INDIA

എന്താണ് വൈദ്യുതി ഭേദഗതി ബിൽ 2022? എന്തുകൊണ്ട് എതിർക്കപ്പെടുന്നു?

വൈദ്യുതി നിയമത്തിലെ 42-ാം വകുപ്പ് പുതിയ ബിൽ ഭേദഗതി ചെയ്യുന്നു. അതോടെ, സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി വിതരണ ശൃംഖലയിലേക്ക് കടന്നുവരാനാകും

വെബ് ഡെസ്ക്

കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി ബിൽ 2022, രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിനിടെയാണ്, ബില്‍ കഴിഞ്ഞദിവസം ലോക്സഭയിൽ അവതരിപ്പിച്ചത്. ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി 27 ലക്ഷത്തോളം വൈദ്യുതി എൻജിനീയർമാരും രംഗത്തുണ്ട്. ബില്ലിന്റെ പകർപ്പുകൾ കത്തിച്ചായിരുന്നു പഞ്ചാബിലെ കർഷകരുടെ പ്രതിഷേധം. നല്‍കിയ ഉറപ്പുകള്‍ ലംഘിച്ച് ബില്‍ പാസാക്കിയാല്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിരിക്കുന്നത്.

2003ലെ വൈദ്യുതി ബിൽ ഭേദഗതി ചെയ്യാൻ, നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന കാലം മുതൽ ശ്രമങ്ങൾ നടന്നിരുന്നു. സബ്‌സിഡി വ്യവസ്ഥകൾക്ക് മാറ്റമില്ലെന്നും ബിൽ ജനങ്ങൾക്ക് ഗുണകരമാണെന്നുമാണ് കേന്ദ്ര വൈദ്യുതി മന്ത്രി ആർ കെ സിങ് ട്വീറ്റ് ചെയ്തത്. അതേസമയം, പുതിയ ഭേദഗതി ഫെഡറൽ സംവിധാനത്തിന്റെ അടിത്തറ ദുർബലപ്പെടുത്തുന്നതാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം.

പുതിയ ഭേദഗതി ഫെഡറൽ സംവിധാനത്തിന്റെ അടിത്തറ ദുർബലപ്പെടുത്തുന്നതാണെന്നാണ് പ്രതിപക്ഷ ആരോപണം.

എന്താണ് വൈദ്യുതി ഭേദഗതി ബിൽ 2022?

വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ കമ്പനികളുടെ കടന്നുവരവ് അനുവദിക്കുന്നതാണ് 2022ലെ വൈദ്യുതി ഭേദഗതി ബിൽ. കൂടുതല്‍ മികവുറ്റ രീതിയിൽ രാജ്യത്തുടനീളം വൈദ്യുതി വിതരണം ഇത് സാധ്യമാക്കുമെന്നാണ് കേന്ദ്രം പറയുന്നത്.

ടെലികോം സേവനദാതാക്കളെ തിരഞ്ഞെടുക്കുന്നതു പോലെ, ഉപഭോക്താക്കൾക്ക് ഒന്നിലധികം വൈദ്യുതിദാതാക്കളിൽ നിന്ന് സ്വീകാര്യമായതിനെ തിരഞ്ഞെടുക്കാന്‍ കഴിയുമെന്ന് കേന്ദ്രം

വൈദ്യുതി നിയമത്തിലെ 42-ാം വകുപ്പ് പുതിയ ബിൽ ഭേദഗതി ചെയ്യുന്നു. ഇതുപ്രകാരം സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി വിതരണ ശൃംഖലയിലേക്ക് കടന്നുവരാനാകും. കൂടാതെ ലൈസൻസ് ലഭിക്കുന്ന കമ്പനികൾക്ക് വൈദ്യുതി വിതരണത്തിനുള്ള അനുവാദവും ലഭിക്കും.

പുതിയ ബില്ലിനു കീഴിൽ, വൈദ്യുതി നിയമത്തിന്റെ 14-ാം വകുപ്പും ഭേദഗതി ചെയ്യപ്പെടും. അതായത് വിതരണ ശൃംഖലകളില്‍ സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശനം സുഗമമാക്കുക വഴി ആരോഗ്യകരമായ മത്സരം സാധ്യമാക്കും. അതുവഴി രാജ്യത്തുടനീളം വൈദ്യുതി വിതരണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യം. ടെലികോം സേവനദാതാക്കളെ തിരഞ്ഞെടുക്കുന്നത് പോലെ, ഉപഭോക്താക്കൾക്ക് ഒന്നിലധികം വൈദ്യുതിദാതാക്കളിൽ നിന്ന് സ്വീകാര്യമായതിനെ തിരഞ്ഞെടുക്കാനും കഴിയും.

ബിൽ എന്തുകൊണ്ട് എതിർക്കപ്പെടുന്നു?

2022ലെ വൈദ്യുതി ഭേദഗതി ബിൽ വിപുലമായ പരിഗണനയ്ക്കായി പവർ കമ്മിറ്റിക്ക് വിടണമെന്ന് ഓൾ ഇന്ത്യ പവർ എഞ്ചിനീയേഴ്സ് ഫെഡറേഷൻ (എഐപിഇഎഫ്) ആവശ്യപ്പെട്ടിരുന്നു.

ഭേദഗതി അനുസരിച്ച്, സർക്കാർ ഡിസ്കോമുകൾക്ക് (വിതരണ ലൈസൻസ്) മാത്രമേ സാർവത്രിക വൈദ്യുതി വിതരണത്തിന് അനുവാദമുള്ളൂ. സ്വകാര്യ കമ്പനിയെ സംബന്ധിച്ചിടത്തോളം ലാഭമുണ്ടാക്കാവുന്ന വ്യവസായ- വാണിജ്യ മേഖലകൾ മാത്രമേ അവർ വിതരണത്തിനായി തിരഞ്ഞെടുക്കൂ. അങ്ങനെ സർക്കാർ ഡിസ്കോമുകൾ ലാഭമുണ്ടാക്കിയിരുന്ന മേഖലകൾ സ്വന്തമാക്കുക വഴി സ്വകാര്യ മേഖല വളരുകയും മറ്റുള്ളവ നഷ്ടത്തിലാവുകയും ചെയ്യും. കൂടാതെ ഉത്പാദകരിൽ നിന്ന് വൈദ്യുതി വാങ്ങാൻ പോലും കഴിയാത്ത അവസ്ഥ സർക്കാർ ഡിസ്കോമുകൾക്ക് ഉണ്ടാകും.

പഞ്ചാബിലെ പ്രതിഷേധം

കർഷകർക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും ലഭിക്കുന്ന സൗജന്യ വൈദ്യുതി ഒടുവിൽ ഇല്ലാതാകുമോയെന്ന ആശങ്കയും പ്രതിഷേധത്തിന് മുന്നിലുള്ള തൊഴിലാളി യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും പ്രകടിപ്പിക്കുന്നു. പഞ്ചാബ് സർക്കാർ മാത്രം വൈദ്യുതി സബ്‌സിഡിക്കായി ഏകദേശം 1,800 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഏകദേശം 61 ലക്ഷം കുടുംബങ്ങൾക്കാണ് നിലവിൽ ആനുകൂല്യം ലഭിക്കുന്നത്.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ കൺകറന്റ് പട്ടികയിലെ 38-ാം ഇനമാണ് 'വൈദ്യുതി'. അതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഈ വിഷയത്തിൽ നിയമ നിർമാണത്തിനുള്ള അധികാരമുണ്ട്. അതിനാൽ നിർദിഷ്ട ഭേദഗതി ഇന്ത്യൻ ഭരണഘടനയുടെ ‘അടിസ്ഥാന ഘടന’യുടെ ഭാഗമായ ഫെഡറൽ സംവിധാനത്തിന്റെ തന്നെ ലംഘനമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറയുന്നു.

നിലവിലെ രൂപത്തിലാണ് ബിൽ പാസാക്കുന്നതെങ്കിൽ, സർക്കാർ വിതരണ കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാകും. ഒടുവിൽ രാജ്യത്തെ വൈദ്യുതി മേഖല ഏതാനും സ്വകാര്യ പാർട്ടികളുടെ കുത്തക മാത്രമാകുമെന്നും പഞ്ചാബ് സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് എഞ്ചിനീയേഴ്‌സ് ഹോം ചീഫ് രക്ഷാധികാരി പദംജിത് സിങ് പ്രതികരിച്ചു.

തിങ്കളാഴ്ച ലോക്സഭയിൽ ബില്ലിനെ എതിർത്ത എൻ.കെ പ്രേമചന്ദ്രൻ എംപി, ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും കൺകറന്റ് ലിസ്റ്റിലുള്ള വിഷയങ്ങളിൽ നിയമനിർമാണം നടത്തുന്നതിനുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ആരോപിച്ചിരുന്നു.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ച്, ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്താല്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.
സംയുക്ത കിസാന്‍ മോര്‍ച്ച

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ച്, ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്താല്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) അറിയിച്ചത്. ബില്‍ പിന്‍വലിക്കുക എന്നത്, ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. 2021 ഡിസംബര്‍ ഒമ്പതിന് നടന്ന ചര്‍ച്ചയില്‍, കൂടിയാലോചിക്കാതെ ബില്‍ സഭയില്‍ അവതരിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍ എസ്‌കെഎമ്മിന് കത്ത് നല്‍കിയിരുന്നു. അത്തരമൊരു ആലോചന നടന്നിട്ടില്ലെന്നാണ് എസ്‌കെഎം വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത വഞ്ചനയാണ്.

അതിനാല്‍ ബില്ലിനെ എതിര്‍ത്ത് സമരം സംഘടിപ്പിക്കും. വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യ കമ്പനികളുടെ പ്രവേശനം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണ് ബില്‍. കര്‍ഷകര്‍ക്കും മറ്റ് ജനവിഭാഗങ്ങള്‍ക്കും വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് അവര്‍ക്ക് വലിയ ലാഭം നല്‍കും. ക്രോസ് സബ്സിഡി നിര്‍ത്തലാക്കും. കര്‍ഷകര്‍ക്ക് സൗജന്യമായോ വിലകുറഞ്ഞോ വൈദ്യുതി ലഭിക്കുന്നത് അവസാനിക്കുമെന്നുമാണ് എസ്‌കെഎം ചൂണ്ടിക്കാണിക്കുന്നത്.

വൈദ്യുതി മേഖലയിലെ ജീവനക്കാരുടെയും എഞ്ചിനീയര്‍മാരുടെയും ദേശീയ കൂട്ടായ്മയായ, നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനീയേഴ്‌സ് ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഏകപക്ഷീയമായി ബില്‍ പാസാക്കുകയാണെങ്കില്‍ ജോലി നിര്‍ത്തിവെക്കുമെന്നും രാജ്യവ്യാപകമായി പ്രകടനങ്ങള്‍ നടത്തുമെന്നും സംഘടന അറിയിച്ചിരുന്നു. പ്രതിഷേധ പരിപാടികള്‍ ആലോചിക്കുന്നതിനായി ഇന്ന് വൈകിട്ട് ന്യൂഡല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ