INDIA

സാമൂഹ്യനീതി ഉറപ്പാക്കാത്ത കേന്ദ്ര ബജറ്റ്; ദളിതര്‍ക്കും ആദിവാസികള്‍ക്കും മാറ്റിവച്ചിരിക്കുന്നത് എന്തൊക്കെ?

ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. 2022ല്‍ മാത്രം 57582 കേസാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. 2021ലെ കേസുകളെക്കാള്‍ 13 ശതമാനം വര്‍ധനവ്.

കെ ആർ ധന്യ

ദളിതര്‍ക്കും ആദിവാസികള്‍ക്കും വ്യവസായം തുടങ്ങണ്ടേ? വിദേശത്ത് പഠിക്കണ്ടേ? കാലാകാലങ്ങളായി നല്‍കിപ്പോരുന്ന പദ്ധതികളും അതിനുള്ള പണത്തിനും ഉപരിയായി നൂതനമായ ഒരു പദ്ധതിയെങ്കിലും നല്‍കാനാവില്ലേ?

'വികസനത്തിലേക്ക് വികസിത ഭാരതത്തിലേക്കുള്ള മുന്നേറ്റം, അതിനായുള്ള പദ്ധതികള്‍' എന്ന പേരില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞദിവസം അവതരിപ്പിച്ച ഇടക്കാല ബജറ്റ് സസൂക്ഷ്മമായി നോക്കിയാല്‍ മുമ്പ് പറഞ്ഞ ഈ ചോദ്യങ്ങള്‍ ഉയര്‍ന്നുവരും. അടിത്തട്ട് ജനതയ്ക്കായി ബജറ്റില്‍ എന്താണ് മാറ്റിവച്ചിച്ചിരിക്കുന്നത്? വിശദമായി പരിശോധിക്കാം.

ലഭിച്ചത് എന്തൊക്കെ?

നയങ്ങളിലും സമീപനങ്ങളിലും 10 വര്‍ഷത്തെ തുടര്‍ച്ച ഈ ബജറ്റിലുമുണ്ട്. അതങ്ങനെ തുടരുമെന്ന് ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. ആകെ നോക്കിയാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തുക ഈ വര്‍ഷം അനുവദിക്കപ്പെട്ടു. 51,08,780 കോടി രൂപ ദളിതര്‍ക്കും ആദിവാസികള്‍ക്കുമായി മാറ്റിവച്ചു. ഇതില്‍ പട്ടികജാതിക്ക് 1,65,598 കോടിയും പട്ടികവര്‍ഗത്തിനായി 1,21,023 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 1,59,126 കോടിയും 1,65,598 കോടിയുമായിരുന്നു. ഇതില്‍ നേരിട്ട് പട്ടികജാതിക്കാര്‍ക്ക് ലഭ്യമാവുന്ന തുക 44,282 കോടിയും പട്ടികവര്‍ഗക്കാര്‍ക്ക് 36,212 കോടിയുമാണ്. ബാക്കി തുക റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി സാങ്കല്‍പ്പിക അലോക്കേഷന്‍ ചെലവുകളിലേക്കാണ് വകയിരുത്തുക. നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിനായുള്ള വിഹിതം 50 കോടിയില്‍നിന്ന് 95 കോടിയായി ഉയര്‍ത്തി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിലും നേരിയ വര്‍ധനവുണ്ടായി.

പരിഗണിക്കാത്തവ

മാര്‍ഗനിര്‍ദേശപ്രകാരം പദ്ധതിവിഹിതത്തിന്റെ 16.8 ശതമാനം ദളിതര്‍ക്കും 8.6 ശതമാനം ആദിവാസികള്‍ക്കുമായി മാറ്റിവയ്ക്കണമെന്നാണ്. എന്നാല്‍ പട്ടികവിഭാഗങ്ങളുടെ ജനസംഖ്യയുമായി തട്ടിച്ച് നോക്കിയാല്‍ 11.5 ശതമാനം പദ്ധതി വിഹിതം മാത്രമാണ് നീക്കിവച്ചിരിക്കുന്നത്. പട്ടികവര്‍ഗത്തിന്റെ കാര്യത്തില്‍ ഇത് 8.4 ശതമാനമാണ്. എന്നാല്‍ ആകെ വിഹിതത്തില്‍നിന്ന് രണ്ട് വിഭാഗങ്ങള്‍ക്കുമുള്ള പദ്ധതി വിഹിതം പരിശോധിച്ചാല്‍ 3.1 ശതമാനം പട്ടികജാതിക്കാരും 2.5 ശതമാനം പട്ടികവര്‍ഗക്കാരും മാത്രമാണ് പദ്ധതികളുടെ ഗുണഭോക്താക്കളായി വരിക.

തൊഴിലുറപ്പ് പദ്ധതിക്ക് ദളിതര്‍ക്ക് 7,350 കോടിയില്‍നിന്ന് 13,250 കോടിയും ആദിവാസികള്‍ക്ക് 7,350 കോടിയില്‍നിന്ന് 10,355 ആയും ബജറ്റ് വിഹിതം വര്‍ധിപ്പിച്ചപ്പോള്‍ വെന്‍ച്വര്‍ കാപിറ്റല്‍ വിഹിതം നേരത്തെയുണ്ടായിരുന്ന 70 കോടിയില്‍നിന്ന് 10 കോടിയായി കുറച്ചു.

''ദളിതര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനോ മറ്റൊന്നിനുമുള്ള എല്ലാ സാധ്യതകളും കുറച്ചിരിക്കുകയാണ്. പകരം തൊഴിലുറപ്പിലേക്കാണ് കൂടുതല്‍ തുക. ഇത് സാമൂഹിക വിവേചനമാണ്. പത്തുവര്‍ഷമായി ബജറ്റ് നിരാശാജനകമായ അനുഭവമാണ്. സാമ്പത്തിക അവകാശങ്ങള്‍ക്കായുള്ള ദളിതരുടെയും ആദിവാസികളുടെയും പ്രവേശനക്ഷമതയും സാധ്യതയും കുറഞ്ഞുകുറഞ്ഞ് വരികയാണ്. ഇത് സാമൂഹ്യവികസനത്തിനുള്ള ദളിതരുടെയും ആദിവാസികളുടെയും സാധ്യതകളെ പുറകോട്ടടിപ്പിക്കുന്നു. ബജറ്റില്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും ദളിതരുടെയും ആദിവാസികളുടെയും സാമൂഹിക - സാമ്പത്തിക നീതി ഉറപ്പുവരുത്താന്‍ തീര്‍ത്തും അപര്യാപ്തമാണ്,'' സാമൂഹ്യശാസ്ത്രജ്ഞനായ അജയ്കുമാര്‍ പറയുന്നു.

ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. 2022ല്‍ മാത്രം 57582 കേസാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെക്കാള്‍ 13 ശതമാനം വര്‍ധനവ്. ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിലും സമാനമായ വര്‍ധനവുണ്ട്. പട്ടികജാതി - വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം നടപ്പാക്കുന്നതിനും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും മുന്‍ വര്‍ഷങ്ങളില്‍ നീക്കിവച്ചിരുന്ന തുക പോലും ഇത്തവണ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 560 കോടി മാത്രമാണ് ഈ ആവശ്യങ്ങള്‍ക്കായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.

''ദളിതരുടെയും ആദിവാസികളുടെയും സമകാലിക ആവശ്യങ്ങളെ പരിഗണിക്കുന്നതോ ഉള്‍ച്ചേര്‍ന്ന വികസനവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക അസമത്വവും പരിഹരിക്കുന്നതോ സാമൂഹ്യ നീതി ഉറപ്പാകുന്നതോ അല്ല നിലവിലെ തുച്ഛമായ ബജറ്റ് വിഹിതം. ദളിതരുടെ നീണ്ട സമരചരിത്രത്തെ തിരസ്‌കരിച്ചുകൊണ്ടും ദളിതര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആഖ്യാനങ്ങളെ പരിഗണിക്കാതെയും ഉള്‍ച്ചേര്‍ന്ന വികസനം എന്ന സങ്കല്‍പ്പത്തെ അട്ടിമറിച്ചുകൊണ്ടും ദളിത് അവകാശങ്ങളെത്തന്നെ കണ്ടില്ലെന്നു നടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഉദാഹരണമാണ് പാവങ്ങള്‍, യുവജനം, സ്ത്രീകള്‍, അന്നദാതാക്കള്‍ എന്നീ നാല് ജാതികളിലേ പ്രധാനമന്തി വിശ്വസിക്കുന്നുള്ളൂവെന്ന ധനമന്ത്രിയുടെ പ്രസ്താവന,'' സാമൂഹ്യ ശാസ്ത്രജ്ഞനായ സണ്ണി എം കപിക്കാട് പറയുന്നു.

തീരുമാനങ്ങളെടുക്കുന്നതും നയങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതുമായ വേദികളില്‍നിന്ന് ദളിതരെയും ആദിവാസികളെയും ഒഴിവാക്കിനിര്‍ത്തുന്നതാണ് സര്‍ക്കാരിന്റെ സമീപനം. ഉള്‍ച്ചേര്‍ന്ന വികസനത്തെക്കുറിച്ച് പറയുമെങ്കിലും പ്രാതിനിധ്യം ഇല്ലാത്തതുകൊണ്ട് ദളിതര്‍ക്കും ആദിവാസികള്‍ക്കും നയപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിനുള്ള സാധ്യതകളെ പരിമിതപ്പെടുത്തുന്നു. അത് ബജറ്റിലും പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗതമായി മേഖലയില്‍ തന്നെ ഫണ്ട് അനുവദിക്കുന്നതിനുപകരം അതില്‍ കാലോചിത മാറ്റങ്ങള്‍ വേണമെന്നാണ് ദളിത് - ആദിവാസി അവകാശപ്രവര്‍ത്തകരുടെ ആവശ്യം.

''ശാസ്ത്ര, സാങ്കേതിക, ബിസിനസ് മേഖലകളില്‍ വിജയം വരിക്കുന്നതിനാവശ്യമായ സ്‌കീമുകള്‍ രൂപീകരിക്കുകയും പട്ടികജാതി - വര്‍ഗ ഫണ്ടിന്റെ ശ്രദ്ധ ഇത്തരം കാര്യങ്ങളില്‍ കേന്ദ്രീകരിക്കുകയും വേണം. വെന്‍ച്വര്‍ കാപിറ്റല്‍, സ്റ്റാര്‍ട്ടപ്പ്, ബിസിനസ് ഇന്‍ക്യൂബേഷന്‍ സംവിധാങ്ങള്‍ക്ക് ബജറ്റ് വിഹിതം കൂട്ടേണ്ടതുണ്ട്. നേരിട്ട് ഗുണം ലഭിക്കുന്ന സ്‌കീമുകള്‍, അതായത് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, ഹോസ്റ്റലുകള്‍, വിദേശത്ത് പഠിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയ സ്‌കീമുകളില്‍ കൂടുതല്‍ തുക അനുവദിക്കണം. നല്ല സ്‌കീമുകള്‍ക്ക് കുറഞ്ഞ തുകയും കാലഹരണപ്പെട്ട സ്‌കീമുകള്‍ക്ക് കൂടുതല്‍ തുകയും എന്ന നില മാറ്റണം. കമ്യൂണിറ്റിയുമായി ബജറ്റുകള്‍ക്ക് മുമ്പ് കൂടിയാലോചന പ്രകിയ ഉറപ്പാക്കുക. പട്ടികജാതി - വര്‍ഗ ഫണ്ടിന്റെ 50 ശതമാനം സ്ത്രീകള്‍ക്ക് ലഭ്യമാകുന്ന നിലയില്‍ പുനഃക്രമീകരിക്കണം. പട്ടികജാതി - വര്‍ഗ ഉപപദ്ധതിയുടെ കൃത്യമായ വകയിരുത്തലും ഉപയോഗവും കൂടുതല്‍ ഫലപ്രദവും നിയമപരവുമാകുന്നതിന് എസ് സി പി, ടി എസ് പി നിയമം കൊണ്ടുവരണം. കാലാവസ്ഥ വ്യതിയാനം പോലുള്ള കാര്യങ്ങളില്‍ ദളിതരും ആദിവാസികളും അവരുടെ ജനസംഖ്യാനുപാതത്തിനു മുകളില്‍ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. അത്തരം കാര്യങ്ങള്‍ക്കും തുക വേണം,'' റൈറ്റ് സംഘടന അംഗം ഡി ഒ രാധാലക്ഷ്മി പറയുന്നു.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായി സാമൂഹികമായും സാമ്പത്തികമായും ദളിതര്‍ക്കും ആദിവാസികള്‍ക്കും വളരാന്‍ അനുയോജ്യമായ തരത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് അതിനായി തുക മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് ദളിത് - ആദിവാസി പ്രവര്‍ത്തകരില്‍നിന്ന് ഉയരുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ