INDIA

ഷാജഹാന്‍ ഷെയ്ഖിനെ സിബിഐയ്ക്ക് വിട്ടുനല്‍കാതെ ബംഗാള്‍ പോലീസ്; സിഐഡി ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍

മൂന്നംഗ സിബിഐ സംഘമാണ് സിആര്‍പിഎഫ് സേനയുടെ അകമ്പടിയോടെ സിഐഡി ആസ്ഥാനത്ത് എത്തിയത്

വെബ് ഡെസ്ക്

സന്ദേശ്ഖാലി കേസിലെ പ്രതി ഷാജഹാന്‍ ഷെയ്ഖിനെ സിബിഐയ്ക്ക് കൈമാറാന്‍ വിസമ്മതിച്ച് ബംഗാള്‍ പോലീസ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഷെയ്ഖിനെ കസ്റ്റഡിയില്‍ എടുക്കാനായി സിബിഐ സംഘം എത്തിയത്. എന്നാല്‍, ഷാജഹാന്‍ ഷെയ്ഖിനെ കൈമാറാന്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന ബംഗാള്‍ പോലീസിന്റെ സ്‌പെഷ്യല്‍ സിഐഡി സംഘം വിസമ്മതിക്കുകയായിരുന്നു. മൂന്നംഗ സിബിഐ സംഘമാണ് സിആര്‍പിഎഫ് സേനയുടെ അകമ്പടിയോടെ സിഐഡി ആസ്ഥാനത്ത് എത്തിയത്.

അതേസമയം, ഷാജഹാന്‍ ഷെയ്ഖിന്റെ 12.78 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന് കീഴിലാണ് നടപടി. സന്ദേശ്ഖാലിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് സിബിഐക്ക് കൈമാറാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒപ്പം, സന്ദേശ്ഖലി പീഡനക്കേസ് പ്രതിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ സിബിഐ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍, ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് പോലീസ് ഷാജഹാന്‍ ഷെയ്ഖിനെ വിട്ടുനല്‍കാന്‍ വിസമ്മതിച്ചത്.

ഷാജഹാന്‍ ഷെയ്ഖിന്റെ വീട് റെയ്ഡ് ചെയ്യാനെത്തിയ ഇഡി ഉദ്യോഗസ്ഥരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനത്തിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. നാസത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലും ബന്‍ഗാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലുമാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

നേരത്തെ, സന്ദേശ്ഖാലി സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഈ അന്വേഷണ സംഘത്തെ പിരിച്ചു വിട്ട് സിബിഐയെ ഏല്‍പ്പിക്കാനാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ, മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി സുപ്രീംകോടതിയില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ചില്‍ അവതരിപ്പിക്കുകയായിരുന്നു.

ഫെബ്രുവരി ആദ്യവാരത്തിലാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിക്കുന്നത്. ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവുമാണ് പ്രധാന ആരോപണങ്ങള്‍. 55 ദിവസത്തിന് ശേഷമാണ് ഒളിവിലായിരുന്ന ഷാജഹാന്‍ ഷെയ്ഖിനെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബിജെപി നേതാക്കള്‍ ബംഗാള്‍ സര്‍ക്കാരിന് എതിരെ രംഗത്തുവന്നിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ