വ്യാജവാർത്തയും നുണപ്രചാരണങ്ങളും വിദ്വേഷങ്ങളും ഭരിക്കുന്ന സത്യാനന്തരകാലത്ത് വസ്തുതകൾ വിളിച്ചുപറയുക എന്നത് തന്റെ ഉത്തരവാദിത്വമെന്ന് വിശ്വസിക്കുന്നയാളാണ് മുഹമ്മദ് സുബൈർ. ആൾട്ട് ന്യൂസ് സഹസ്ഥാപകനായ അദ്ദേഹത്തിനെതിരെ വീണ്ടുമൊരു കേസ്. യു പിയിൽ നടന്നൊരു അനീതി ലോകത്തിന് ലോകത്തിന് മുൻപാകെ ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് ഇത്തവണ കേസ്.
മുസഫർ നഗറിൽ കുട്ടിയുടെ മുഖത്തടിച്ച അധ്യാപികയ്‌ക്കെതിരെ ദുർബല വകുപ്പുകളും അങ്ങനെ സംഭവിച്ചുവെന്ന് പറഞ്ഞ സുബൈറിനെതിരെ ഗുരുതര വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ സുബൈറെന്ന വസ്തുതാന്വേഷകനെ സംബന്ധിച്ചിടത്തോളം കേസുകളും ഭരണകൂട വേട്ടയാടലുകളും ഇതാദ്യമല്ല.
ബിജെപിയുടെ ഐടി സെല്ലുകളുടെ ഉറക്കം കെടുത്തുന്ന അവരുടെ സകല തന്ത്രങ്ങളെയും സത്യമെന്ന പരിചകൊണ്ട് തടുത്തുനിർത്തുന്നവരിൽ പ്രമുഖനാണ് മുഹമ്മദ് സുബൈർ. മുപ്പത്തി ഒൻപതുകാരനായ മുഹമ്മദ് സുബൈറും സുഹൃത്ത് പ്രതീക് സിൻഹയും ചേർന്ന് 2017 ആരംഭിച്ച ആൾട്ട് ന്യൂസ് അന്നുമുതൽ കേന്ദ്ര സർക്കാരിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതികരണമെന്നോണം സുബൈറിനെ കേന്ദ്രസർക്കാരും ബിജെപി ഭരണകൂടങ്ങളും വേട്ടയാടാൻ തുടങ്ങിയിട്ട് കാലങ്ങളായി. 11 കേസുകളാണ് സുബൈറിന്റെ പേരിലുള്ളത്.
പല കേസുകളും കെട്ടിച്ചച്ചതും വേട്ടയാടലിന്റെ ഭാഗമാണെന്നും രാഷ്ട്രീയനിരീക്ഷകരും മനുഷ്യവകാശപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ഈ വാദത്തെ അടിവരയിടുന്നതാണ് കഴിഞ്ഞ ദിവസം യു പി പോലീസ് രജിസ്റ്റർ ചെയ്തത് ഉൾപ്പെടെയുള്ള കേസുകൾ. യുപി മുസഫർ നഗറിലെ സ്കൂളിൽ ഏഴുവയസുകാരനായ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച സംഭവം പുറത്തുകൊണ്ടുവന്നതായിരുന്നു പുതിയ കേസിന് ആധാരമായത്. കുട്ടിയെ തിരിച്ചറിയുന്ന വീഡിയോ പങ്കുവച്ചുവെന്ന് ആരോപിച്ച് ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്. നിരവധിപേർ ഈ ദൃശ്യങ്ങൾ പങ്കുവച്ചുവെങ്കിലും കേസ് വന്നത് സുബൈറിന്റെ പേരിൽ മാത്രമാണ്.
സുബൈറിനെതിരായ കേസുകളിലെല്ലാം പ്രതീക് സിൻഹയുടെ ഭാഷയിൽ 'തിരഞ്ഞുപിടിച്ചുള്ള വേട്ടയാടൽ' ദൃശ്യമാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ വർഷം ഡൽഹി പോലീസ് സുബൈറിനെ അറസ്റ്റ് ചെയ്ത സംഭവം. 2018ൽ പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ പേരിൽ 2020ൽ രാഷ്ട്രീയ ഹിന്ദുഷേർ സേനയുടെ നേതാവ് പരാതിനൽകി. 2022 ജൂണിലാണ് സുബൈർ അറസ്റ്റിലാകുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് മേലുള്ള കടന്നുകയറ്റമെന്ന നിലയ്ക്കായിരുന്നു രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ അതിനെ വിലയിരുത്തിയത്.
നോക്കിയ എൻജിനീയറിൽനിന്ന് ആൾട്ട് ന്യൂസിലേക്ക്
ബെംഗളൂരുവിൽനിന്ന് 70 കിലോമീറ്റർ ദൂരെയുള്ള തമിഴ് നാട്ടിലെ തല്ലി ഗ്രാമത്തിലാണ് സുബൈറിന്റെ ജനനം. പഠനാവശ്യങ്ങൾക്കായി ബെംഗളുരുവിലേക്ക് കുടുംബസമേതം മാറിയ സുബൈർ, ബിടെക് ബിരുദധാരിയാണ്. പത്തുവർഷത്തോളം 'നോക്കിയ'യിൽ എൻജിനീയറായി ജോലിനോക്കിയ സുബൈറിന്റെ വസ്തുതാന്വേഷകൻ എന്ന റോളിലേക്കുള്ള പരിവർത്തനത്തിനുപിന്നിലും ഒരു കഥയുണ്ട്.
ക്രിക്കറ്റ് ഭ്രാന്തനായിരുന്ന സുബൈർ 2012ലാണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. രാഷ്ട്രീയത്തിൽ താത്പര്യം ഇല്ലാതിരുന്ന ആ ചെറുപ്പക്കാരൻ ക്രിക്കറ്റ് സംബന്ധമായ പോസ്റ്റുകൾ ഫോളോ ചെയ്യുകയായിരുന്നു അക്കൗണ്ടിലൂടെ ലക്ഷ്യമിട്ടിരുന്നത്. ആ ഇടയ്ക്കാണ് താൻ ഫോളോ ചെയ്തിരുന്ന പല പേജുകളും കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരിനെതിരെ പോസ്റ്റിടുന്ന പേജുകളായി മാറുന്നത്. രണ്ട് വർഷത്തിനുശേഷം ഇവ മുസ്ലിം വിരുദ്ധതയും ഇസ്ലാമോഫോബിയയും വമിപ്പിക്കുന്ന പേജുകളായി മാറുന്നതാണ് കണ്ടതെന്ന് സുബൈർ പറയുന്നു. ഈ പ്രൊഫൈലുകളുടെ മാറ്റമാണ് സുബൈറിനെ നോക്കിയയിലെ ജീവനക്കാരനിൽനിന്ന് ആൾട്ട് ന്യൂസിലേക്ക് എത്തിച്ചത്.
ആക്ഷേപഹാസ്യ പോസ്റ്റുകൾ പങ്കുവയ്ക്കുന്ന 'അൺഒഫീഷ്യൽ സുസു സ്വാമി' എന്ന അക്കൗണ്ടാണ് രാഷ്ട്രീയം ചർച്ച ചെയ്യുന്നതിനായി ആദ്യം സുബൈർ ആരംഭിക്കുന്നത്. ഒരുപാട് ഫോളോവേഴ്സിനെ ഉണ്ടാക്കാൻ ആ പേജിനായി. പ്രതീക് സിൻഹയുമായുള്ള ബന്ധവും സമൂഹമാധ്യമത്തിലൂടെ തന്നെയാണ് സുബൈർ തുടങ്ങുന്നത്. പിന്നീട് അവരുടെ രാഷ്ട്രീയ ചർച്ചകൾ ഒരു വസ്തുതാന്വേഷണ സൈറ്റ് എന്ന ആശയത്തിലേക്ക് നയിക്കുകയും 2017 ആൾട്ട് ന്യൂസ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ഇന്ത്യൻ അതിർത്തികളിൽ ഫ്ളഡ് ലൈറ്റുകൾ സ്ഥാപിച്ച് സുരക്ഷാ ശക്തമാക്കിയിരിക്കുന്നുവെന്ന കേന്ദ്ര സർക്കാർ വാദത്തെ പൊളിച്ചടുക്കിക്കൊണ്ടായിരുന്നു ആൾട്ട് ന്യൂസ് വരവറിയിച്ചത്. തുടർന്ന് ബിജെപി ഐടി സെല്ലിന്റെ പല വ്യാജനിർമിതികളും ആൾട്ട് ന്യൂസും സുബൈറിന്റെ '@Zoo_bear' എന്ന എക്സ് അക്കൗണ്ടും തർത്തുകൊണ്ടേയിരുന്നു.
കഴിഞ്ഞ വർഷം സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടവരിൽ സുബൈറും പ്രതീക് സിൻഹയുമുണ്ടായിരുന്നു. സത്യാനന്തര കാലത്ത് സത്യം വിളിച്ചുപറയുകയെന്ന ഭരണകൂടത്തിന്റെ കണ്ണിലെ 'വലിയ തെറ്റ്' വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന സുബൈറും ആൾട്ട് ന്യൂസും വേട്ടയാടപ്പെടുന്നുവെന്നതിൽ സമകാലീന ഇന്ത്യയിൽ അത്ഭുതപ്പെടാനും വകയില്ല.