ഡൽഹിയിൽ യമുനാ നദി അപകടനിലയും കടന്ന് കരകവിഞ്ഞൊഴുകുകയാണ്. ജലനിരപ്പ് 208.05 മീറ്ററിലേക്ക് എത്തിയതോടെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. തലസ്ഥാന നഗരത്തെ ബന്ധിപ്പിക്കുന്ന മിക്കറോഡുകളും വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതവും തടസപ്പെട്ടതാണ് സാഹചര്യം. മഴ കുറഞ്ഞെങ്കിലും പ്രളയ സമാന സാഹചര്യമാണ് ഡൽഹിയിൽ. എന്തായിരിക്കും ആശങ്കാജനകമായ ഈ സാഹചര്യത്തിന് പിന്നിൽ?
കനത്തമഴയ്ക്കൊപ്പം ഹരിയാനയിലെ ഹഥിനിക്കുണ്ഡ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിട്ടതാണ് യമുനയിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമായത്. അപകടരമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകുമെന്നതിനാൽ അണക്കെട്ട് നിയന്ത്രിതമായി മാത്രമേ തുറന്നുവിടാവൂ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വെള്ളം തുറന്നുവിടാതെ നിർവാഹമില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.
ഡൽഹിയിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയാണ് ഹരിയാനയിലെ യമുനാനഗറിലെ ഹഥിനിക്കുണ്ഡ് അണക്കെട്ട് സ്ഥിതി ചെയുന്നത്. സാധാരണ അണക്കെട്ട് തുറന്നുവിട്ടാൽ വെള്ളം ഡൽഹിയിലെ തീരപ്രദേശങ്ങളിലെത്താൻ ഏകദേശം രണ്ടോ മൂന്നോ ദിവസം വേണ്ടി വന്നിരുന്നു. എന്നാല്‍ ഇത്തവണ മുൻവർഷങ്ങളെ അപേക്ഷിച്ച് വേഗത്തിലാണ് ഹഥിനിക്കുണ്ഡിൽ നിന്നെത്തിയ ജലം ഡൽഹിയെ വിഴുങ്ങിയത്. മണിക്കൂറുകൾക്കുള്ളിലാണ് വെള്ളം നിറഞ്ഞത്.
അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുകിപ്പോകുന്ന പാതയിലേറെയും നദിതീരത്തെ കയ്യേറ്റത്തെ തുടർന്ന് ഇടുങ്ങിയതായി മാറിയിട്ടുണ്ട്. ഇത് വെള്ളം ഒഴുകിയെത്തുന്നതിന്റെ ശക്തിയും വേഗതയും കൂടുന്നതിന് ഇടയാക്കി. വെള്ളം ഒഴുകിയെത്തുന്ന ഭാഗത്ത് യമുനയുടെ അടിത്തട്ടിൽ ചെളിമണ്ണ് നിറഞ്ഞതും ജലനിരപ്പ് ഉയരുന്നതിന് മറ്റൊരു കാരണമായി.
യമുന കര കവിഞ്ഞൊഴുകി ഡൽഹിയിലെ റോഡുകൾ വെള്ളത്തിനടിയിലാകുന്ന അവസ്ഥ ഇതേവരെയുണ്ടായിട്ടില്ല. രണ്ടുദിവസമായി മഴ ഒഴിഞ്ഞുനിന്നിട്ടും ഡൽഹി പ്രളയ ഭീതിയിലാണ്. തീരമേഖലയിൽനിന്ന് വെള്ളം നഗരപ്രദേശത്തേക്കും നീങ്ങുകയാണ്. തീരമേഖലയിൽനിന്ന് വെള്ളം നഗരപ്രദേശത്തേക്കും നീങ്ങുകയാണ്. വടക്കേ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ പെയ്ത കനത്തമഴയും യമുനയിലേക്കുള്ള നീരൊഴുക്കിന് കാരണമായി. വ്യാഴാഴ്ച ഉച്ചയോടെ നദിയിലേക്ക് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നാണ് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചിരിക്കുന്നത്.