മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നു പൂര്‍ത്തിയാകുമ്പോള്‍ ഭരണകക്ഷിയായ മഹായുതിയിലും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയിലും (എംവിഎ) മുഖ്യമന്ത്രി സ്ഥാനാര്‍ഥി തര്‍ക്കം രൂക്ഷമായിരുന്നു. ഇത് ഇരു മുന്നണികളിലും വിള്ളലുകള്‍ വീഴ്ത്തിയിട്ടുമുണ്ട്. അടുത്ത സര്‍ക്കാരിനെ ആര് നയിക്കുമെന്ന ചോദ്യം ഇരുമുന്നണികളേയും അലട്ടുന്ന പ്രശ്നമായി മാറിക്കഴിഞ്ഞു.
മഹായുതിയുടെ മുഖ്യമന്ത്രി പോര്
മഹായുതി ക്യാമ്പില്‍, ശിവസേന എംഎല്‍എ സഞ്ജയ് ഷിര്‍സാതാണ് വിവാദങ്ങള്‍ക്ക് തിരി തെളിച്ചത്. നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ ഉയര്‍ത്തിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് പ്രചരണമെന്നു പറഞ്ഞ ഷിര്‍സാത്, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഷിന്‍ഡെയുടെ സ്ഥാനാര്‍ഥിത്വം സ്വാഭാവിക തിരഞ്ഞെടുപ്പാണെന്നും വിശേഷിപ്പിച്ചു.
ബിജെപി നേതാവ് പ്രവീണ്‍ ദാരേക്കര്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയപ്പോള്‍, എന്‍സിപി നേതാവ് അമോല്‍ മിത്കരി തന്റെ പാര്‍ട്ടി അധ്യക്ഷന്‍ അജിത് പവാര്‍ ഈ റോള്‍ ഏറ്റെടുക്കുമെന്ന് സൂചനകള്‍ നല്‍കി.
മഹായുതിയുടെ മൂന്ന് പങ്കാളികളും ഒരുമിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും ദാരേകര്‍ പറഞ്ഞു. സോലാപൂരില്‍ ശിവസേന (യുബിടി) നോമിനിക്കെതിരെ കോണ്‍ഗ്രസ് എംപി പ്രണിതി ഷിന്‍ഡെ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്തുണച്ചതുപോലുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ വിള്ളലുകളെ തുറന്നു കാട്ടാനും അദ്ദേഹം മടികാണിച്ചില്ല.
എംവിഎയുടെ മുഖ്യമന്ത്രി തര്‍ക്കം
സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളാണ് എംവിഎയ്ക്കുള്ളില്‍ വിവാദത്തിന് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ ഈ പ്രസ്താവന എംവിഎ സഖ്യകക്ഷിയായ ശിവസേനയില്‍ (യുബിടി) ഉണ്ടാക്കിയ അതൃപ്തി ചില്ലറയല്ല. ഇതിനെതിരേ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് തന്നെ രംഗത്തെത്തി. മുഖ്യമന്ത്രി ആരായിരിക്കണമെന്നുള്ള തീരുമാനം എല്ലാ സഖ്യത്തിലെ ഘടകകക്ഷികള്‍ സംയുക്തമായിട്ടായിരിക്കും എടുക്കുകയെന്ന് റാവത്ത് തിരിച്ചടിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പട്ടോളിനെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍, മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, അല്ലെങ്കില്‍ രാഹുല്‍ ഗാന്ധി എന്നിവരായിരിക്കണം അത് പ്രഖ്യാപിക്കേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു.
മിക്ക എക്‌സിറ്റ് പോളുകളും മഹായുതിയുടെ വിജയം പ്രവചിക്കുമ്പോള്‍ ചിലത് എംവിഎയെ അനുകൂലിക്കുന്നു. എന്നാല്‍ ദരേകര്‍ എക്സിറ്റ് പോളുകള്‍ തള്ളിക്കളഞ്ഞു. സഖ്യങ്ങളില്‍ ആഭ്യന്തര യുദ്ധങ്ങള്‍ കൊടുംപിരി കൊള്ളുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം തിരഞ്ഞെടുപ്പ് പോലെതന്നെ കടുത്തതായിരിക്കുമെന്ന് ഉറപ്പിക്കാം.