പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഐശ്വര്യലബ്ധിക്ക് വേണ്ടി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ദമ്പതികളും ഇടനിലക്കാരനുമടക്കം മൂന്ന് പേരാണ് പിടിയിലായത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അന്ധവിശ്വാസങ്ങളുടെ പേരിലുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമനിർമാണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. ഈ ആവശ്യമുന്നയിച്ച് 2021 ഓഗസ്റ്റ് ആറിന് എംഎല്‍എ കെ ഡി പ്രസേനന്‍ നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത് ചർച്ചകള്‍ക്ക് വഴിവെച്ചതിന്റെ ഭാഗമായി നിയമ പരിഷ്‌കാര കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശകള്‍ കൈമാറിയിരുന്നു. കരടുബില്ലായെങ്കിലും തുടർനടപടികളില്ലാതെ പാതിവഴിയിലാണ് ചർച്ചകള്‍.
ദുർമന്ത്രവാദത്തിന് തടയിട്ട് ആദ്യം നിയമം നിർമിച്ചത് 1999ല്‍ ബിഹാറിലാണ്
രാജ്യത്ത് എട്ട് സംസ്ഥാനങ്ങളില്‍ അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ നിയമം നിലനില്‍ക്കുന്നുണ്ട്. 1999 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നുതുടങ്ങിയെങ്കിലും അതൊക്കെ കാറ്റില്‍പ്പറത്തിയാണ് പല സംസ്ഥാനങ്ങളിലും ഇത്തരം കാര്യങ്ങൾ നടക്കുന്നത്. നിയമങ്ങള്‍ കാര്യക്ഷമമല്ലെന്നാണ് പൊതുവിലുയരുന്ന ആക്ഷേപം. നിയമംമൂലമുള്ള നിരോധനം മാത്രം പോര അന്ധവിശ്വാസം തടയാൻ എന്ന് വ്യക്തം. മാറേണ്ടത് ആളുകളുടെ സമീപനമാണ്.
സംസ്ഥാനങ്ങളും നിയമങ്ങളും
ദുർമന്ത്രവാദത്തിന് തടയിട്ട് നിയമം നിർമിച്ച ആദ്യത്തെ സംസ്ഥാനമാണ് ബിഹാര്‍. 1999ലായിരുന്നു ഇത്. പിന്നാലെ ഝാർഖണ്ഡിലും നിയമം മൂലം നിരോധനം വന്നു. എന്നാല്‍, അതിനുശേഷവും നിരവധി സംഭവങ്ങളാണ് ഝാർഖണ്ഡില്‍ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
2005ലാണ് ഛത്തീസ്ഗഡില്‍ സമാന നിയമം നിലവില്‍വന്നത്. ദുർമന്ത്രവാദം വഴി ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചാല്‍ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കും.
2013ല്‍ ഒഡീഷയിലും നിയമം പ്രാബല്യത്തിലായി. ആഭിചാരക്രിയകളുടെയോ ദുർമന്ത്രവാദത്തിന്റെയോ പേരില്‍ പീഡിപ്പിച്ചാല്‍ ഒന്ന് മുതല്‍ മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കും വിധമാണ് ഒഡീഷയിലെ നിയമം. എന്നാല്‍,നിരോധനം വന്നിട്ടും മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഒഡീഷയിലും നിരവധി സംഭവങ്ങള്‍ പിന്നീടുമുണ്ടായിട്ടുണ്ട്. ശാസ്ത്രവും സാങ്കേതിക വിദ്യകളും വികസിച്ച 21-ാം നൂറ്റാണ്ടിലും അനാചാരങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്നാണ് ഒരു കേസ് പരിഗണിക്കവെ കഴിഞ്ഞ വർഷം, ഒഡീഷ ഹൈക്കോടതി നിരീക്ഷിച്ചത്.
2013 ഡിസംബര്‍ 18നാണ് മഹാരാഷ്ട്ര അന്ധവിശ്വാസങ്ങള്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. സംസ്ഥാനത്ത് പലയിടത്തും നരബലിയും മറ്റും വർധിച്ച സാഹചര്യത്തിലാണ് ദുർമന്ത്രവാദം, ആഭിചാരക്രിയകള്‍,നരബലി എന്നിവ നിരോധിച്ച് മഹാരാഷ്ട്ര നിയമം നിർമിച്ചത്. ഡോ.നരേന്ദ്ര ധാഭോല്‍ക്കറുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ബോധവത്കരണ പ്രക്ഷോഭള്‍ക്ക് വെളിച്ചംകണ്ടത് പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷമായിരുന്നു.18 വര്‍ഷം നീണ്ടു നിന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് നിയമം പാസായത്. ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 5000 മുതല്‍ 50,000 രൂപ വരെ പിഴയും ചുമത്താനാണ് നിയമം വ്യവസ്ഥ ചെയ്തിരിക്കുന്നത്.
അസമില്‍ പ്രകൃതിദുരന്തങ്ങളുടെയോ കൃഷിനാശത്തിന്റെയോ, ആരുടെയെങ്കിലും മരണത്തിന്റെയോ പേരില്‍ ആർക്കെങ്കിലുമെതിരെ തെറ്റായ പ്രചാരണം നടത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്താല്‍ പോലും കേസെടുക്കാം
2013ല്‍ കർണാടകയും 2015ല്‍ രാജസ്ഥാനും നിയമം പാസാക്കി. ആഭിചാരം, മന്ത്രവാദം, മതത്തിന്റെ പേരില്‍ മൃഗങ്ങളെയോ മനുഷ്യരെയോ അപകടപ്പെടുത്തല്‍ എന്നിവയ്ക്കൊക്കെ കർണാടകയില്‍ നിരോധനം വന്നു. നരബലി, സ്ത്രീകളെ നഗ്നരാക്കല്‍, അമാനുഷിക ശക്തികളുടെ സഹായത്തോടെയെന്ന പേരില്‍ ലൈംഗിക ചൂഷണം എന്നിവയ്ക്കെതിരെയും നിയമം വ്യവസ്ഥ ചെയ്യുന്നു.
അന്ധവിശ്വാസങ്ങള്‍ക്കെതിരായ അസമിലെ നിയമം കുറച്ചുകൂടെ കർക്കശമാണ്. വെള്ളപ്പൊക്കം, മലയിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെയോ കൃഷിനാശത്തിന്റെയോ, ഗ്രാമത്തിലെ ആരുടെയെങ്കിലും മരണത്തിന്റെയോ പേരില്‍ ആർക്കെങ്കിലുമെതിരെ തെറ്റായ പ്രചാരണം നടത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്താല്‍ പോലും കേസെടുക്കാം. പ്രതിയുടെ സ്വത്ത് കണ്ടുക്കെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യാം. ദുരാചാരത്തിന്റെ മറവില്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണം, മുടിമുറിക്കുകയോ കത്തിക്കുകയോ ചെയ്താല്‍, അവയവങ്ങള്‍ ഛേദിക്കല്‍, മൂർച്ചയുള്ള ആയുധം കൊണ്ട് പരിക്കേല്‍പ്പിക്കല്‍, കല്ലെറിയല്‍, കുത്തിപ്പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ എന്തും നിയമത്തിന്റെ കീഴില്‍ ഗുരുതര കുറ്റമാണ്. 2015ലാണ് നിയമം പ്രാബല്യത്തിലായത്.