INDIA

'മാപ്പി'ല്‍ പിഴവ്; മാപ്പ് പറഞ്ഞ് വാട്സ്ആപ്പ്

വെബ് ഡെസ്ക്

ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വീറ്റ് ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വാട്സ്ആപ്പ്. വിഷയം ചൂണ്ടിക്കാട്ടി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റ് ചെയ്ത ട്വീറ്റിന് നല്‍കിയ മറുപടിയിലാണ് വാട്സ്ആപ്പ് ഖേദപ്രകടനം നടത്തിയത്.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ലൈവ് സ്ട്രീമിംഗ് ലിങ്കില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വീറ്റ് ചെയ്തിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ട മന്ത്രി പിഴവ് ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാട്‌സാപ്പിനെ ടാഗ് ചെയ്ത് ട്വീറ്റ്‌ ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും രാജ്യത്തിന്റെ ശരിയായ ഭൂപടം ഉപയോഗിക്കണമെന്നും മന്ത്രി ട്വീറ്റില്‍ കുറിച്ചിരുന്നു.

മന്ത്രിയുടെ ട്വീറ്റിനു പിന്നാലെ തന്നെ വാട്സ്ആപ്പ് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും അശ്രദ്ധമായ പിഴവിന് ക്ഷമ ചോദിക്കുകയും ചെയ്തു. 'തെറ്റ് ചൂണ്ടിക്കാണിച്ചതിന് മന്ത്രിക്ക് നന്ദി; ഞങ്ങള്‍ ഉടന്‍ തന്നെ സ്ട്രീം നീക്കം ചെയ്തു, പിഴവില്‍ ഖേദിക്കുന്നു. ഭാവിയില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും,' മന്ത്രിയുടെ ട്വീറ്റിന് മറുപടിയായി വാട്ട്സ്ആപ്പ് പറഞ്ഞു.

ഇന്ത്യയുടെ ഭൂപടവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ രണ്ടാമത്തെ മുന്നറിയിപ്പാണ് രാജീവ് ചന്ദ്രശേഖര്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കുന്നത്. അടുത്തിടെ, ഇന്ത്യയുടെ അപൂര്‍ണമായ ഭൂപടം കാണിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തതിന് ചന്ദ്രശേഖര്‍ സൂം സിഇഒയും സ്ഥാപകനുമായ എറിക് യുവാനെതിരെ രംഗത്തുവന്നിരുന്നു.

നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതോ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതോ ആയ രാജ്യങ്ങളുടെ ശരിയായ മാപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ലോകമെമ്പാടുമുള്ള മികച്ച വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളെ ഹൈലൈറ്റ് ചെയ്യുന്ന വീഡിയോയാണ് യുവാന്‍ ട്വീറ്റ് ചെയ്തത്.

ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശം ഇല്ലാത്ത ഇന്ത്യയുടെ തെറ്റായ ഭൂപടമായിരുന്നു ട്വീറ്റിലെ വീഡിയോയില്‍ ഉണ്ടായിരുന്നത്. ചന്ദ്രശേഖറിന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ സൂം സിഇഒ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും തെറ്റ് ചൂണ്ടിക്കാണിച്ച മന്ത്രിയടക്കമുള്ളവര്‍ക്ക് നന്ദി പറയുകയും ചെയ്തിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും