്നലിങ് കേബിളുകൾ മുറിച്ച് മാറ്റി തിരിച്ച് ബന്ധിപ്പിക്കും മുൻപ് ശരിയായി പരിശോധിച്ചിരുന്നില്ല. പോയിന്റുകൾ ലൂപ്പ് ലൈനിലേക്ക് പോകാനാണ് ഘടിപ്പിച്ചതെങ്കിലും സിഗ്നൽ പോയത് മെയിൻ ലൈനിലേക്കായിരുന്നു. അറ്റകുറ്റപ്പണികൾക്ക് ശേഷം കൃത്യമായ പരിശോധന നടത്താത്തതിനാൽ ചരക്ക് ട്രെയിൻ പാളം മാറി സഞ്ചരിക്കുന്ന സാഹചര്യവും ഉണ്ടായി.

"ഈ രീതികൾ പ്രവർത്തന വ്യവസ്ഥയിൽ വെള്ളം ചേർക്കലാണ്. ട്രെയിൻ ഗതാഗത സുരക്ഷയ്ക്ക് വീഴ്ച വരുത്തുന്നത് ഇത്തരം വീഴ്ചകളാണ്. ഈ പ്രവണതകൾ അവസാനിപ്പിക്കണം." എല്ലാ സോണൽ റെയിൽവേ ജനറൽ മാനേജർമാരെയും അഭിസംബോധന ചെയ്തെഴുതിയ കത്തിൽ ശങ്കർ വ്യക്തമാക്കി. ഒന്നര മാസം മുൻപ് ഇത്ര കൃത്യമായ മുന്നറിയിപ്പ് ലഭ്യമാക്കിയുട്ടും ഇടപെടൽ ഉണ്ടാകാത്തതാണ് ഒഡിഷയിലെ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഒഡിഷ ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. റെയിൽ സുരക്ഷാ കമ്മീഷണറും അന്വേഷണം നടത്തുന്നുണ്ട്. അപകടം നടന്ന സ്റ്റേഷനിലെ ലെവൽ ക്രോസിലെ ലൊക്കേഷൻ ബോക്സിൽ ഗേറ്റ്, റിലേ, പോയിന്റ് മോട്ടോര്‍ എന്നിവയുമായി ബന്ധപ്പെട്ട കേബിളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഓരോന്നിന്റെയും ലേബലുകൾ ഇടകലർന്ന നിലയിലായിരുന്നു. ഇക്കാര്യം ജീവനക്കാർ റെയിൽ സുരക്ഷ കമ്മീഷണറെ അറിയിച്ചിട്ടുണ്ട്.

രണ്ട് വ്യത്യസ്‌ത ട്രാക്കുകൾ ഉള്ളപ്പോൾ ട്രെയിനിനെ അതിന്റെ നിശ്ചയിച്ച ട്രാക്കിലേക്ക് നയിക്കുന്ന പാളത്തിന്റെ ചലിക്കുന്ന ഭാഗമാണ് പോയിന്റ് മോട്ടോർ. പോയിന്റ് മോട്ടോർ, സിഗ്നലിങ് ലൈറ്റ്‌സ്, ട്രാക്ക്- ഒക്യുപെൻസി ഡിറ്റക്ടർ എന്നിവയിലേക്ക് ബന്ധിപ്പിക്കുന്ന ജങ്ഷൻ ലൊക്കേഷൻ ബോക്സിലാണ് ഘടിപ്പിക്കുക. ഇവയുടെ ഒത്തുചേർന്ന പ്രവർത്തനമാണ് റെയിൽവെ 'ഇന്റർലോക്കിങ്' കാര്യക്ഷമമാക്കുന്നത്. ഇതിൽ ഉണ്ടാകുന്ന വീഴ്ച ഗുരുതര അപകടങ്ങൾക്ക് വഴിവയ്ക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും