INDIA

രാജ്യത്തിന്റെ ഗതി മാറ്റാൻ കെൽപ്പുള്ള 2024: എന്താണ് ഇന്ത്യ പ്രതീക്ഷിക്കുന്നത് ?

ഏപ്രിലിൽ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് തന്നെയാണ് 2024 നെ ഏറ്റവും പ്രധാനപ്പെട്ടതാക്കുന്നത്

വെബ് ഡെസ്ക്

ലോകം പുതുവര്‍ഷത്തിലേക്ക് ചുവടുവച്ചിരിക്കുന്നു, സംഭവബഹുലമായ ഒരു വര്‍ഷമായിരുന്നു 2023. ആഗോള - ദേശീയ തലങ്ങളിൽ ഒരുപാട് സുപ്രധാന സംഭവങ്ങൾ, പലരുടെയും വീഴ്ചയും വാഴ്ചയും ഈ വർഷത്തെ അടയാളപ്പെടുത്തുന്നു. പല നേട്ടങ്ങളും കോട്ടങ്ങളും നമുക്ക് കാണാനായി. രക്ത ചൊരിച്ചിലുകളും 2023 ന്റെ ഭാഗമായിരുന്നു. ഒരു പുതുവത്സരപ്പിറവിയിലാണ് ഇന്ന് നാം. പുതുവര്‍ഷമായ 2024 ഉം ഏറെ പ്രധാനപ്പെട്ട ഒരു വർഷമാണ്. രാജ്യത്തിന്റെ ഗതി തന്നെ മാറ്റാൻ ഉതകുന്ന വർഷമായി മാറും 2024 എന്നാണ് കരുതുന്നത്. എന്തൊക്കെയാണ് ഈ വർഷം രാജ്യം കാത്തിരിക്കുന്ന സുപ്രധാന സംഭവങ്ങൾ ?

അയോധ്യ രാമക്ഷേത്രം:

അയോധ്യ രാമക്ഷേത്ര ഉദ്‌ഘാടനത്തോടെയാണ് 2024 ന് ആരംഭം കുറിക്കുകയെന്ന് പറയാം. ഒരു ആരാധനാലയത്തിന്റെ ഉദ്‌ഘാടനം എന്നതിൽ ഉപരി ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ് അയോധ്യയിലെ രാമക്ഷേത്രം. 2024 ജനുവരി 22 നാണ് ചടങ്ങ് നടക്കാനിരിക്കുന്നത്. ഉദ്‌ഘാടന ചടങ്ങ് പ്രഖ്യാപിച്ചപ്പോൾ തന്നെ വലിയ കോളിളക്കം സൃഷ്ടിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് വാസ്തവം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കാനുള്ള ശേഷി നിലവിൽ ഈ ചടങ്ങിനുണ്ടെന്ന് പറയാം.

2024 പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാന പ്രചരണവിഷയമായി ബിജെപി ഉയർത്തിക്കാണിക്കാൻ സാധ്യതയുള്ള ഒന്നാണ് രാമക്ഷേത്രം. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കൾ ഉൾപ്പടെ നിരവധി പ്രമുഖർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. ഇടത് പാർട്ടികൾ ക്ഷണം നിരസിക്കുകയും പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസും സമാനമായി തന്നെയാണ് പ്രതികരിച്ചത്. എന്നാൽ ഇവിടെ ചർച്ചയാകുന്നത് ഇന്ത്യ സഖ്യത്തെ നയിക്കുന്ന കോൺഗ്രസിന്റെ നിലപാടാണ്.

വലിയ രാഷ്ട്രീയ പ്രതിരോധത്തിലാണ് കോൺഗ്രസ് ഇപ്പോൾ നിൽക്കുന്നത്. പങ്കെടുത്താൽ മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നു തിരിച്ചടികൾ പ്രതീക്ഷിക്കാം. പങ്കെടുത്തില്ലെങ്കിൽ അത് ബിജെപി കോൺഗ്രസിനെതിരെ പ്രയോഗിക്കുകയും ചെയ്യും. വിഷയത്തിൽ കോൺഗ്രസ് എന്ത് തീരുമാനം എടുക്കും എന്നുള്ളത് സുപ്രധാനമാണ്. ഒപ്പം രാമക്ഷേത്രത്തെ ബിജെപി എങ്ങനെ ആയുധമാക്കുമെന്ന് കണ്ടറിയേണ്ടതാണ്.

ലോക്സഭാ തിരഞ്ഞെടുപ്പ്:

ഏപ്രിലിൽ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് തന്നെയാണ് 2024 നെ ഏറ്റവും പ്രധാനപ്പെട്ടതാക്കുന്നത്. ഭരണകക്ഷിയായ എൻഡിഎയും ഇന്ത്യ സംഖ്യവും ഏറെ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്. മൂന്നാമൂഴമാണ് നരേന്ദ്രമോദി സർക്കാർ സ്വപ്നം കാണുന്നത്. ബിജെപിയുടെ അടി തെറ്റിക്കുക എന്നതാണ് രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികളെ അണി നിരത്തി രൂപീകരിച്ച ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് എന്ന ഇന്ത്യ സഖ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോദി തന്നെ എത്തുമെന്നിരിക്കെ ഇന്ത്യ സഖ്യത്തിൽ ഇപ്പോഴും ആശയകുഴപ്പങ്ങൾ തുടരുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പേര് ഉയർന്നു കേൾക്കുന്നുമുണ്ട്.

എന്തായാലും അടുത്ത അഞ്ച് വർഷത്തെയും അതിന് ശേഷവുമുള്ള ഇന്ത്യയുടെയും ഭാവി നിർണയിക്കാൻ ശേഷിയുള്ളതാവും പൊതു തിരഞ്ഞെടുപ്പ് ഫലങ്ങൾ.

സ്ഥാനമൊഴിയുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഈ വർഷം ചുമതലയൊഴിയും. 2024 നവംബര്‍ 10 നാണ് ചന്ദ്രചൂഡ് പദവിയിൽ നിന്ന് ഒഴിയുക. രാജ്യത്തെ ഏറ്റവും ഉയർന്ന നീതിപീഠത്തിൽ ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിൽ സുപ്രധാന പദവി വഹിച്ച വ്യക്തി ആണ് അദ്ദേഹം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തന്നെ പല സുപ്രധാന വിധികളും ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ നിന്നുണ്ടായി. കേന്ദ്ര സർക്കാരിന്റെ പല നീക്കങ്ങളെയും തടസപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിധികൾ.

സ്വവര്‍ഗ വിവാഹത്തെക്കുറിച്ചുള്ള സുപ്രധാന നിരീക്ഷണങ്ങൾ, മണിപ്പൂർ കലാപത്തിലെ നിലപാടുകൾ, കലാപത്തെ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയാതിരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള നിശിതമായ വിർശനങ്ങൾ, വനിതാ കരസേനാ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിലെ കാല താമസത്തെക്കുറിച്ചുള്ള പരാമർശം തുടങ്ങിയ ഇതിൽ സുപ്രധാനമാണ്. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നയായി നടത്തിച്ച വീഡിയോ പ്രചരിപ്പിച്ചപ്പോൾ ചീഫ് ജസ്റ്റിസിൽ നിന്നുണ്ടായ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടതും സാഹചര്യം ആവശ്യപ്പെട്ടതുമായിരുന്നു. "വര്‍ഗീയ സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളില്‍ സ്ത്രീകളെ ഉപകരണമാക്കി മാറ്റുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ ഇതില്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ ഇടപെടും,'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.

ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് :

370-ാം അനുച്ഛേദം പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സർക്കാർ നടപടി ശരി വെച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ നിർണായക വിധി ഉണ്ടായത് 2023 ലാണ്. എന്നാൽ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം 2024 സെപ്തംബർ 30-നകം ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി തിരെഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയിരുന്നു.

അങ്ങനെ എങ്കിൽ അടുത്ത വർഷം കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പും പ്രതീക്ഷിക്കാവുന്നതാണ്. 2018 മുതൽ കേന്ദ്ര ഭരണത്തിലാണ് കശ്മീർ. 2019ല്‍ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തു. കാശ്മീരിൽ നിയമ സഭ തിരഞ്ഞെടുപ്പ് നടപടികൾ നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും തിരെഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ട് പോവുകയായിരുന്നു. മണ്ഡല പുനർ നിർണയ നടപടികൾ അവസാനിച്ച ശേഷം ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. പിഡിപി - ബിജെപി സഖ്യം നയിച്ച സർക്കാർ വീണതിനു പിന്നാലെയാണ് കശ്മീർ കേന്ദ്ര ഭരണത്തിലായത്.

ശാസ്ത്ര രംഗം :

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന വർഷമാണ് വരാനിരിക്കുന്നത്. പുതുവത്സരദിനമായ ഇന്ന് തന്നെ ഒരു സുപ്രധാന കുതിപ്പിന് ഒരുങ്ങുകയാണ് ഇസ്രോ. ജ്യോതിര്‍ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സമഗ്ര പഠനം ലക്ഷ്യമിടുന്ന ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്സ്പോസാറ്റിന്റെ വിക്ഷേപണം നടത്തിക്കൊണ്ടാണ് ഇസ്രോ പുതുവത്സരത്തെ വരവേല്‍ക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9.10 ന് എക്സ്പോസാറ്റിനെയും വഹിച്ചുകൊണ്ട് പിഎസ്എല്‍വി-സി58 കുതിച്ചുയരും. പി എസ് എല്‍ വി യുടെ അറുപതാം വിക്ഷേപണമാണ് ഇന്ന് നടക്കാനിരിക്കുന്നത്.

ഇതിനു പുറമേ ആദിത്യ എൽ എല്‍-1 , ഗഗന്‍യാന്‍ എന്നിവയാണ് 2024-ല്‍ ഐഎസ്ആര്‍ഒ ഏറെ പ്രതീക്ഷവയ്ക്കുന്ന മറ്റ് ദൗത്യങ്ങള്‍. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ വണ്‍ അതിന്റെ ഏറ്റവും നിർണായക ഘട്ടത്തിലേക്ക് കടക്കും. സൂര്യനോട് ഏറ്റവും അടുത്തായി കണക്കാക്കപ്പെടുന്ന ലഗ്രാഞ്ച് പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് കടക്കാനുള്ള ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷന് മുമ്പായുള്ള കൗണ്ട് ഡൌൺ ആരംഭിച്ചതായി ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്. 2024 ജനുവരി 6 ന് ദൗത്യം ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദൗത്യം, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വിജയം കാണുകയാണെങ്കില്‍ അത് ഭാവി പരീക്ഷണങ്ങളില്‍ ആഗോള ശാസ്ത്ര സമൂഹത്തിന് നല്‍കുന്ന ധൈര്യവും ആത്മവിശ്വാസവും വളരെ വലുതായിരിക്കുമെന്നും ഐഎസ്ആര്‍ഒ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. 2025 ആദ്യത്തോടെ ഗഗന്‍യാൻ വിക്ഷേപിക്കകമെന്നാണ് കരുതുന്നതെങ്കിലും ഈ വർഷം ഇതിന്റെ പരീക്ഷണങ്ങളും തയ്യാറെടുപ്പുകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 2035 ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിടുന്ന ഡോക്കിങ് ഇന്‍ സ്പേസ് (സ്പേഡെക്സ്), 2040 ഓടെ ഇന്ത്യക്കാരെ ചന്ദ്രനിലിറക്കാന്‍ ലക്ഷ്യമിടുന്ന ലൂണാര്‍ സാമ്പിള്‍ റിട്ടേണ്‍ മിഷന്‍സ്, മാര്‍സ് ലാന്‍ഡര്‍ മിഷന്‍, വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണ വാഹനം എന്നീ വമ്പൻ ദൗത്യങ്ങൾ കൂടി 2024 ൽ മുന്നോട്ട് പോകാനുണ്ട്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി