INDIA

ഒമിക്രോൺ XBB വകഭേദം: പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; ലോകാരോഗ്യ സംഘടന പോലും പറയാത്ത കാര്യങ്ങള്‍

സാമുഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വിശ്വസിക്കുകയോ കൈമാറുകയോ ചെയ്യരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

വെബ് ഡെസ്ക്

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയതായുള്ള 'വാര്‍ത്തകള്‍'ക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒമിക്രോൺ XBB വകഭേദം കണ്ടെത്തിയതായി സാമുഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. XBB വകഭേദം മാരകമാണെന്നും എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയില്ലെന്നുമാണ് സാമുഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ആരോഗ്യ മന്ത്രലായത്തിന്റെ അറിയിപ്പ്.

ഒമിക്രോണിന്റെ പുതുതായി കണ്ടെത്തിയ XBB ഉപ വകഭേദം അഞ്ചിരട്ടി ഗുരുതരമാണെന്നാണ് പ്രചാരണം. ഡെൽറ്റ വകഭേദത്തേക്കാൾ ഉയർന്ന മരണനിരക്കുണ്ടെന്നും അവകാശപ്പെടുന്ന വാട്സ്ആപ്പ് സന്ദേശമാണ് ഏതാനും ദിവസമായി സാമുഹ്യമാധ്യങ്ങളില്‍ പ്രചരിക്കുന്നത്. രോഗലക്ഷണങ്ങള്‍ മറ്റ് വകഭേദങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. XBB വകഭേദത്തിന്റെ ലക്ഷണങ്ങളിൽ ചുമയോ പനിയോ ഉൾപ്പെടുന്നില്ല. സന്ധി വേദന, തലവേദന, കഴുത്ത് വേദന, പുറം വേദന, ന്യുമോണിയ, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. പലപ്പോഴും രോഗലക്ഷണങ്ങൾ ഉണ്ടാവുകയില്ല, കുറഞ്ഞ സമയത്തിനുള്ളിൽ വൈറസ് അതീവ ഗുരുതരമാകുകയും ചെയ്യും. ലക്ഷണമില്ലാത്തവരാണെങ്കിലും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണം. കൈകൾ ഇടയ്ക്കിടെ കഴുകണമെന്നുമാണ് വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നത്.

സന്ദേശം വ്യാജമാണെന്ന് പറയുന്നതിനോടൊപ്പം ഇത് വിശ്വസിക്കുകയോ കൈമാറുകയോ ചെയ്യരുതെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളോട് നിർദ്ദേശിക്കുന്നു

പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് അടിവരയിടുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അത് വിശ്വസിക്കുകയോ കൈമാറുകയോ ചെയ്യരുത്. എക്സ്ബിബി ഒമിക്രോണിനേക്കാൾ മാരകമാണെന്ന് ലോകാരോഗ്യ സംഘടന നിലവിൽ പുറത്തുവിട്ട വിവരങ്ങളിൽ എവിടെയും സൂചിപ്പിക്കുന്നില്ല. ചൈനയിലെ ഗുരുതരാവസ്ഥക്ക് കാരണം മിക്രോൺ വകഭേദമായ ബിഎഫ്.7 ആണ്. മുൻകാല വൈറസ് ബാധകൾ മൂലം ജനങ്ങളിൽ സ്വാഭാവികമായി പ്രതിരോധ ശേഷി കുറഞ്ഞതും ഇപ്പോഴത്തെ വ്യാപനത്തിന് ഒരു കാരണമാകാം എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

ആഗോള തലത്തിൽ കോവിഡ് വീണ്ടും പിടിമുറുക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം നിര്‍ദേശം നൽകിയിരുന്നു. അതേസമയം ഒമിക്രോൺ വകഭേദം ബിഎഫ്. 7 ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലും ഒഡീഷയിലുമായി ആകെ നാല് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം