INDIA

ആനന്ദിന് പിന്നാലെ ആസാദും; വന്മരങ്ങള്‍ വീഴുമ്പോള്‍ സംഭവിക്കുന്നത്‌

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ആസാദിന് സംസ്ഥാനത്തും കേന്ദ്ര നേതൃത്വത്തിലും ഇപ്പോഴും ശക്തമായ സ്വാധീനമുണ്ട്

വെബ് ഡെസ്ക്

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ പ്രതിപക്ഷ ഏകോപനത്തിനു ശ്രമിക്കുന്ന കോണ്‍ഗ്രസിന് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി കൊഴിഞ്ഞുപോക്ക്. ആനന്ദ് ശര്‍മ്മയുടെ ഒഴിഞ്ഞു മാറലിനു പിന്നാലെ ഗുലാം നബി ആസാദാണ് കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങുന്നത്. ഉള്‍പ്പാര്‍ട്ടിയിലെ ജി-23 വിമത ഗ്രൂപ്പിലെ പ്രമുഖനായ ഗുലാം നബി ആസാദ് പ്രാഥമിക അംഗത്വം പോലും രാജിവച്ചു പുറത്തുപോയതോടെ കോണ്‍ഗ്രസ് അതീവ പ്രതിസന്ധിയില്‍.

ആസാദിന്റെ രാജിക്ക് ഏതാനും ദിവസം മുമ്പാണ് മറ്റൊരു പ്രമുഖ നേതാവ് ആനന്ദ് ശര്‍മ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ നിന്നും ഹിമാചല്‍ പ്രദേശിന്റെ തെരഞ്ഞെടുപ്പു ചുമതലയില്‍ നിന്നും ഒഴിഞ്ഞത്. കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്ന് ആനന്ദ് ശര്‍മ പ്രഖ്യാപിച്ചെങ്കിലും ആസാദിന്റെ രാജിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹവും പാര്‍ട്ടിവിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനും മുമ്പേ ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തില്‍ രാഷ്ട്രീയ കരിയര്‍ ആരംഭിച്ച തലമുതിര്‍ന്ന നേതക്കളായ ഇരുവര്‍ക്കും പാര്‍ട്ടിയുടെ 'ഉടമവസ്ഥാവകാശം' ആണ് മുഷിച്ചില്‍ ഉണ്ടാക്കിയത്.

ഗാന്ധി കുടുംബത്തിനു മാത്രം തീറെഴുതിയതല്ല കോണ്‍ഗ്രസ് എന്ന പരോക്ഷ വിമര്‍ശനം ഉന്നയിച്ചു ഇരുവരും പരസ്യമായി രംഗത്തു വന്നത് 2020-ലാണ്. ഇവര്‍ക്കൊപ്പം മറ്റ് 21 പേര്‍ കൂടി പരസ്യവിമര്‍ശനം ഉന്നയിച്ചതോടെ ആ ഗ്രൂപ്പിനെ ജി-23 എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. ആനന്ദ് ശര്‍മയായിരുന്നു ആദ്യം വെടിപൊട്ടിച്ചത്. ''ഞങ്ങള്‍ കോണ്‍ഗ്രസിന്റെ സഹ ഉടമകളാണ്, അല്ലാതെ വാടകക്കാരല്ല'' എന്നായിരുന്നു ആനന്ദ് ശര്‍മയുടെ പരാമര്‍ശം.

പാര്‍ട്ടി സോണിയാ ഗാന്ധിയിലേക്കും രാഹുല്‍ ഗാന്ധിയിലേക്കും ചുരുങ്ങുന്നതിലുള്ള രോഷമാണ് അന്ന് 23 നേതാക്കള്‍ പ്രകടിപ്പിച്ചത്. സോണിയയെക്കാളും രാഹുലിനെക്കാളും ഇന്ത്യന്‍ രാഷ്ട്രീയം തങ്ങള്‍ക്കു മനസിലാകുമെന്ന് ആസാദും ശര്‍മയും ഉറച്ചു വിശ്വസിച്ചിരുന്നു.

അതുകൊണ്ടു തന്നെയാകണം താന്‍ രാഷ്ട്രീയം പഠിച്ചത് സഞ്ജയ് ഗാന്ധിയില്‍ നിന്നും മുഫ്തി മുഹമ്മദ് സെയ്ദില്‍ നിന്നുമാണെന്നും തന്നെ മറ്റാരും രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും അടുത്ത നേതാക്കളുടെ സ്വകാര്യ സദസില്‍ ആസാദ് തുറന്നടിച്ചത്. തങ്ങളെ ഒതുക്കി പാര്‍ട്ടിയെ ഒറ്റയ്ക്കു കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്ന രാഹുലിനെയായിരുന്നു ആസാദ് ആ പരാമര്‍ശത്തിലൂടെ ലക്ഷ്യം വച്ചത്.

പതിറ്റാണ്ടുകളോളം പാര്‍ട്ടിക്കായി വിയര്‍പ്പൊഴുക്കിയ തങ്ങളെ രാഹുലിന്റെ വരവോടെ സുപ്രധാന പദവികളില്‍ നിന്നു മാറ്റിനിര്‍ത്തിയതാണ് ഇരുവരെയും ചൊടിപ്പിച്ചത്. ഏറ്റവും ഒടുവില്‍ രാജ്യസഭാംഗത്വം നിഷേധിച്ചതും ഇരുവര്‍ക്കും കനത്ത പ്രഹരമായി.

ഇതോടെ പാര്‍ട്ടി നേതൃത്വവുമായി ആസാദും ആനന്ദ് ശര്‍മയും പൂര്‍ണമായും അകന്നിരുന്നു. ഇരുവരുടെയും നീക്കം എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍. ഇപ്പോള്‍ പാര്‍ട്ടി വിട്ടുകൊണ്ട് ആസാദ് പരസ്യ യുദ്ധപ്രഖ്യാപനം നടത്തിയതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി.

സംഘടനാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ആസാദിന്റെ നീക്കം കൂടുതല്‍ കലാപമുണ്ടാക്കിയേക്കും. നിലവില്‍ പാര്‍ട്ട് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഒരു നേതാവും തയാറാകാത്ത സ്ഥിതിയാണ് കോണ്‍ഗ്രസിലുള്ളത്.

സ്ഥിരം പ്രസിഡന്റ് വരുന്നതു വരെ പാര്‍ട്ടിയിലെ അവസാന വാക്ക് തങ്ങളായിരിക്കണം എന്നതായിരുന്നു ആസാദിന്റെയും ആനന്ദ് ശര്‍മ്മയുടെയും ലക്ഷ്യം. രാഹുല്‍ ഗാന്ധിയോ അദ്ദേഹവുമായി അടുപ്പമുള്ള ആരെങ്കിലുമോ പാര്‍ട്ടി പ്രസിഡന്റായി ചുമതലയേറ്റാല്‍ തങ്ങളുടെ 'സ്ഥാനം' നഷ്ടമാകുമെന്ന ഭയവും അവര്‍ക്കുണ്ടായിരുന്നു. അത് പാര്‍ട്ടിയെ മറ്റൊരു ദിശയിലേക്കു നയിക്കുമെന്നും അവര്‍ ആശങ്കപ്പെട്ടിരുന്നു.

അതേസമയം ജി-23 വിമത ഗ്രൂപ്പില്‍ ജനകീയനായി ഒരാള്‍ മാത്രമേയുള്ളൂവെന്നാണ് കോണ്‍ഗ്രസ് പക്ഷം. ഹരിയാന മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയെയാണ് അവര്‍ ജനകീയനായി കാണുന്നത്. ആസാദും ആനന്ദ് ശര്‍മയും മുതിര്‍ന്ന നേതാക്കളാണെങ്കിലും ഒട്ടും ജനകീയരല്ലെന്നും അതിനാല്‍ത്തന്നെ അവരുടെ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയെ ബാധിക്കില്ലെന്നും രാഹുല്‍ പക്ഷം വിശ്വസിക്കുന്നു.

ആനന്ദ് ശര്‍മയെയാണ് അവര്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ഹിമാചല്‍ പ്രദേശിനറെ തിരഞ്ഞെടുപ്പ് ചുമതലയാണ് ശര്‍മയ്ക്കു നല്‍കിയിരുന്നത്. എന്നാല്‍ തന്നെ 'ഒതുക്കുക'യാണെന്ന വിശ്വാസത്തില്‍ അദ്ദേഹം ആ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ശര്‍മയുടെ ഉന്നം ഹിമാചലിന്റെ മുഖ്യമന്ത്രി സ്ഥാനമായിരുന്നു.

മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മരണത്തോടെ സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. നിരവധി നേതാക്കള്‍ ഈ സ്ഥാനത്തേക്ക് കണ്ണുവയ്ക്കുന്നുണ്ടുതാനും. വീരഭദ്ര സിങ്ങിന്റെ വിധവ പ്രതിഭാ സിങ്, മുതിര്‍ന്ന നേതാക്കളായ മുകേഷ് അഗ്നിഹോത്രി, ആശാ കുമാരി, സുഖ്‌വിന്ദര്‍ സിങ് സുഖു, കൗള്‍ സിങ് താക്കൂര്‍, ധനിറാം ഷാന്‍ഡില്‍ എന്നിവര്‍ ഇതില്‍ പ്രമുഖരാണ്.

ഇവരില്‍ പലരും സംസ്ഥാനത്തെ നിര്‍ണായക വോട്ടുമേഖലകളിലെ പ്രമുഖ നേതാക്കളുമാണ്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും വീരഭന്ദ്ര സിങ്ങിന്റെ പോലെ ഒരു സംസ്ഥാന മുഖം ഇല്ലെന്നതാണ് വിനയാകുന്നത്. ഈ സാഹചര്യത്തിലാണ് ആനന്ദ് ശര്‍മ നേതൃസ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കുന്നത്.

ശര്‍മയ്ക്കും സംസ്ഥാന മുഖം അവകാശപ്പെടാനില്ല. മാത്രമല്ല മേല്‍പ്പറഞ്ഞ നേതാക്കളെപ്പോലെ പ്രാദേശിക സ്വാധീനവും ആനന്ദ് ശര്‍മയ്ക്ക് അവകാശപ്പെടാനില്ല. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ആനന്ദ് ശര്‍മ കൊഴിഞ്ഞു പോയാലും പാര്‍ട്ടിക്ക് അതു ഗുണം ചെയ്യുകയേ ഉള്ളൂവെന്നാണ് രാഹുല്‍ പക്ഷം അവകാശപ്പടുന്നത്.

ആനന്ദ് ശര്‍മയുടെ രാജിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ശുക്ല സമവായത്തിന് ശ്രമിച്ചിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുമെന്നും പിണക്കം മാറ്റുമെന്നുമായിരുന്നു ശുക്ലയുടെ പ്രതികരണം. എന്നാല്‍ ഇതു കേന്ദ്ര നീക്കത്തിന്റെ അറിവോടെ അല്ലെന്നും പാര്‍ട്ടിയിലെ പുതിയ അനുരഞ്ജന മുഖമായി സ്വയം മാറാനുള്ള ശുക്ലയുടെ ശ്രമത്തിന്റെ ഭാഗമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

അതേസമയം ആസാദിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇതിലും സങ്കീര്‍ണമായ സ്ഥിതിയിലാണ്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ആസാദിന് സംസ്ഥാനത്തും കേന്ദ്ര നേതൃത്വത്തിലും ഇപ്പോഴും ശക്തമായ സ്വാധീനമുണ്ട്. ഒരാഴ്ച മുമ്പ് ആസാദ് ജമ്മു കശ്മീരിന്റെ തെരഞ്ഞെടുപ്പ് ചുമതല ഒഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനൊപ്പം ഏതാനും വിശ്വസ്തര്‍ കൂടി രാജിവെച്ചിരുന്നു.

ഈ സാഹചര്യത്തില്‍ പാര്‍ട്ടി വിടാന്‍ ആസാദ് തീരുമാനിച്ചത് അദ്ദേഹത്തിന്റെ അനുയായികളെയും സ്വാധീനിച്ചേക്കാം. ആസാദ് പാര്‍ട്ടിയില്‍ തുടരുന്നതു തന്നെയായിരുന്നു കോണ്‍ഗ്രസിന് ആശ്വാസം. ഇപ്പോള്‍ അദ്ദേഹം പാര്‍ട്ടിവിട്ടതോടെ കേന്ദ്ര നേതൃത്വം ആശങ്കയിലാകുമെന്നു തീര്‍ച്ച. കാരണം ആസാദ് സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയോ, ബിജെപിയുമായി കൈകോര്‍ക്കുകയോ ചെയ്യുന്നത് കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കും. കാരണം ആസാദിനൊപ്പം നീങ്ങാന്‍ തയാറായി ഒട്ടനവധിപ്പേര്‍ പാര്‍ട്ടിയിലുണ്ട്.

എങ്ങനെ നോക്കിയാലും ഇരുവരുടെയും നീക്കം തീകോരിയിടുന്നത്‌ രാഹുലിന്റെയും അദ്ദേഹത്തിന്റെ ബ്രിഗേഡിന്റെയും നെഞ്ചിലാണ്. വന്മരങ്ങള്‍ വീഴുമ്പോള്‍ നിലം കുലുങ്ങുമെന്നു പറഞ്ഞത് രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയാണ്. ഗുലാം നബി ആസാദ് ഒരു വന്മരം ആണെന്നതില്‍ രാഹുലിന് തര്‍ക്കമുണ്ടാകില്ല. ഈ സാഹചര്യത്തില്‍ രാഹുലിനും സംഘത്തിനും നിലതെറ്റിയാലും അദ്ഭുതപ്പെടേണ്ട.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി