മെയ് മാസത്തിൽ ഇന്ത്യയിൽ മെസേജിങ് ആപ്പായ വാട്സാപ്പ് നിരോധിച്ചത് 65 ലക്ഷം അക്കൗണ്ടുകൾ. ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് നടപടി. പരാതികൾ ലഭിച്ചതിനെ തുടർന്നാണ് 65 ലക്ഷത്തിലധികം ഇന്ത്യൻ ഉപയോക്താക്കളെ വാട്സാപ്പ് നിരോധിച്ചത്. 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമപ്രകാരം എല്ലാ മാസവും ഇത്തരത്തിൽ നിരോധിച്ച ആപ്പുകൾ സംബന്ധിച്ച വിവരങ്ങൾ വാട്സാപ്പ് പുറത്തുവിടാറുണ്ട്.
മെയ് 1 മുതൽ മെയ് 31 വരെയുള്ള ഡാറ്റ ഉൾപ്പെടുത്തിയ കമ്പനിയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 6,50,8,000 അക്കൗണ്ടുകൾ ആണ് നിരോധിച്ചിട്ടുള്ളത്. ഇതിൽ 2,420,700 അക്കൗണ്ടുകൾ മുൻകരുതൽ നടപടിയായാണ് നിരോധിച്ചെതെന്ന് വാട്സാപ്പ് വ്യക്തമാക്കി. കമ്പനിയുടെ പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ നടപടികളിലൂടെയാണ് ശേഷിക്കുന്ന അക്കൗണ്ടുകൾ നിരോധിച്ചത്. റിപ്പോർട്ട് ചെയ്യപ്പെട്ട അക്കൗണ്ടുകൾ ആണിവ.വാട്സാപ്പ് പോളിസികളും രാജ്യത്തെ നിയമങ്ങളും ലംഘിച്ചു എന്ന് കണ്ടെത്തിയാലാണ് അക്കൗണ്ടുകൾ നിരോധിക്കുക.
ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളും അതിന് പ്രതികരണമായി കമ്പനി സ്വീകരിച്ച നടപടികളും ഉൾപ്പെടുത്തിക്കൊണ്ടാണ് വാട്സാപ്പ് പ്രതിമാസ റിപ്പോർട്ട് പുറത്തുവിടുക. തങ്ങളുടെ ഉപയോക്താക്കൾ സമർപ്പിക്കുന്ന എല്ലാ റിപ്പോർട്ടുകളും ശ്രദ്ധാപൂർവം അവലോകനം ചെയ്യുമെന്നും കമ്പനിയുടെ സേവന നിബന്ധനകൾ ലംഘിക്കുന്ന അക്കൗണ്ടുകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കമ്പനി ഉറപ്പുനൽകുന്നു. സ്‌പാം, സ്‌കാമുകൾ, വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവർത്തികൾ പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് ഇതിൽപ്പെടുന്നു.
മെയ് മാസത്തിൽ ആകെ ലഭിച്ച പരാതികൾ 3912 എണ്ണമാണ്. ഈ പരാതികളുടെ അടിസ്ഥാനത്തിൽ 297 അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തു. 2021 ലെ ഐടി നിയമങ്ങൾ പ്രകാരമാണ് അക്കൗണ്ടുകൾ നിരോധിക്കുക. വാട്സ്ആപ്പ് ഉപയോഗിക്കുന്നവരിൽ നിന്നും ലഭിച്ച പരാതികളുടെയും വാട്സ്ആപ്പ് സ്വീകരിച്ച നടപടികളുടെയും വിവരങ്ങൾക്കൊപ്പം തന്നെ യൂസർ-സെക്യൂരിറ്റി റിപ്പോർട്ടിൽ പ്ലാറ്റ്‌ഫോമിലെ തെറ്റായ പ്രവണതകൾ ചെറുക്കുന്നതിനുള്ള വാട്സ്ആപ്പിന്റെ സ്വന്തം പ്രതിരോധ നടപടികളും ഉൾപ്പെടുന്നുവെന്ന് കമ്പനി അറിയിച്ചു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഉറങ്ങിക്കിടക്കുന്ന സമയത്ത് വാട്‌സാപ്പ് തന്റെ അനുമതിയില്ലാതെ ഫോണിലെ മൈക്രോഫോണ്‍ പ്രവർത്തിച്ചു എന്ന് ആരോപണം ഉന്നയിച്ച് ഒരു ഉപയോക്താവ് രംഗത്തെത്തിയിരുന്നു. രാത്രിയില്‍ വാട്‌സാപ്പ് സ്വകാര്യതയെ ലംഘിച്ച് ചാരപ്പണി നടത്തുകയാണ് എന്നായിരുന്നു ആരോപണം. പിന്നാലെ നിരവധിപേര്‍ വാട്‌സാപ്പില്‍ നിന്ന് സമാനമായ അനുഭവം ഉണ്ടായന്ന് ആരോപിച്ചു. എന്നാൽ ഫോണിലെ പ്രൈവസി ഡാഷ്ബോര്‍ഡിലെ വിവരങ്ങള്‍ തെറ്റായി ആട്രിബ്യൂട്ട് ചെയ്യുന്ന ആന്‍ഡ്രോയിഡിലെ ഒരു ബഗ് മൂലമാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതെന്ന് വാട്സാപ്പ് വിശദീകരണം നൽകുകയായിരുന്നു.