INDIA

ആര്‍ട്ടിക്കിള്‍ 356 ന്റെ പ്രസക്തിയെന്ത്?; എങ്ങനെ ദുരുപയോഗം ചെയ്യപ്പെട്ടു?

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തിയ ദശാബ്ദങ്ങളില്‍ ഇടതുപക്ഷത്തിന്റെയും ഇതര പ്രാദേശിക പാര്‍ട്ടികളുടെയും സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ 356-ാം വകുപ്പ് ഉപയോഗിപ്പെടുത്തിയിരുന്നു

വെബ് ഡെസ്ക്

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനം ഇല്ലാതാക്കുന്നു എന്ന ആക്ഷേപം ഏറെ കാലയമായി ഉയരുന്ന ഒന്നാണ്. പാര്‍ലമൈന്റിന്റെ നടപ്പ് ബജറ്റ് സമ്മേളനത്തിലും ഇതേ ആരോപണങ്ങള്‍ ശക്തമായി ഉയര്‍ത്തി. ഇതിനിടെ രാജ്യസഭയില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടുക്കാന്‍ ഉപയോഗിച്ചത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 ആയിരുന്നു.

പതിറ്റാണ്ടുകളായി ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചായിരുന്നു പ്രധാന മന്ത്രിയുടെ പരാമര്‍ശം. അനുച്ഛേദം 356 ദുരുപയോഗം ചെയ്തത് ആരെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രധാനമന്ത്രി തന്റെ വാദമുഖങ്ങള്‍ ഉയര്‍ത്തിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ 356ാം വകുപ്പ് 90 തവണ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ ഉപയോഗിച്ചു. ഇന്ദിരാ ഗാന്ധി എന്ന മുന്‍ പ്രധാനമന്ത്രി മാത്രം 50 തവണ ഈ വകുപ്പ് പ്രയോഗിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ആദ്യ ഇംഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടിയുള്‍പ്പെടെ ഉന്നയിച്ചയിരുന്നു പ്രധാനമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്.

എന്താണ് ഇന്ത്യന്‍ ഭരണഘടനയിലെ 356ാം അനുച്ഛേദം?

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ആ സംസ്ഥാനത്തിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ രാഷ്ട്രപതിക്ക് സാധിക്കും. ഭരണഘടനാ സംവിധാനം തകരാറിലായിട്ടുണ്ടെന്ന് സ്വമേധയാ ബോധ്യപ്പെട്ടാലോ സംസ്ഥാനത്തെ ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്മേലോ രാഷ്ട്രപതിക്ക് എപ്പോള്‍ വേണമെങ്കിലും നടപടികള്‍ സ്വീകരിക്കാം.

1935 ലെ ഗവണ്‍മെന്റ് ഓഫ് ആക്ടിലെ സെക്ഷന്‍ 93 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആര്‍ട്ടിക്കിള്‍ 356 രൂപം കൊള്ളുന്നത്. ഇതനുസരിച്ച് ആര്‍ട്ടിക്കിള്‍ 356 ലെ വ്യവസ്ഥ അനുസരിച്ച്, ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണ ആറ് മാസത്തേക്കാണ് ഏര്‍പ്പെടുത്തുന്നത്. ഓരോ ആറ് മാസം കൂടുമ്പോഴും പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ ഇത് പരമാവധി മൂന്ന് വര്‍ഷത്തേക്ക് നീട്ടാം. എന്നാല്‍ മുന്‍ കാലങ്ങളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ രാഷ്ട്രപതി ഭരണം കൂടുതല്‍ കാലത്തേക്ക് നീട്ടുകയും ചെയ്തിട്ടുണ്ട്. 1987 മുതല്‍ 1992 വരെ പഞ്ചാബ് രാഷ്ട്രപതി ഭരണത്തിന്റെ കീഴിലായിരുന്നു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കിയോ?

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യയില്‍ 356-ാം വകുപ്പ് രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചു എന്നാണ് പ്രധാനമന്ത്രി ഇന്ന് സഭയില്‍ ചൂണ്ടിക്കാട്ടിയത്. കേന്ദ്ര ഭരണത്തില്‍ കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തിയ ദശാബ്ദങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകള്‍ക്ക് എതിരെ പലവട്ടം 356ാം വകുപ്പ് ഉപയോഗിക്കപ്പെട്ടു.

1966 ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്നതിന് ശേഷം, 1967 നും 69 നും ഇടയില്‍ മാത്രം ആര്‍ട്ടിക്കിള്‍ 356 ഏഴ് തവണ പ്രയോഗിച്ചിട്ടുണ്ട്

1959 വരെയുള്ള കാലഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ ആറ് തവണയാണ് ഈ വകുപ്പ് ഉപയോഗിച്ചത്. 1959 ല്‍ കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഉള്‍പ്പടെ ഉപയോഗിച്ചത് ഇതാണ്. 1960 കളില്‍ ഇത് 11 തവണയാണ് ഉപയോഗിച്ചത്. 1966 ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്നതിന് ശേഷം, 1967 നും 69 നും ഇടയില്‍ മാത്രം ആര്‍ട്ടിക്കിള്‍ 356 ഏഴ് തവണ പ്രയോഗിച്ചിട്ടുണ്ട്.

1970 കളില്‍ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ പ്രക്ഷുഭ്ധമായിരുന്നു. 1970 നും 1974 നും ഇടയില്‍ 19 തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ ഒമ്പത് കോണ്‍ഗ്രസ് സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ ജനതാ പാര്‍ട്ടി സര്‍ക്കാരും ഇത് ഉപയോഗിച്ചു. 1980 ല്‍ ഇന്ദിരാ ഗാന്ധി അധികാരത്തില്‍ വന്നപ്പോള്‍ അവരുടെ സര്‍ക്കാരും ഒന്‍പത് സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.

കോടതി ഇടപെടല്‍

മാറിമാറി വരുന്ന കേന്ദ്ര സര്‍ക്കാരുകള്‍ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്തു തുടങ്ങിയതോടെ ആര്‍ട്ടിക്കിള്‍ 356 ന്റെ അധികാരത്തെക്കുറിച്ച് ചര്‍ച്ചകളും സജീവമായി. 1989 ല്‍ കര്‍ണാടകയിലെ എസ്ആര്‍ ബൊമ്മെ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ട നടപടി ഈ നിയമത്തിന്റെ ഉപയോഗത്തില്‍ വഴിത്തിരിവുണ്ടാക്കി.

കേന്ദ്ര നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതോടെ 356 ലെ വ്യവസ്ഥകളെ കുറിച്ച് സുപ്രീം കോടതി വിശദമായി പരിശോധിച്ചു. എസ് ആര്‍ ബൊമ്മെ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ വിധിന്യായം ആര്‍ട്ടിക്കിള്‍ 356 ല്‍ നിര്‍ണായകമായി.

1994 ലെ ഒന്‍പതംഗ ബെഞ്ചിന്റ വിധിയില്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ രാഷ്ടപതി ഭരണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി

1994 ല്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പ്രത്യേക സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ടപതി ഭരണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. സര്‍ക്കാര്‍ തകര്‍ച്ച നേരിടുന്ന സാഹചര്യങ്ങളിലോ തൂക്കുസഭ ഉണ്ടാകുമ്പോഴോ ആര്‍ട്ടിക്കിള്‍ 356 പ്രയോഗിക്കാം. എന്നാല്‍ സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാതെ അത് ഉപയോഗിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഈ വിധിന്യായത്തിന് ശേഷം ആര്‍ട്ടിക്കിള്‍ 356 ന്റെ ഏകപക്ഷീയമായ ഉപയോഗം വലിയതോതില്‍ നിയന്ത്രിക്കപ്പെട്ടു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ