പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസും സംസ്ഥാന ബിജെപിയും തമ്മിലുള്ള പോര് മുറുകുന്നു. മമതാ ബാനര്‍ജി സര്‍ക്കാരിനെ ഗവര്‍ണര്‍ പരിധി വിട്ട് സഹായിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സി വി ആനന്ദബോസിനെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.
തൃണമൂല്‍ സര്‍ക്കാരുമായി ഗവര്‍ണര്‍ വെച്ചുപുലര്‍ത്തുന്ന അടുപ്പമാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പല പരിപാടികളിലും അതിഥിയായി എത്തുകയും സര്‍ക്കാരുമായി സൗഹാര്‍ദപരമായ ബന്ധത്തിലെത്തുകയും ചെയ്തെന്നാണ് പരാതി. മമതാ സര്‍ക്കാരിനെ പരിധി വിട്ട് സഹായിക്കുന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്കെതിരെ ഉന്നയിക്കുന്നത്.
റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍ നടന്ന പരിപാടി മുഖ്യമന്ത്രിയെ ക്ഷണിച്ചതിന്റെ പേരില്‍ ബിജെപി ബഹിഷ്കരിച്ചിരുന്നു. മമത പരിപാടിയില്‍ പങ്കെടുത്തത് ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിയുടെ 'സെറോക്‌സ് മെഷീന്‍' എന്നാണ് കഴിഞ്ഞ ദിവസം ബിജെപി നേതാവ് സ്വപന്‍ദാസ് ഗുപ്ത ഗവര്‍ണറെ വിശേഷിപ്പിച്ചത്. ചടങ്ങില്‍ തനിക്ക് ബംഗാള്‍ ഭാഷ പഠിക്കണമെന്ന ആഗ്രഹം ആനന്ദബോസ് അറിയിക്കുകയും മമതാ ബാനര്‍ജി അതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയും സംസ്ഥാന നേതൃത്വത്തില്‍ അതൃപ്തി ഉയര്‍ന്നു.
2022 നവംബറിലാണ് ബംഗാള്‍ ഗവര്‍ണറായി മലയാളിയും മുന്‍ സിവില്‍ സര്‍വീസ് ഓഫീസറുമായ സി വി ആനന്ദബോസ് ചുമതലയേറ്റെടുത്തത്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള സൗഹാര്‍ദപരമായ നിലപാടാണ് ബിജെപി സംസ്ഥാന ഘടകത്തെ അസ്വസ്ഥമാക്കുന്നത്. മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ കൈക്കൊണ്ട പല നടപടികളും ബിജെപി സംസ്ഥാനത്ത് രാഷട്രീയ ആയുധമാക്കി ഉപയോഗിച്ചിരുന്നു.