പശ്ചിമബംഗാളിലെ സിംഗൂരിലെ നാനോ കാര്‍ ഫാക്ടറി നിര്‍മാണ കമ്പനി പൂട്ടിയ കേസില്‍ ടാറ്റ കമ്പനിക്ക് അനുകൂല വിധി. ഫാക്ടറി പൂട്ടേണ്ടിവന്നതിന് ടാറ്റയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 765.78 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിട്രല്‍ ട്രിബ്യൂണല്‍ വിധിച്ചു. 2016 സെപ്റ്റംബര്‍ മുതല്‍ 11 ശതമാനം പിഴപ്പലിശയും നിയമനടപടികള്‍ക്കുള്ള ചെലവായി ഒരുകോടി രൂപയും നല്‍കണമെന്നും മൂന്നംഗ ട്രിബ്യൂണല്‍ ഉത്തരവിട്ടു.
മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിപക്ഷ നേതാവായിരുന്ന 2008ലാണ് പ്രതിഷേധത്തെത്തുടര്‍ന്ന് സിംഗൂരില്‍ നിന്നും ഗുജറാത്തിലെ സനന്ദിലേക്ക് ഫാക്ടറി മാറ്റിയത്. മമത അടക്കമുള്ളവരുടെ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു ഇത്. ഈ കേസാണ് ഇപ്പോള്‍ മമത സര്‍ക്കാരിന് തിരിച്ചടിയായിരിക്കുന്നത്. എന്നാല്‍ വിധിക്കെതിരെ എല്ലാ നിയമപരമായ സാധ്യതകളും സ്വീകരിക്കുമെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
2006ലാണ് അന്നത്തെ സിപിഎം മുഖ്യമന്ത്രി ബുദ്ധാദേബ് ഭട്ടചാര്യയും രത്തന്‍ ടാറ്റയും ചേര്‍ന്ന് സിംഗൂര്‍ നാനോ കാർ നിർമാണ ഫാക്ടറി പ്രഖ്യാപിച്ചത്. ആ വര്‍ഷം ഭൂമി ഏറ്റെടുക്കലും ആരംഭിച്ചു. ഏകദേശം 1000 ഏക്കര്‍ കൃഷി ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വലിയ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നു.
2008ല്‍ ഏറ്റെടുത്ത 997 ഏക്കര്‍ ഭൂമിയില്‍നിന്ന് ഭൂമി തരാന്‍ തയ്യാറല്ലാത്ത ഭൂവുടുമകളുടെ 400 ഏക്കര്‍ തിരികെ നല്‍കാൻ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും കര്‍ഷകരുടെയും പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ച് ഗുജറാത്തിലെ സനന്ദിലേക്ക് കമ്പനി മാറ്റുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും ടാറ്റ 1000 കോടിയിലധികം രൂപ സിംഗൂരില്‍ നിക്ഷേപിച്ചിരുന്നു.
34 വര്‍ഷം സംസ്ഥാനം ഭരിച്ച സിപിഎമ്മിന് സിംഗൂര്‍, നന്ദിഗ്രാം സംഭവങ്ങളെത്തുടർന്ന് 2011ൽ ഭരണംനഷ്ടപ്പെടുകയും പിന്നീട് ഒരിക്കലും അധികാരത്തിൽ തിരിച്ചുവരാൻ സാധിക്കാതാവുകയും ചെയ്തു. അധികാരത്തിലെത്തിയ അതേവർഷം മമത ബാനർജി, ടാറ്റയ്ക്ക് ഇടത് സര്‍ക്കാര്‍ നല്‍കിയ ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി സിംഗൂര്‍ ഭൂ പുനരധിവാസ വികസന നിയമം പാസാക്കി. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് ഭൂമി ഭാഗികമായി തിരിച്ച് നല്‍കാനും സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍ ഈ നിയമത്തെ ചോദ്യം ചെയ്ത് ടാറ്റ മോട്ടോഴ്സ് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല.
തുടര്‍ന്ന് ടാറ്റ സുപ്രീം കോടതിയെ സമീപിച്ചു. നിയമ വിരുദ്ധമായാണ് ഭൂമി ഏറ്റെടുത്തതെന്ന് വര്‍ഷങ്ങള്‍ നീണ്ട നിയമ നടപടിക്കൊടുവില്‍ 2016 ല്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. തുടര്‍ന്ന് സര്‍ക്കാരുമായുണ്ടാക്കിയ പാട്ടക്കരാറിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി ടാറ്റ മോട്ടോഴ്സ് ആര്‍ബിട്രല്‍ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.