മൂന്നാം മോദി സർക്കാർ അധികാരത്തിലേറുമ്പോള്‍ കഴിഞ്ഞ രണ്ട് തണവയും ഇല്ലാത്ത പ്രത്യേകത ഇത്തവണയുണ്ട്. അക്ഷരാർഥത്തിൽ അതൊരു സഖ്യകക്ഷി സർക്കാരാണ്. ആന്ധ്രാപ്രദേശിലെ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയും ബിഹാറിലെ നിതീഷ് കുമാറിന്റെ ജെഡിയു പാർട്ടിയും ഇല്ലാതെ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് കഴിയില്ല.
പ്രദേശിക പാർട്ടികളായ ജെഡിയുവും ടിഡിപിയും പിന്തുണ പ്രഖ്യാപിക്കുന്നതിന് വേണ്ടി തങ്ങളുടെ ആവശ്യങ്ങൾ ബിജെപിക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇരുപാർട്ടികൾക്കും കാബിനറ്റ് പദവിയോടെ മന്ത്രി സ്ഥാനങ്ങൾ ബിജെപി വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
ബിജെപിയുടെ 240 സീറ്റുൾപ്പെടെ എൻഡിഎയ്ക്ക് 292 സീറ്റാണ് ലഭിച്ചത്. ടിഡിപിക്ക് പതിനാറും ജെഡിയുവിന് പന്ത്രണ്ടും സീറ്റുമാണുള്ളത്. ഈ സീറ്റുകൾ ഉണ്ടെങ്കിൽ മാത്രമാണ് ബിജെപിക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം തികയ്ക്കാനാവു. അതുകൊണ്ട് തന്നെ പരമാവധി ആവശ്യങ്ങൾ നേടിയെടുക്കാനാണ് ഇരുകക്ഷികളുടെയും ശ്രമം.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും സഖ്യകക്ഷി സർക്കാർ അഞ്ച് വർഷം തികയ്ക്കുമോയെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഈ രണ്ട് പാർട്ടികളുടെ ഭാവി എന്തായിരിക്കുമെന്നുള്ള ചോദ്യം അതിലും വലുതാണ്. ബിജെപിയുടെയും എൻഡിഎയുടെയും സമീപകാല ചരിത്രം പരിശോധിച്ചാൽ ബിജെപിയുമായി സഖ്യം രൂപീകരിച്ച പ്രാദേശിക പാർട്ടികളുടെ ശക്തി ക്ഷയിക്കുകയും അതെല്ലാം ബിജെപിയിലേക്ക് എത്തിച്ചേരുന്നതും കാണാം.
പാർട്ടികളിലെ എംപിമാരെ ബിജെപിയിലേക്ക് എത്തിച്ചും പാർട്ടി പിളർത്തിയുമെല്ലാം ബിജെപി വിവിധ സംസ്ഥാനങ്ങളിൽ തങ്ങളുടെ അടവ് പഴറ്റിയിട്ടുണ്ട്. പ്രാദേശിക പാർട്ടികൾക്ക് സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ശക്തി ക്ഷയിക്കുകയും അവിടെ ബിജെപി വളരുകയും ചെയ്യുന്നത് കഴിഞ്ഞ 10 വർഷങ്ങളിൽ കണ്ടതാണ്. ജെഡിയുവിനും ടിഡിപിക്കും ഈ അവസ്ഥയുണ്ടാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
നരേന്ദ്രമോദിയും അമിത് ഷായും നിയന്ത്രിച്ചുകൊണ്ടിരുന്ന ഭരണചക്രം തിരിക്കാൻ ഇനി സഖ്യ കക്ഷികളും കൂടെയുണ്ടാകും. മുമ്പ് ഒറ്റയ്ക്ക് ഭരിച്ചപോലെ അത്ര എളുപ്പമായിരിക്കില്ല ഈ ഇരുവർ സംഘത്തിന് ഇത്തവണത്തെ ഭരണം. അതുകൊണ്ട് തന്നെ ഇപ്പോൾ ഉണ്ടാക്കുന്ന സഖ്യത്തിൽ ഭരണത്തിൽ ഏറിയ ശേഷം ഇതേ സഖ്യകക്ഷികളെ പിളർത്തി ബിജെപി ഒറ്റയ്ക്ക് ഭരണത്തിൽ തുടരുമോയെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.
ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ മത്സരിക്കുന്ന ബിജെപി കാലക്രമേണ സഖ്യകക്ഷിയിലെ പ്രധാന നേതാക്കളെയും വോട്ടർമാരെയും ബിജെപിയിലേക്ക് കൊണ്ടുവരാറുണ്ട്. പാർട്ടിയിലെ അസംതൃപ്തരായ നേതാക്കളെ കൊണ്ട് പാർട്ടി പിളർത്തി, ദുർബലരാക്കി പാർട്ടിയിലേക്ക് കൊണ്ടുവരാനും ബിജെപി ശ്രമിക്കാറുണ്ട്.
ഉത്തരേന്ത്യയിൽ പരീക്ഷിച്ച് വിജയിച്ച ഈ തന്ത്രം ഇനി ദക്ഷിണേന്ത്യയിൽ പരീക്ഷിക്കാൻ സാധിക്കുമോയെന്നാണ് ബിജെപി ശ്രമിക്കുന്നത്. അസം ഗണ പരിഷത്ത് (എജിപി), ശിവസേന, നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), അണ്ണാ ഡിഎംകെ തുടങ്ങിയ പ്രാദേശിക പാർട്ടികൾ ഇത്തരത്തിൽ ബിജെപിയുമായി സഖ്യത്തിലാവുകയും പിന്നീട് തകർച്ചയുടെ പാതയിലേക്ക് പോവുകയും ചെയ്ത പാർട്ടികളാണ്.
അസം, മഹാരാഷ്ട്ര, നാഗാലാൻഡ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കരുത്തരായിരുന്ന ഈ പാർട്ടികൾ ഇന്ന് ദുർബലരാണ്. 2016 മുതലാണ് അസം ഗണ പരിഷത്തുമായി ബിജെപി സഖ്യമുണ്ടാക്കിയത്. എന്നാൽ ഇവിടുത്തെ വോട്ട് ഷെയറുകൾ പരിശോധിക്കുയാണെങ്കിൽ അസം ഗണ പരിക്ഷത്തിന് വോട്ട് വിഹിതം ക്രമേണ കുറയുകയും ബിജെപിക്ക് വർധിക്കുകയും ചെയ്യുന്നത് കാണാം.
വടക്കുകിഴക്കൻ മേഖലയിൽ ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയായ എൻപിഎഫിന്റെ കഥയും വ്യത്യസ്തമല്ല. നാഗാലാൻഡിൽ ബിജെപിക്ക് പ്രവേശനം നൽകിയ എൻപിഎഫ് പിന്നീട് രണ്ടായി പിളരുകയും അതിൽ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് നാഗാലാൻഡ് എന്ന പുതിയ പാർട്ടി ബിജെപിയുമായി ചേരുകയും ചെയ്തു. എൻപിഎഫ് ശക്തി ക്ഷയിച്ച് ചുരുങ്ങിയപ്പോൾ ബിജെപി നാഗാലാൻഡിലെ ശക്തി കേന്ദ്രാവുകയാണ്. മണിപ്പൂരിൽ ഉണ്ടായിരുന്ന എൻപിഎഫിന്റെ സ്വാധീനവും കുറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ മണിപ്പൂരിലെ രണ്ട് സീറ്റുകളിലും കോൺഗ്രസ് ആണ് വിജയിച്ചത്.
സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ചിത്രത്തിൽ തന്നെ ഇല്ലാതായി. 2024 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ, അഞ്ച് തവണ സംസ്ഥാനം ഭരിച്ച എസ്ഡിഎഫ് സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു എന്ന് വേണമെങ്കിൽ പറയാം. സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) ആണ് ബിജെപിയുടെ പുതിയ സഖ്യകക്ഷി. ഓഡീഷയിലും സമാനമാണ് സ്ഥിതി. പാർലമെന്റിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്ന ബിജെഡിയെ താഴെയിറക്കി ഓഡീഷയിലെ ഭരണം നേടുന്ന പാർട്ടിയായി ബിജെപി മാറി. ആന്ധ്രയിലെ വൈഎസ്ആർസിപിയുടെ അവസ്ഥയും ഇത് തന്നെയാണ്.
മഹാരാഷ്ട്രയിൽ സഖ്യകക്ഷിയായിരുന്ന ശിവസേനയെ പിളർത്താനും ഉദ്ദവ്, ഷിൻഡെ പക്ഷങ്ങളാക്കി തിരിക്കാനും ബിജെപിക്ക് കഴിഞ്ഞു. എൻസിപി പാർട്ടിയുടെ അവസ്ഥയും വേറെ ഒന്നുമായിരുന്നില്ല. ശരദ് പവാറും ഉദ്ധവ് താക്കറെയും ബിജെപിയുടെ ആവശ്യങ്ങൾക്ക് വഴങ്ങാതെ ഇരുന്നതോടെയാണ് പാർട്ടി പിളർത്താൻ ബിജെപി തീരുമാനിക്കുന്നത്. തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അണ്ണാഡിഎംകെയുമായി സഖ്യത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ബിജെപിയുടെ അണ്ണാമലെ എടുത്തത്.
അതുകൊണ്ട് തന്നെ സഖ്യകക്ഷി മന്ത്രിസഭ ഉണ്ടാക്കുമ്പോഴും നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ഏറെ ശ്രദ്ധാലുക്കളാണ്. നിലവിൽ അഴിമതികേസുകൾ ഉയർത്തുന്ന ഭീഷണി ചന്ദ്രബാബു നായിഡുവിന് മുകളിൽ ഉണ്ട്. പാർട്ടിയിൽ നിന്ന് ഓപ്പറേഷൻ കമലയിലൂടെ എംപിമാരെ ബിജെപിയിൽ എത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഇരുപാർട്ടികളും എടുക്കുമെന്ന് ഉറപ്പാണ്. എന്നാൽ മോദിയും അമിത്ഷായും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഈ രണ്ട് പാർട്ടികൾക്കും കഴിയുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.