INDIA

സിനിമാ നടനാകാന്‍ ആഗ്രഹിച്ചു, ട്യൂഷന്‍ ടീച്ചറായി, ഇന്ന് ശതകോടീശ്വരന്‍; നീറ്റ് പോരാട്ടത്തിലെ 'ഫിസിക്‌സ്‌വാല'

നീറ്റ് പരീക്ഷയുടെ മറവില്‍ നടക്കുന്ന വന്‍ തട്ടിപ്പിനെ കുറിച്ച് നിരന്തരം സംസാരിക്കുകയും നിയമപോരാട്ടം നടത്തുകയും ചെയ്ത അലഖ് പാണ്ഡെയുടെ പ്രവര്‍ത്തനങ്ങള്‍ വലിയതോതില്‍ ചര്‍ച്ചയാവുകയാണ്

വെബ് ഡെസ്ക്

മെഡിക്കല്‍ ബിരുദ പ്രവേശനപരീക്ഷയായ നീറ്റിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കൊടുവില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ഥികളുടെ സ്‌കോര്‍ കാര്‍ഡ് റദ്ദാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുകയാണ്. പരീക്ഷാ ഫലം വിവാദമായ പശ്ചാത്തലത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന്റെ ശിപാര്‍ശ കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ, നീറ്റ് പരീക്ഷയുടെ മറവില്‍ നടക്കുന്ന വന്‍ തട്ടിപ്പിനെ കുറിച്ച് നിരന്തരം സംസാരിക്കുകയും നിയമപോരാട്ടം നടത്തുകയും ചെയ്ത അലഖ് പാണ്ഡെയുടെ പ്രവര്‍ത്തനങ്ങള്‍ വലിയതോതില്‍ ചര്‍ച്ചയാവുകയാണ്.

2024 മെയ് അഞ്ചിനായിരുന്നു നീറ്റ് പരീക്ഷ നടന്നത്. അതിന് പിന്നാലെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണം ഉയരുകയും പട്‌നയില്‍ 13 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജൂണ്‍ നാലിന് പരീക്ഷാഫലം പുറത്തുവരുന്നത്. പിന്നാലെ നിരവധി പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചിലര്‍ക്ക് മാത്രം ഗ്രേസ് മാര്‍ക്ക് നല്‍കിയതുമൊക്കെ വലിയ ചര്‍ച്ച ആയിരുന്നു.

24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് രാജ്യമൊട്ടാകെ നീറ്റ് പരീക്ഷയെഴുതിയത്. നിശ്ചയിച്ചതിലും നേരത്തെയാണ് ഫലം പ്രസിദ്ധീകരിച്ചത്. ഇതില്‍ 67 പേര്‍ക്കാണ് 720-ല്‍ 720 മാര്‍ക്കും ലഭിച്ചത്. നീറ്റ് പരീക്ഷ നടത്തിപ്പിന് എതിരെ വിവിധ വിദ്യാര്‍ഥി-സന്നദ്ധ സംഘടനകള്‍ക്കൊപ്പം അലഖ് പാണ്ഡെയും നിയമപോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. നീറ്റ് പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കണമെന്നാണ് ഫിസിക്‌സ് വാല സ്ഥാപകനും സിഇഒയുമായ അലഖ് പാണ്ഡെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. നീറ്റ് പരീക്ഷയുടെ നിശിത വിമര്‍ശകനായ അലഖിന്റെ പോരാട്ടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ആരാണ് അലഖ് പാണ്ഡെ?

ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നിന്നുള്ളയാളാണ് പാണ്ഡെ. കുട്ടിക്കാലത്ത് സിനിമാ നടന്‍ ആകണമെന്നായിരുന്നു അലഖിന്റെ ഗ്രഹം. ഇതിനുവേണ്ടി ഒരുപാട് പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കാനായിരുന്നു അലഖിന്റെ 'തലവിധി'. എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുത്തുകൊണ്ടായിരുന്നു അലഖിന്റെ വിദ്യാഭ്യാസ മേഖലയിലേക്കുള്ള കടന്നുവരവ്. ഫിസിക്‌സ് ആയിരുന്നു അലഖിന്റെ ഇഷ്ട വിഷയം. ഈ ഫിസിക്‌സ്തന്നെ പിന്നീട് അദ്ദേഹത്തിന്റെ ജീവിത മാര്‍ഗമായി മാറുകയും ചെയ്തു. കാന്‍പൂരിലെ ഒരു കോളേജില്‍ ബി ടെക്കിന് ചേര്‍ന്ന അലഖ്, കോഴ്‌സ് പൂര്‍ത്തിയാകാത്തെ ട്യൂഷന്‍ മേഖലയിലേക്ക് തിരികെ പോയി. തുടര്‍ന്നാണ്, ''ഫിസിക്‌സ് വാല' ഓണ്‍ലൈന്‍ ട്യൂഷന്‍ പദ്ധതിയുടെ തുടക്കം. ഇന്ന് യുപിയിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളാണ് അലഖ്.

അലഖ് പാണ്ഡെ

2016-ലാണ് നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളെ ഫിസിക്‌സ് വിഷയത്തില്‍ സഹായിക്കാനായി അലക് ഫിസിക്‌സ് വാല എന്ന പേരില്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ഇന്ന് ഫിസിക്‌സ് വാലയ്ക്ക് 61 യൂട്യൂബ് ചാനലുകളും ഓണ്‍ലൈന്‍ ട്യൂഷന്‍ ആപ്പുമുണ്ട്. 31 മില്യണ്‍ സബ്‌സ്‌ക്രൈബേര്‍സ് ആണ് ഈ യൂട്യൂബ് ചാനലുകള്‍ക്കുള്ളത്. പാണ്ഡെയുടെ ആസ്തി 2,000 കോടിക്ക് മുകളിലാണ് എന്നാണ് റിപ്പോര്‍ട്ട്.

നീറ്റ് പരീക്ഷയ്ക്ക് എതിരെയും പരീക്ഷയുടെ മറവില്‍ നടക്കുന്ന തിരിമറികളെ കുറിച്ചും അലഖ് നിരന്തരമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്. നീറ്റ് പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് അലഖിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചത്. തനിക്ക് രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് പാണ്ഡെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ''ഞാന്‍ കോടതിയിലും നിയമ വ്യവസ്ഥയിലും വിശ്വസിക്കുന്നു. നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിക്കും'', അലഖ് പാണ്ഡെ കുറിച്ചു.

സുതാര്യത നഷ്ടപ്പെടുന്ന നീറ്റ്

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഇടത് വിദ്യാര്‍ഥി സംഘടനകളും തമിഴ്‌നാട് സര്‍ക്കാരും നിരന്തരം ആവശ്യപ്പെടുന്നതാണ്. ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനംതന്നെ, ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ നീറ്റ് പരീക്ഷ പിന്‍വലിക്കും എന്നായിരുന്നു. നീറ്റ് പരീക്ഷയുടെ സുതാര്യതയും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടിയാണ് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ പരീക്ഷയ്ക്ക് എതിരെ സമരം ചെയ്തത്. നീറ്റ് യുജി പരീക്ഷ സംബന്ധിച്ച് സുതര്യത നിലനിര്‍ത്തുന്നതില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ദയനീയമായി പരാജയപ്പെട്ടതായാണ് വിമര്‍ശനം. ഈ വര്‍ഷം നടത്തിയ പരീക്ഷകള്‍ റദ്ദാക്കി പുതിയ പരീക്ഷ നടത്തണം എന്നാണ് ഭൂരിപക്ഷം രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.

ഇത്തവണ 67 വിദ്യാര്‍ഥികളാണ് മുഴുവന്‍ മാര്‍ക്കും നേടി വിജയിച്ചത്. അതായത് 720ല്‍ 720 മാര്‍ക്ക്. ഉത്തരേന്ത്യ ആസ്ഥാനമായുള്ള കോച്ചിങ് സെന്ററുകളിലെ ചില വിദ്യാര്‍ഥികള്‍ 100 ശതമാനം മാര്‍ക്ക് നേടി. സമൂഹമാധ്യമങ്ങളില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതിരെ പരീക്ഷാ ദിവസം ദേശീയ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ കുറ്റക്കാരായ ചില വിദ്യാര്‍ഥികള്‍ക്കെതിരെ എന്‍ടിഎ നടപടിയെടുത്തെങ്കിലും ഇത് വലിയ ശൃംഖലയുടെ ഇങ്ങേയറ്റം മാത്രമാണ് എന്നാണ് വിലയിരുത്തല്‍.

മേയ് 5 ന് നടത്തിയ പരീക്ഷയുടെ ഫലം 2024 ജൂണ്‍ 4 നാണ് പ്രസിദ്ധീകരിച്ചത്. മൂല്യനിര്‍ണയ സമയത്ത് പരീക്ഷാവേളയിലെ സമയക്കുറവിനെക്കുറിച്ച് പരാതിപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എന്‍ടിഎ ഗ്രേസ് മാര്‍ക്ക് അനുവദിച്ചു. എന്നാല്‍ തീരുമാനം അശാസ്ത്രീയമായതിനാല്‍ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചില്ലെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. 67 ഒന്നാം റാങ്കുകാര്‍ക്ക് ഗ്രേസ് മാര്‍ക്ക് അശാസ്ത്രീയമായി അനുവദിച്ചതായി രക്ഷിതാക്കള്‍ പറയുന്നു. 700 മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ 300-400 റാങ്ക് ലഭിച്ചിരുന്നു, എന്നാല്‍ ഈ വര്‍ഷം അവരുടെ നിര്‍ദ്ദിഷ്ട റാങ്ക് 2000 ന് മുകളിലായിരുന്നു. അതിനാല്‍ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം പ്രവചിക്കാന്‍ കഴിഞ്ഞില്ല. 11.65 ലക്ഷം വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണിത്. ഈ വര്‍ഷം ജനറല്‍ വിഭാഗത്തിന് ഏറ്റവും കുറഞ്ഞ കട്ട് ഓഫ് മാര്‍ക്ക് 164 ആയിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം