സംസ്ഥാനത്ത് ദീപാവലി ദിവസം ഹരിത പടക്കങ്ങള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് ആഭ്യന്തരവകുപ്പിനോട് ശുപാര്‍ശ ചെയ്തിരിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഈ സാഹചര്യത്തില്‍ ഉയര്‍ന്നു വരുന്ന പ്രധാന ചോദ്യം എന്താണ് പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ അഥവാ ഗ്രീന്‍ ക്രാക്കേഴ്‌സ് എന്നതാണ്. രാജ്യത്ത് പലയിടങ്ങളിലും വായു മലിനീകരണം കടുത്ത വെല്ലുവിളിയായതോടെയാണ് പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ചിലയിടത്ത് പടക്കങ്ങള്‍ പൂര്‍ണമായും നിരോധിച്ചപ്പോള്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ ഉപയോഗിക്കാമെന്നാണ് നിര്‍ദേശം.
എന്താണ് പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ അഥവാ ഗ്രീന്‍ ക്രാക്കേഴ്‌സ് ?
സാധാരണ പടക്കങ്ങളേക്കാള്‍ 30% വായു മലിനീകരണ തോത് കുറഞ്ഞവയാണ് പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍. സാധാരണ പടക്കങ്ങളിലടങ്ങിയിരിക്കുന്ന ബേറിയം നൈട്രേറ്റ് പോലെയുള്ള അപകടകരമായ രാസപദാര്‍ഥങ്ങള്‍ ഇവയിലില്ല എന്നതാണ് പ്രധാന സവിശേഷത. ജലാംശം പുറത്ത് വിടുകയും അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ ആഗിരണം ചെയ്യുകയും ചെയ്യുന്നതിനാലും, പൊട്ടുമ്പോഴുള്ള ശബ്ദം കുറവായതിനാലും വായു മനിലീകരണത്തിനൊപ്പം ശബ്ദമലിനീകരണവും നിയന്ത്രിക്കാന്‍ ഈ പടക്കങ്ങളിലൂടെ സാധിക്കും. സിഎസ്‌ഐആറിന്റെ നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് പ്രൊഡക്ഷന്‍ വികസിപ്പിച്ച ഈ പടക്കത്തിന് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ അംഗീകാരവുമുണ്ട്. ആന്റിമണി, ലിഥിയം ,മെര്‍ക്കുറി, ആഴ്‌സനിക് എന്നിങ്ങനെയുള്ള ലോഹങ്ങളും ഇവയിലില്ല. പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ പുറത്ത് വിടുന്ന മലിന വസ്തുക്കളുടെ അളവും വളരെ കുറവാണ്.
എങ്ങനെ തിരിച്ചറിയാം?
ഇന്ത്യയില്‍ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് (സിഎസ്‌ഐആര്‍) ആണ് പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ നിര്‍മിക്കുന്നത്. സ്വാസ്, സഫല്‍, സ്റ്റാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഇവ നിര്‍മിക്കപ്പെടുന്നത്. പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ തെരുവില്‍ നിന്ന് വാങ്ങരുതെന്നും ലൈസന്‍സുള്ള കച്ചവടക്കാരില്‍ നിന്ന് മാത്രമേ വാങ്ങിക്കാവൂ എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സിഎസ്‌ഐആറിന്റെ ലോഗോ ഉള്ളവയാണോ എന്ന് വാങ്ങുമ്പോള്‍ പരിശോധിക്കേണ്ടതും പ്രധാനമാണ്.
സ്വാസ് അഥവാ സേഫ് വാട്ടര്‍ റിലീസര്‍ വിഭാഗത്തില്‍ പെടുന്ന പടക്കങ്ങളില്‍ വെള്ളത്തുള്ളികള്‍ സംഭരിക്കുകയും അവ പൊട്ടുമ്പോള്‍ നീരാവിയായി അന്തരീക്ഷത്തിലേക്ക് പുറത്ത് വിടുകയും ചെയ്യും. ഇതിലൂടെ അന്തരീക്ഷത്തിലെ പൊടി പടലങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. പൊട്ടാസ്യം നൈട്രേറ്റ് പോലെയുള്ള ഹാനികരമായ വസ്തുക്കള്‍ ഇതില്‍ ഉപയോഗിക്കുന്നില്ല. സ്റ്റാര്‍ വിഭാഗത്തില്‍ പെടുന്ന പടക്കങ്ങളില്‍ സള്‍ഫർ, പൊട്ടാസ്യം നൈട്രേറ്റ് എന്നിവ അടങ്ങിയിട്ടില്ലെന്നതു കൊണ്ട് സുരക്ഷിതമാണ്. സഫല്‍ അഥവാ സെയ്ഫ് മിനിമല്‍ അലൂമിനിയം വിഭാഗത്തിലെ പടക്കങ്ങളില്‍ അലൂമിനിയം വളരെ കുറഞ്ഞ അളവിലാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ ശബ്ദമലിനീകരണം കുറയ്ക്കാന്‍ കഴിയുന്നു.
സാധാരണ പടക്കങ്ങള്‍ പുറത്ത് വിടുന്ന ഹാനികരമായ ലോഹങ്ങള്‍ ഏതൊക്കെ ?
മനുഷ്യ ശരീരത്തിന് ഹാനികരമായ പല ലോഹങ്ങളും സാധാരണ ഉപയോഗിക്കുന്ന പടക്കങ്ങളില്‍ അടങ്ങിയിട്ടുണ്ട്. പടക്കങ്ങള്‍ പൊട്ടുമ്പോള്‍ ഉണ്ടാകുന്ന വെള്ളനിറത്തിന് കാരണമാകുന്ന അലൂമിനിയം, മഗ്നീഷ്യം, ടൈറ്റാനിയം എന്നിവയും ഓറഞ്ച് നിറത്തിന് കാരണമാകുന്ന കാര്‍ബണും ഇരുമ്പും ശരീരത്തിന് ഹാനികരമാണ്. മഞ്ഞ നിറത്തിന് കാരണം സോഡിയത്തിന്റെ ചില പദാര്‍ഥങ്ങളും നീല, ചുവപ്പ് നിറങ്ങള്‍ക്ക് കാരണം ചെമ്പുമാണ്.
പാര്‍ശ്വഫലങ്ങളെന്തൊക്കെ ?
പടക്കങ്ങളിലടങ്ങിയിരിക്കുന്ന ഈയം നാഡീവ്യൂഹത്തിനേയും ചെമ്പ്, ശ്വാസകോശത്തെയും സാരമായി ബാധിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സോഡിയം തൊലിപ്പുറത്തെ രോഗങ്ങള്‍ക്ക് കാരണമാവുകയും മഗ്നീഷ്യം 'മെറ്റല്‍ ഫ്യൂം ഫിവര്‍' എന്ന രോഗത്തിനും കാരണമാകുന്നു. കാഡ്മിയം അനീമിയയ്ക്ക് കാരണമാവുകയും വൃക്കയെ സാരമായി ബാധിക്കുകയും ചെയ്യുന്നു. നൈട്രേറ്റ് മാനസികാസ്വാസ്ഥ്യം സൃഷ്ടിക്കുകയും കണ്ണിനെയും ത്വക്കിനെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കുട്ടികളെയും ഗര്‍ഭിണികളായ സ്ത്രീകളെയും പ്രായമായവരെയുമൊക്കെ ഈ ദോഷഫലങ്ങള്‍ പെട്ടെന്ന് ബാധിക്കാന്‍ സാധ്യതയുണ്ട്.
ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?
പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. നീളമുള്ള മെഴുകുതിരിയോ മറ്റോ ഉപയോഗിച്ച് മാത്രം കത്തിക്കാന്‍ ശ്രദ്ധിക്കണം. ശരീരത്തില്‍ നിന്നും കഴിയുന്നത്ര അകലത്തിലാണ് പടക്കങ്ങളെന്ന് ഉറപ്പ് വരുത്തണം. തുറസ്സായ സ്ഥലങ്ങളില്‍ വെച്ച് മാത്രം കത്തിക്കുകയും കത്തിക്കുമ്പോള്‍ ഷൂ ധരിക്കുകയും ചെയ്യണം. അയഞ്ഞ വസ്ത്രങ്ങളണിഞ്ഞ് പടക്കം കത്തിക്കുന്നതും ഒഴിവാക്കേണ്ടതാണ്.