INDIA

കശ്മീർ മുതൽ ബാബരിക്കുവേണ്ടിയുള്ള പോരാട്ടം വരെ, ഒടുവിൽ അരുന്ധതിക്കൊപ്പം യുഎപിഎ കേസ് പ്രതി; ആരാണ് ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ?

സഖ്യകക്ഷികളുടെ ബലമില്ലാതെ ഭരിക്കാന്‍ സാധിക്കില്ലെന്ന നിലവന്നിട്ടും നരേന്ദ്ര മോദിയും ബിജെപിയും നയങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു

വെബ് ഡെസ്ക്

കശ്മീരിനെക്കുറിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ പതിനാല് വര്‍ഷം പഴക്കമുള്ള കേസില്‍ യുഎപിഎ ചുമത്താന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുവാദം നല്‍കിയതിന് പിന്നാലെ, എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ബിജെപിയുടെ നയത്തിന് മൂന്നാം മോദി സര്‍ക്കാരിലും മാറ്റമില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് വിമര്‍ശകര്‍. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത, സഖ്യകക്ഷികളുടെ ബലമില്ലാതെ ഭരിക്കാന്‍ സാധിക്കില്ലെന്ന നിലവന്നിട്ടും നരേന്ദ്ര മോദിയും ബിജെപിയും നയങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

അരുന്ധതി റോയിക്കൊപ്പം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രൊ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന്‍ ആരാണ് എന്നതും സുപ്രധാന ചോദ്യമാണ്. കശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഷെയ്ഖ് ഷൗക്കത്ത് ഹുസൈന്‍, സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. കശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങളും ജനങ്ങളുടെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹം രചിച്ച പുസ്തകങ്ങള്‍, മേഖലയിലെ സംഘര്‍ഷങ്ങളുടെ ശരിയായ ചിത്രം തുറന്നുകാട്ടുന്നവയാണ്.

1954 ഫെബ്രുവരിയി 5-ന് ജനിച്ച ഷൗക്കത്ത്, അലിഗഡ് മുസ്ലിം യൂണിവേഴ്സ്റ്റിയില്‍ നിന്ന് നിയമബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 'ഇസ്ലാമിക രാജ്യങ്ങളില്‍ അമുസ്ലിംകളുടെ സാഹചര്യങ്ങള്‍' എന്നതായിരുന്നു അദ്ദേഹം പിഎച്ച്ഡി ഗവേഷണത്തിന് തിരഞ്ഞെടുത്ത വിഷയം.

വിദ്യാര്‍ഥി കാലഘട്ടം മുതല്‍ തന്നെ കശ്മീരി രാഷ്ട്രീയത്തില്‍ ഇടപെട്ടുപോന്നിരുന്ന ഹുസൈന്‍, ബാബരി മസ്ജിദ് പൊളിച്ചതടക്കമുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. ബാബരി മസ്ജിദ് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നടന്ന സമരങ്ങളില്‍ അദ്ദേഹം സ്ഥിരം സാന്നിധ്യമായി. അമേഠിയില്‍ രാജീവ് ഗാന്ധിക്ക് എതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനും ഹുസൈന്‍ ധൈര്യം കാണിച്ചു.

ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും ഭരണകൂടവും വ്യവസ്ഥിതിയും എങ്ങനെയാണ് മനുഷ്യാവാകാശ ലംഘന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് എന്നതിനെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ട് ഹുസൈന്‍. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ അധികൃതര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍, അതിന്റെ ന്യൂനപക്ഷ സ്വത്വം നശിപ്പിക്കാനാണെന്ന് ആരോപിച്ച് നടന്ന വിദ്യാര്‍ഥി സമരത്തെ മുന്നില്‍ നിന്ന് നയിച്ച ഹുസൈന്, ഇതിന്റെ പേരില്‍ യൂണിവേഴ്‌സിറ്റിക്ക് പുറത്തുപോകേണ്ടിവന്ന ചരിത്രവുമുണ്ട്. എന്നാല്‍, ന്യൂനപക്ഷ വിഭാങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ വിദ്യാര്‍ഥി കാലഘട്ടത്തിലും തുടര്‍ന്ന് അധ്യാപകനായ സമയത്തും അദ്ദേഹം തയാറായിരുന്നില്ല. മുസ്ലിം സ്വത്വ രാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി സമീപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ

എന്താണ് അരുന്ധതി റോയിക്കും ഷെയ്ഖ് ഷൗക്കത്ത് ഹുസൈനും എതിരായ കേസ്?

2010 ഒക്ടോബര്‍ 28-ന് സാമൂഹിക പ്രവര്‍ത്തകനായ സുശീല്‍ പണ്ഡിറ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അതേവര്‍ഷം നവംബര്‍ 27-ന് തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനിലാണ് സംഭവുമായി ബന്ധപ്പെട്ട് ആദ്യ കേസെടുക്കുന്നത്. ന്യൂഡല്‍ഹിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി. 2010 ഒക്ടോബര്‍ 21ന് രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ് സംഘടിപ്പിച്ച 'ആസാദി - ദ ഒണ്‍ലി വേ' എന്ന പരിപാടിയില്‍ നടത്തിയ പ്രസംഗങ്ങളായിരുന്നു കേസിനാധാരം. അന്നവിടെ പ്രസംഗിച്ച അരുന്ധതി റോയ്, ഷൗഖത്ത് ഹുസൈന്‍, പരിപാടിക്ക് നേതൃത്വം നല്‍കിയ എസ് എ ആര്‍ ഗീലാനി, സയ്ദ് അലി ഷാ ഗീലാനി എന്നിവര്‍ക്കെതിരെയെല്ലാം കേസെടുത്തിരുന്നു. പിന്നീട് ഇതില്‍ രണ്ടുപേര്‍ മരിച്ചതിനാലാണ് അവരെ കേസില്‍നിന്ന് ഒഴിവാക്കിയത്.

17 വയസുകാരനായ തുഫൈല്‍ അഹമ്മദ് മട്ടൂ പോലീസിന്റെ കണ്ണീര്‍വാതക ആക്രമണത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് കശ്മീര്‍ അശാന്തി പുകയുന്നതിനിടയിലായിരുന്നു സമ്മേളനം നടന്നത്. അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം അന്നു നടന്ന പ്രതിഷേധങ്ങള്‍ക്കിടെ 120 പേരാണ് മരിച്ചത്. അന്ന് അരുന്ധതി റോയ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രസംഗങ്ങള്‍ 'പൊതു സമാധാനവും സുരക്ഷയും അപകടത്തിലാക്കി' എന്നായിരുന്നു പരാതി. കൂടാതെ കശ്മീരിനെ ഇന്ത്യയില്‍നിന്ന് വേര്‍പെടുത്തുന്നതിനെ അവര്‍ പ്രോത്സാഹിപ്പിച്ചുവെന്നും ആരോപിച്ചിരുന്നു.

എന്തുകൊണ്ട് യു എ പി എ ഇപ്പോള്‍ ചുമത്തി?

2010 നവംബര്‍ 27-നാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ഇതേ കേസില്‍ അരുന്ധതി റോയിയെയും ഷൗഖത്ത് ഹുസൈനെയും ഐപിസിയിലെ 153 എ, 153 ബി, 505 എന്നീ വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. മൂന്നു വര്‍ഷം വരെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇവ. എന്നാല്‍ സിആര്‍പിസി 468 വകുപ്പ് പ്രകാരം, അനാവശ്യ കാലതാമസത്തിനു ശേഷമോ അല്ലെങ്കില്‍ നിശ്ചിത കാലയളവ് അവസാനിച്ചശേഷമോ ആണ് കേസില്‍ കുറ്റകൃത്യങ്ങള്‍ ചുമത്തുന്നതെങ്കില്‍ അവ പരിഗണിക്കാന്‍ കോടതികള്‍ക്ക് കഴിയില്ല.

അരുന്ധതി റോയ്

അതായത്, അരുന്ധതി റോയിക്കും ഷൗഖത്ത് ഹുസൈനുമെതിരെ കുറ്റം ചുമത്തിയാലും അതുമായി മുന്നോട്ടുപോകാന്‍ ഭരണകൂടത്തിനു കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് ചുരുക്കം. 2010ല്‍ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഐപിസി വകുപ്പ് 124 എയും ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ 2022ല്‍ ഈ വകുപ്പ് പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടായിരുന്നതിനാല്‍ അതുപ്രകാരവും വിചാരണ ആരംഭിക്കാന്‍ സാധിക്കുമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നിലവില്‍ യു എ പി എ ചുമത്താന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നത്. ഇതോടെ കേസ് കോടതികള്‍ക്ക് ഏറ്റെടുക്കേണ്ടി വരും.

2023 ഒക്ടോബര്‍ മൂന്ന് ഇന്ത്യയിലുടനീളമുള്ള മാധ്യമപ്രവര്‍ത്തകരുടെയും ഗവേഷകരുടെയും വീടുകളിലും ഓഫീസുകളിലും വന്‍ റെയ്ഡ് നടന്നിരുന്നു. ന്യൂസ്‌ക്ലിക്ക് എന്ന വാര്‍ത്താ വെബ്സൈറ്റുമായി ബന്ധപ്പെട്ട ലേഖകരെ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും അതിന്റെ സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്ഥയെ യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാജ്യത്തെ പത്രസ്വാതന്ത്രത്തിനെതിരെ നടക്കുന്ന കടന്നുകയറ്റത്തിനെതിരെ ന്യൂഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ പ്രതിഷേധ യോഗത്തില്‍ അരുന്ധതി റോയ് പ്രധാന സാന്നിധ്യമായിരുന്നു. ഇതിനു പിന്നാലെയാണ് 13 വര്‍ഷം മുന്‍പുള്ള കേസ് അരുന്ധതി റോയ്ക്കെതിരെ ഉയര്‍ന്നുവരുന്നതെന്നതും ശ്രദ്ധേയമാണ്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം