INDIA

പശ്ചിമ ബംഗാള്‍ പിടിക്കാന്‍ വിഭജന തന്ത്രം? പുതിയ വടക്കു - കിഴക്കന്‍ സംസ്ഥാനമാക്കണം, ചര്‍ച്ചയാക്കി ബിജെപി

വെബ് ഡെസ്ക്

കൊങ്കുനാട്, 2021 ല്‍ അന്നത്തെ തമിഴ്‌നാട് ബിജെപി അധ്യക്ഷനായിരുന്ന എല്‍ മുരുകന്‍ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ജില്ലകളെ കേന്ദ്രീകരിച്ച് പുതിയ ഒരു സംസ്ഥാനം എന്ന വാദം ഉയര്‍ത്തിയിരുന്നു. ബിജെപിക്ക് ശക്തിയുള്ള മേഖല എന്ന നിലയില്‍ ആയിരുന്നു ആ ചര്‍ച്ച പുരോഗമിച്ചത്. സമാനമായ വാദം ബംഗാളില്‍ ഉയര്‍ത്തുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുമായ സുകാന്ത മജുംദാര്‍.

പശ്ചിമ ബംഗാള്‍ വിഭജിച്ച് വടക്കന്‍ ബംഗാള്‍ ജില്ലകളെ ഉള്‍പ്പെടുത്തി വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളുടെ കൂട്ടത്തിലേക്ക് സംയോജിപ്പിക്കണമെന്നാണ് ബിജെപി നേതാവിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിട്ടുണ്ടെന്നും ഔദ്യോഗികമായി തന്നെ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും മജുംദാര്‍ പറയുന്നു.

സുകാന്ത മജുംദാര്‍റിന്റെ ആവശ്യം പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് കൂടിയാണ് വഴി തുറന്നിരിക്കുന്നത്. ബിജെപി നേതാവിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് സംസ്ഥാനത്തെ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് വന്നുകഴിഞ്ഞു. ബിജെപി ബംഗാളി വിരുദ്ധമാണെന്നാണ് ടിഎംസി വിശേഷിപ്പിച്ചത്. എന്നാല്‍ ആദ്യമായല്ല വടക്കന്‍ ബംഗാള്‍ ജില്ലകള്‍ വിഭജിച്ച് പ്രത്യേക സംസ്ഥാനമോ കേന്ദ്ര ഭരണ പ്രദേശമോ വേണമെന്ന ആവശ്യം ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നത് എന്നതാണ് മറ്റൊരു വസ്തുത.

എന്താണ് ബിജെപിയുടെ ആവശ്യത്തിന് പിന്നിൽ :

“ഞാൻ പ്രധാനമന്ത്രിയെ കണ്ട് ഒരു നിർദേശം കൈമാറി. വടക്കൻ ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തമ്മിലുള്ള സമാനതകൾ എടുത്തുകാണിച്ചു. പശ്ചിമ ബംഗാളിൻ്റെ ഭാഗമായ വടക്കൻ ബംഗാൾ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടുത്താൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു," ബുധനാഴ്ച പുറപ്പെടുവിപ്പിച്ച പ്രസ്താവനയിൽ മജുംദാർ വ്യക്തമാക്കി. നിർദേശത്തിൽ പ്രധാനമന്ത്രി കൃത്യമായ സമയത്ത് വിഷയത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. "വടക്കൻ ബംഗാൾ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളുമായി സംയോജിപ്പിച്ചാൽ കേന്ദ്രസർക്കാരിൻ്റെ പദ്ധതികളുടെ പ്രയോജനം ലഭിക്കും. കൂടുതൽ വികസനം ഉണ്ടാകും. സംസ്ഥാന സർക്കാരിന് എതിർപ്പുണ്ടാകില്ലെന്നും സഹകരിക്കുമെന്നും ഞാൻ കരുതുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതേ ദിവസം തന്നെ രാജ്യസഭയിൽ ബിജെപി എംപി നാഗേന്ദ്ര റേ വടക്കൻ ബംഗാളിൽ കൂച്ച് ബെഹർ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കൻ ബംഗാളിൻ്റെയും അസമിൻ്റെയും ഭാഗങ്ങൾ ഉൾപ്പെടെ രാജ്ബൻഷി സമുദായത്തിന് പ്രത്യേക സംസ്ഥാനത്തിനായി പോരാടുന്ന ഗ്രേറ്റർ കൂച്ച് ബിഹാർ പീപ്പിൾസ് അസോസിയേഷൻ്റെ നേതാവ് കൂടിയായ റേ കൂച്ച് ബെഹാറിലെ പഴയ രാജകുടുംബത്തിൻ്റെ പിൻഗാമിയാണ് അദ്ദേഹം.

പശ്ചിമ ബംഗാളുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് ഇത് ആദ്യമായല്ല. 2021-ൽ, അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന അലിപുർദുവാർസ് എംപി ജോൺ ബർല, പ്രദേശത്തിൻ്റെ വികസനത്തിനായി വടക്കൻ ബംഗാളിൽ നിന്ന് പ്രത്യേക സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ വേർപെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു. കാലങ്ങളായി സംസ്ഥാന സർക്കാരുകൾ ഈ പ്രദേശത്തെ ജനങ്ങളെ അവഗണിച്ചുവെന്നും അവർക്കാവശ്യമായ പരിഗണന നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേ വർഷം, ഉഷ്ണ തരംഗത്തിനിടയിൽ സ്‌കൂളുകളിൽ വേനൽ അവധി നേരത്തെയാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ ഉത്തരവ് ഉദ്ധരിച്ച്, സിലിഗുരി എംഎൽഎ ശങ്കർ ഘോഷ് സംസ്ഥാന പദവി ആവശ്യം ഉന്നയിച്ചു. വടക്കൻ ബംഗാളിൽ 'സുഖകരമായ കാലാവസ്ഥ' അനുഭവപ്പെടുന്നതിനാൽ സ്കൂളുകൾ അടച്ചിടേണ്ടതില്ലെനന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം, ഡാർജിലിംഗ് കുന്നുകൾ പശ്ചിമ ബംഗാളിൽ നിന്ന് വേർപെടുത്തണമെന്ന് കുർസിയോങ് എംഎൽഎ ബിഷ്ണു പ്രസാദ് ശർമ ആവശ്യപ്പെട്ടിരുന്നു. ബംഗാളിൻ്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ജംഗൽമഹൽ പ്രദേശത്തിന് പ്രത്യേക സംസ്ഥാന പദവി നൽകണമെന്ന് ബിജെപി എംപി സൗമിത്ര ഖാനും ആവശ്യപ്പെട്ടു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജംഗൽമഹലിലെ ആറ് ലോക്‌സഭാ സീറ്റുകളിൽ അഞ്ചിലും ബിജെപി വിജയിച്ചിരുന്നു.

2022ൽ, മതിഗര-നക്സൽബാരി, ദബ്ഗ്രാം-ഫുൽബാരി മണ്ഡലങ്ങളിലെ ബിജെപി എംഎൽഎമാരായ ആനന്ദമയ് ബർമനും ശിഖ ചാറ്റർജിയും വടക്കൻ ബംഗാളിന് യുടി പദവി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

ആവശ്യത്തിന് പിന്നിലെന്ത് ?

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുതിർന്ന നേതാക്കൾ പ്രചാരണം നയിച്ചിട്ടും പാർട്ടി വലിയ പരാജയം നേരിട്ടിരുന്നു. 294 അംഗ നിയമസഭയിൽ 77 സീറ്റുകൾ ആണ് പാർട്ടി നേടിയത്. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം നേടാനായി വടക്കൻ ബംഗാളിൽ പ്രത്യേക സംസ്ഥാനമെന്ന ആവശ്യം ബിജെപി നേതാക്കൾ ഉയർത്തി തുടങ്ങി. ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മുൻതൂക്കം നേടാമെന്നായിരുന്നു നേതാക്കളുടെ ലക്ഷ്യം.

തെരഞ്ഞെടുപ്പിൽ, 30 ലോക്‌സഭാ സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തിൽ ബിജെപി പരാജയപ്പെടുക മാത്രമല്ല 12 എണ്ണത്തിൽ ഒതുങ്ങുകയും ചെയ്തു. എന്നാൽ വടക്കൻ ബംഗാളിൽ പാർട്ടി സ്വാധീനം നിലനിർത്തിയിരുന്നു. പാർട്ടിയുടെ 12 സീറ്റുകളിൽ ആറെണ്ണം വടക്കൻ മേഖലയിൽ നിന്നുള്ളതാണ്.

പ്രദേശത്ത് തങ്ങളുടെ സ്വാധീനം നിലനിർത്തുക, അവിടെയുള്ള വികസനത്തിന്റെ ആപേക്ഷികമായ പോരായ്മയുടെ പേരിൽ സർക്കാരിനെ വിമർശിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻകണ്ടുകൊണ്ടാണ് നിലവിൽ വടക്കൻ ബംഗാൾ സംസ്ഥാനത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വേർപെടുത്തണമെന്ന ആവശ്യം ബിജെപി നേതാക്കൾ സജീവമാക്കുന്നത്. എന്നിരുന്നാലും, സംസ്ഥാനത്തെ വിഭജിക്കുന്നതിൽ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ് പാർട്ടി സംസ്ഥാന പ്രസിഡന്റിന്റെ ആവശ്യത്തിൽ നിന്ന് ഔദ്യോഗികമായി അകന്നുനിൽക്കുകയാണ് ചെയ്തത്.

“സംസ്ഥാനത്തിൻ്റെ ഭൂമിശാസ്ത്രപരമായ അതിരുകൾ നിലനിർത്തുന്നതിലൂടെ ബംഗാളിൻ്റെ മൊത്തത്തിലുള്ള വികസനം സാധ്യമാകുമെന്ന് ബിജെപി വിശ്വസിക്കുന്നു,” പാർട്ടി വക്താവും രാജ്യസഭാ എംപിയുമായ സമിക് ഭട്ടാചാര്യ പറഞ്ഞു. “സംസ്ഥാനത്തെ വിഭജിക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും വടക്കൻ ബംഗാളിൻ്റെ വികസനത്തെക്കുറിച്ച് വർഷങ്ങളായി വാചാലരാണ്. എന്നാൽ മമത ബാനർജി സർക്കാർ ഒരിക്കലും വടക്കൻ ബംഗാളിലെ ജനങ്ങൾക്ക് വേണ്ടത്ര ബജറ്റ് വിഹിതം നൽകിയിട്ടില്ല," അദ്ദേഹം ചൂണ്ടിക്കാട്ടി.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമത ബാനർജി വിഷയത്തിൽ രൂക്ഷ പ്രതികരണവുമായാണ് രംഗത്തെത്തിയത്. 'മന്ത്രിമാർ മുതൽ ബിജെപി നേതാക്കൾ വരെ ബംഗാളിനെ വിഭജിക്കാൻ ഗൂഢാലോചന നടത്തുകയാണ്. ഒരു വശത്ത് സാമ്പത്തിക ഉപരോധം, മറുവശത്ത്, ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ഉപരോധം. രാജ്യത്തെ തുണ്ടം തുണ്ടമായി തകർക്കാൻ അവർ ഗൂഢാലോചന നടത്തുകയാണ്. ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, അസം എന്നിവ വിഭജിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. പാർലമെൻ്റ് നടപടികൾ പുരോഗമിക്കുമ്പോൾ ഒരു മന്ത്രി ബംഗാളിനെ വിഭജിക്കാനുള്ള പ്രസ്താവനകൾ നടത്തുകയാണ്. ബിഹാർ, ജാർഖണ്ഡ്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളെ വിഭജിക്കാൻ വിവിധ പാർട്ടി അംഗങ്ങൾ വ്യത്യസ്തമായ പ്രസ്താവനകളാണ് ഇപ്പോൾ നടത്തുന്നത്. ഈ നിലപാടിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ബംഗാളിനെ വിഭജിക്കുക എന്നാൽ ഇന്ത്യയെ വിഭജിക്കുക എന്നാണ്. ഞങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നില്ല. ” മമത നിലപാട് വ്യക്തമാക്കുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?