INDIA

ലവ് ജിഹാദിൽ മുസ്ലിം വിഭാഗത്തിനെതിരെ ആരോപണമുന്നയിച്ചും യോഗിയെ പുകഴ്ത്തിയും വെട്ടിൽ; ജഡ്ജി രവികുമാർ ദിവാകർ ആരാണ്?

ബലാത്സംഗക്കുറ്റത്തിന് മുസ്ലിം യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കവെ, മുസ്ലിം പുരുഷന്മാർ ആസൂത്രിതമായി ഹിന്ദു സ്ത്രീകളെ പ്രണയം നടിച്ച് വിവാഹത്തിലൂടെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്

വെബ് ഡെസ്ക്

രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ ലവ് ജിഹാദ് ആരോപണം ഉന്നയിച്ച് വീണ്ടും വിവാദങ്ങളിൽ കുടുങ്ങിയിരിക്കുകയാണ് ഉത്തർ പ്രദേശ് ജില്ലാകോടതി ജഡ്ജി രവികുമാർ ദിവാകർ. ഒക്ടോബർ രണ്ടിനായിരുന്നു രവികുമാർ ദിവാകർ കോടതിമുറിക്കുള്ളിൽ വിവാദപരാമർശം നടത്തിയത്.

ബലാത്സംഗക്കുറ്റത്തിന് മുസ്ലിം യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കവെ, മുസ്ലിം പുരുഷന്മാർ ആസൂത്രിതമായി ഹിന്ദു സ്ത്രീകളെ പ്രണയം നടിച്ച് വിവാഹത്തിലൂടെ ഇസ്ലാമിലേക്കു പരിവർത്തനം ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. ഇതോടെ അദ്ദേഹത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അടുപ്പവും മുൻപ് നടത്തിയ വിവാദ പ്രസ്താവനകളുമെല്ലാം ചർച്ചയായിരിക്കുകയാണ്.

ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട വിധിപ്രസ്താവം, യോഗി ആദിത്യനാഥിനെ പുകഴ്ത്തൽ തുടങ്ങി പല വിവാദങ്ങളിലും ഉയർന്നുകേട്ട പേരായിരുന്നു ജഡ്ജി രവികുമാർ ദിവാകറിന്റേത്. ഏറ്റവും പുതുതായി ലവ് ജിഹാദ് സംബന്ധിച്ച് നടത്തിയ ആരോപണത്തിൽ, ജനസംഖ്യ വർധിപ്പിക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായി ഒരു പ്രത്യേക വിഭാഗത്തിലെ അരാജകസംഘം പ്രവർത്തിക്കുന്നുവെന്നും പറഞ്ഞിരുന്നു.

ഭാരതീയ ജനത പാർട്ടിയുടെ മുൻ മന്ത്രി ചന്ദ്ര കിഷോർ സിംഗിന്റെ മരുമകനാണ് രവികുമാർ ദിവാകർ എന്നാണ് ദേശീയ ഓൺലൈൻ മാധ്യമമായ ദി പ്രിന്റിന്റെ റിപ്പോർട്ട് പറുന്നത്

2024 മാർച്ചിലാണ് യോഗി ആദിത്യനാഥിനെ പ്രശംസിച്ച് രവികുമാർ മാധ്യമതലക്കെട്ടുകളിൽ ഇടം പിടിക്കുന്നത്. സമർപ്പണത്തോടും ത്യാഗത്തോടും കൂടി അധികാരത്തിലിരിക്കുന്ന ഒരു മതവിശ്വാസിയുടെ ഉത്തമ മാതൃകയാണ് യോഗിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു മതവിശ്വാസത്തെ ഉയർത്തിപ്പിടിക്കുന്നതും അതേസമയം മുസ്ലിം വിഭാഗങ്ങളെ അപരവത്കരിക്കുന്ന പരാമർശങ്ങളായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.

രാഷ്ട്രീയ പാർട്ടികൾ ഒരു പ്രത്യേക മതത്തെ പ്രീണിപ്പിക്കുന്നതാണ് ഇന്ത്യയിലെ കലാപങ്ങളുടെ പ്രധാന കാരണമെന്നായിരുന്നു ഒരു കേസ് പരിഗണിക്കവെയുള്ള രവികുമാറിന്റെ കണ്ടെത്തൽ. ആ വിഭാഗത്തിലുള്ളവർക്ക് സംരക്ഷണം ലഭിക്കുന്നതിനാനാലാണ് അവർ നിർഭയം ആക്രമണങ്ങൾ തുടരുന്നതെന്നും അദ്ദേഹം ഉത്തരവിൽ ആരോപിച്ചിരുന്നു. ഇതിനെതിരെ അലഹബാദ് ഹൈക്കോടതി പെട്ടെന്ന് നടപടിയെടുക്കുകയും പരാമർശങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഒരു ജുഡീഷ്യൽ ഉദ്യോഗസ്ഥൻ വ്യക്തിപരമായതോ മുൻവിധിയോടു കൂടിയതോ ആയ പ്രസ്താവനകൾ വിധിപ്പകർപ്പിൽ ചേർക്കാൻ പാടില്ലെന്നായിരുന്നു അന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നത്.

ഭാരതീയ ജനത പാർട്ടിയുടെ മുൻ മന്ത്രി ചന്ദ്ര കിഷോർ സിംഗിന്റെ മരുമകനാണ് രവികുമാർ ദിവാകർ എന്നാണ് ദേശീയ ഓൺലൈൻ മാധ്യമമായ ദി പ്രിന്റിന്റെ റിപ്പോർട്ട് പറയുന്നത്. അദ്ദേഹം തന്നെയാണ് 2022ൽ വാരാണസിയിലെ ഗ്യാൻവാപി മസ്‌ജിദിനുള്ളിൽ ആർക്കിയോളോജിക്കൽ സർവ്വേയ്ക്ക് ഉത്തരവിട്ടത്. തുടർന്ന് 'ശിവലിംഗം' എന്ന് സംശയിക്കപ്പെടുന്ന കല്ല് കണ്ടെത്തിയപ്പോൾ ആ ഭാഗം സീൽ ചെയ്യാനും അദ്ദേഹം നിർദേശിച്ചിരുന്നു. പിന്നാലെ തനിക്ക് ജീവനുഭീഷണിയുണ്ടെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു.

ഉത്തർപ്രദേശ് സ്വദേശിയായ രവികുമാർ ദിവാകർ, 2007ലാണ് എൽ എൽ എം പൂർത്തിയാക്കുന്നത്. 2009ൽ അദ്ദേഹം അസംഗഡിലെ മുൻസിഫ് ജഡ്ജിയായി നിയമിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ മതപരമായ പോസ്റ്റുകൾ കുറിക്കാറുള്ള രവികുമാർ 2023ലാണ് ബറേലി ജില്ലാ കോടതിയിൽ അഡിഷണൽ ജഡ്ജിയായി ചുമതലയേറ്റത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം