INDIA

മുന്‍കൂര്‍ നോട്ടീസില്ല, അറിയിപ്പില്ല; ബുള്‍ഡോസറില്‍ ഞെരിയുന്ന കശ്മീര്‍

കഴിഞ്ഞ ഏപ്രിലില്‍ മധ്യപ്രദേശ്, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളിൽ വീടുകളും കടകമ്പോളങ്ങളും പൊളിച്ച്‌ നീക്കിയ നടപടി പച്ചയായ മനുഷ്യാവകാശ ലംഘനം ആയിരുന്നു

വെബ് ഡെസ്ക്

അനധികൃതമെന്ന് ചൂണ്ടിക്കാട്ടി വീടുകളും കടകമ്പോളങ്ങളും പൊളിച്ചു നീക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍. ഒറ്റനോട്ടത്തില്‍ ധീരമാമെന്ന് തോന്നിപ്പിക്കുന്ന ഇത്തരം നടപടികള്‍ അടുത്തിടെയായി ഇന്ത്യയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. പ്രത്യേകിച്ചും ബിജെപി ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലെ സംഭവങ്ങള്‍. ഇതിലെ ഒടുവിലെ ഉദാഹരണമായി മാറുകയാണ് കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ നടപടികള്‍.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരെയും പാവപ്പെട്ടവര്‍ക്കെതിരെയും ആസൂത്രിതമായി ബുള്‍ഡോസര്‍ രാജ് നടക്കുന്നുവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. 2022 ല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലീങ്ങളുടെയും പാവപ്പെട്ടവരുടെയും വീടുകള്‍ പൊളിച്ചു നീക്കിയ നിരവധി സംഭവങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 100ഓളം രാജ്യങ്ങളില്‍ ഉണ്ടായ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടിലാണ് 'ബുള്‍ഡോസര്‍ രാജ്' ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ ഒരുവഴിക്ക് പുരോഗമിക്കുമ്പോഴും, നിലപാടില്‍ മാറ്റം വരുത്താനില്ലെന്ന് തെളിയിക്കുന്നതാണ് കേന്ദ്രം നേരിട്ട് ഭരിക്കുന്ന കശ്മീരില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നത്.

എന്താണ് കാശ്മീരിൽ സംഭവിക്കുന്നത്?

ജമ്മു കശ്മീരിലെ രാഷ്ട്രീയക്കാരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നവർ രേഖകൾ ഇല്ലാതെ കൈക്കലാക്കിയ ഭൂമി തിരിച്ചു പിടിക്കുക എന്ന പേരിലാണ് ജനുവരിയിൽ ഒഴിപ്പിക്കൽ നടപടി ആരംഭിക്കുന്നത്. ഇത് പ്രകാരം ജില്ലാ കളക്ടർമാർക്ക് റവന്യു വകുപ്പ് അയച്ച ഉത്തരവ് പ്രകാരം സർക്കാർ ഭൂമി, പാട്ടഭൂമി, പൊതു ഉപയോഗ ഭൂമി, ആളുകൾ കൈവശപ്പെടുത്തിയ മേച്ചിൽ ഭൂമി എന്നിവ തിരിച്ചെടുക്കാൻ സർക്കാർ നിർദേശിക്കുകയും ചെയ്തു.

അന്ന് മുതൽ വൻ പൊളിച്ചുനീക്കൽ യജ്ഞത്തിനാണ് ജമ്മു കാശ്മീർ സാക്ഷ്യം വഹിക്കുന്നത്. ആയിരം ഏക്കറോളം ഭൂമി തിരിച്ച്‌ പിടിച്ചപ്പോൾ അനവധി നിർമിതികളില്‍ ബുള്‍ഡോസറുകള്‍ കയറിയിറങ്ങി. നടപടികൾക്ക് തടസം നിൽക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനാണ് നിയമപാലകർക്ക് മുകളിൽ നിന്നുള്ള നിർദേശം.

തലമുറകളായി കൈമാറി വരികയും കൃഷിയുള്‍പ്പെടെ ചെയ്തുവരുന്ന ഭൂമിയുള്‍പ്പെടെയാണ് അനധികൃതമെന്ന പേരിൽ പിടിച്ചെടുക്കപ്പെടുന്നത്. കൂടാതെ സംസ്ഥാനത്തെ ജനങ്ങൾക്ക് ഭൂമി ലഭ്യമാക്കാനായി നടത്തിയ പരിഷ്കരണ നടപടികൾക്ക് തുരങ്കം വയ്ക്കലും ഇതിനിടെ പുരോഗമിക്കുന്നു എന്നാണ് ആക്ഷേപം.

1950ൽ ഭൂരഹിതരായ കൃഷിക്കാർക്ക് അത് ലഭ്യമാക്കാൻ ഷെയ്ഖ് അബ്‌ദുല്ല നടപ്പിലാക്കിയ പദ്ധതി ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടാം. 2007 ൽ ജമ്മു കശ്മീർ അസംബ്ലി പാസ്സാക്കിയ സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം കൈവശക്കാർക്ക് നൽകുന്ന റോഷ്‌നി ആക്ടും, കൃഷിക്കാർക്ക് സൗജന്യമായും കൃഷി ഇതര ഭൂമി നാമമായ വിലയ്ക്ക് ലഭ്യമാക്കാനുള്ള നിയമങ്ങൾ റദ്ദാക്കിയ നടപടികളും ഇപ്പോൾ നടക്കുന്ന പൊളിച്ചുനീക്കലുമായി കൂട്ടി വായിക്കേണ്ടതാണ്. 2018 ൽ കേന്ദ്ര ഭരണം ഏർപ്പെടുത്തിയ ശേഷമാണ് ഗവർണർ ഈ നിയമങ്ങൾ റദ്ദാക്കിയത്. ഇതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇപ്പോഴത്തെ അനധികൃത ഭൂമിയൊഴിപ്പിക്കൽ.

പ്രക്ഷോഭം

അനധികൃതം എന്ന് ചൂണ്ടിക്കാട്ടി ബുൾഡോസറുകള്‍ മുന്നിലെത്തുമ്പോള്‍ സാധാരണക്കാരായ ജനങ്ങളാണ് മിക്കപ്പോഴും ദുരിതം നേരിടുന്നത്. ഇതിനൊപ്പം സർക്കാരിന് എതിരെ നിൽക്കുന്ന രാഷ്ട്രീയക്കാരും, ന്യൂന പക്ഷ വിഭാഗങ്ങളും ലക്ഷ്യമാകുന്നു. പൊളിക്കുന്നത് സംബന്ധിച്ച മുൻ‌കൂർ നോട്ടീസോ, കയ്യേറ്റം നടത്തിയെങ്കിൽ അതിന്റെ കാരണം ബോധിപ്പിക്കാനുള്ള സാവകാശമോ നൽകാതെ നേരിട്ട് ബുൾഡോസറുകൾ അയക്കുകയാണ് അധികാരികൾ.

സർക്കാര്‍ നടപടി ജനങ്ങളുടെ ഉപജീവന മാർഗം നശിപ്പിക്കാനും, അവരെ ഭവന രഹിതർ ആക്കി തീർക്കുകയുമാണെന്നും ആക്ഷേപം ശക്തമാണ്. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷോഭവും ആരംഭിച്ച് കഴിഞ്ഞു. സ്വന്തം കിടപ്പാടം നഷ്ടപ്പെടുമോ എന്ന ഭയത്തിൽ ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങളുമായി സ്ത്രീകളടക്കമുള്ള ജനങ്ങൾ തെരുവിലിറങ്ങി. വിവിധ ഭാഗങ്ങളിലായി നടന്ന പ്രക്ഷോഭ പരിപാടികൾ കല്ലേറടക്കമുള്ള അനിഷ്ടസംഭവങ്ങളും അരങ്ങേറി. കഴിഞ്ഞ ആഴ്ചയിൽ നടന്നകല്ലേറിൽ മാത്രമായി അഞ്ച് പേരെ അറസ്റ്റ് ചെയ്തപ്പോൾ നാല് പേർ കരുതൽ തടങ്കലിലാണ്.

പ്രതിപക്ഷം പറയുന്നത്

രാഷ്ട്രീയ വൈരം തീർക്കലാണ് പൊളിച്ചുനീക്കൽ യജ്ഞത്തിന്റെ പ്രധാന കാരണമെന്ന് ഉന്നയിക്കുന്ന പ്രതിപക്ഷം അതിന് മതവും ഒരു മാനദണ്ഡമാകുന്നുവെന്നും ആരോപിക്കുന്നു. കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്‌ദുല്ല, മെഹബൂബ മുഫ്തി, മുൻ മന്ത്രി സജ്ജാദ് ലോൺ എന്നിവർ നടപടികൾക്കെതിരെ പരസ്യമായി രംഗത്തുവന്നു.

പലസ്തീനിനേക്കാൾ മോശമായ അവസ്ഥയിലേക്കാണ് കാശ്മീരിൽ കാര്യങ്ങൾ നീങ്ങുന്നത് എന്നായിരുന്നു പിഡിപി നേതാവായ മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം. കാശ്മീരിനെ അഫ്ഗാനിസ്ഥാനാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും മുഫ്തി ആരോപിച്ചു.

അതേസമയം ആളുകളെ ഒഴിപ്പിക്കാനുള്ള ആദ്യ നടപടിയായാണ് കേന്ദ്രസർക്കാർ ബുൾഡോസറുകളെ കാണുന്നതെന്ന് ഒമർ അബ്‌ദുല്ല കുറ്റപ്പെടുത്തി. കേന്ദ്രം നടപടികളിൽ വർഗീയതയുടെ മുഖം കൊണ്ട് വരുന്നെന്ന് സജ്ജാദ് ലോൺ പറഞ്ഞു. "മോദി എല്ലാവരുടെയും പ്രധാനമന്ത്രിയാണെന്നാണ് കരുതിയത്, പക്ഷെ എനിക്ക് തെറ്റുപറ്റി ആരാണ് എന്റെ പ്രധാനമന്ത്രി, നിങ്ങൾ കുടിയൊഴിപ്പിക്കുന്ന ജനങ്ങളുടെ പ്രധാനമന്ത്രി ആരാണ്" സജ്ജാദ് ലോൺ ചോദിച്ചു. നടപടി നേരിടുന്നതിൽ 90-95 ശതമാനം പേരും മുസ്ലിങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

അധികാരികൾ പറയുന്നു

പ്രതിഷേധങ്ങൾ ഉയരുമ്പോഴും നടപടികളിൽ അയവ് വരുത്താൻ ഒരു തരത്തിലുള്ള നീക്കവും നടക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. ഭൂമാഫിയയുടെ പക്കൽ നിന്നും ഭൂമി തിരിച്ചുപിടിക്കാനാണ് ശ്രമമാണ് നടക്കുന്നത് ആവർത്തിക്കുകയാണ് അധികാരികൾ. പ്രക്ഷോഭങ്ങളിൽ സാധാരണക്കാരനെ ബാധിക്കില്ലന്ന് ജമ്മു കാശ്മീർ ലഫ്റ്റനന്റ്‌ ഗവർണർ മനോജ് സിൻഹയുടെ വാക്കുകളും നടപടികള്‍ തുടരുമെന്നതിന്റെ സൂചനകള്‍ നല്‍കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ