INDIA

ബെല്ലാരിയിൽ നിന്ന് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലെത്തിയ നേതാവ്; എന്തുകൊണ്ട് ബിജെപി നസീർ ഹുസൈനെ ലക്ഷ്യം വെക്കുന്നു?

കർണാടക വിധാൻ സൗധയിൽ 'പാകിസ്താൻ സിന്ദാബാദ്' എന്ന മുദ്രാവാക്യമുയർന്നു എന്ന ആരോപണവുമായി ആദ്യം രംഗത്തെത്തുന്നത് ബിജെപി ഐടി സെൽ മേധാവിയായ അമിത് മാളവ്യയാണ്

വെബ് ഡെസ്ക്

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് വിജയിച്ച സെയ്ദ് നസീർ ഹുസൈന് അഭിവാദ്യമർപ്പിച്ച് കർണാടക നിയമസഭാ വരാന്തയിൽ നടന്ന ആഹ്ളാദ പ്രകടനങ്ങളിൽ പാകിസ്താൻ സിന്ദാബാദ് വിളി ഉയർന്നതായുള്ള ബിജെപി ആരോപണത്തിന് പിന്നാലെ വിവാദങ്ങൾ കനക്കുന്നു. തന്റെ മതവിശ്വാസമാണ് ഈ ആരോപണങ്ങൾക്കും പ്രചാരണങ്ങൾക്കും കാരണമെന്ന് നസീർ ഹുസൈൻ ഇതിനോടകം പറഞ്ഞു കഴിഞ്ഞു. ആരാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സയ്ദ് നസീർ ഹുസൈൻ എന്ന ചോദ്യത്തോടൊപ്പം ഏറെ പ്രസക്തമായ ഒന്നാണ് എന്തുകൊണ്ട് നസീർ ഹുസൈനെ ലക്ഷ്യമാക്കുന്നു എന്നത്.

കർണാടക വിധാൻ സൗധയിൽ 'പാകിസ്താൻ സിന്ദാബാദ്' എന്ന മുദ്രാവാക്യമുയർന്നു എന്ന ആരോപണവുമായി ആദ്യം രംഗത്തെത്തുന്നത് ബിജെപി ഐടി സെൽ മേധാവിയായ അമിത് മാളവ്യയാണ്. കോൺഗ്രസ് നേതാക്കൾ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യമുൾപ്പെടെ അമിത് മാളവ്യ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഈ ദൃശ്യങ്ങളിൽ കാണിക്കുന്നത് ശരിയല്ല എന്നും 'നസീർ ഹുസൈന്‍ സിന്ദാബാദ്' 'കോൺഗ്രസ് പാർട്ടി സിന്ദാബാദ്' എന്നീ മുദ്രാവാക്യങ്ങളാണ് തങ്ങൾ വിളിച്ചതെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. ഫോറൻസിക് പരിശോധനയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള നേതാക്കളും വ്യക്തമാക്കി.

വിധാൻ സൗധയുടെ ഇടനാഴിയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നിട്ടില്ലെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്ന എഎൻഐയുടെ റിപ്പോർട്ടർ മധു നായിക് പറയുന്നത്. ആഹ്ളാദപ്രകടനത്തിലെ മുദ്രാവാക്യങ്ങൾ 'പാകിസ്താൻ സിന്ദാബാദ്' എന്ന് വളച്ചോടിച്ചതാണെന്ന് മധു നായിക് പറയുന്നു. എന്നാൽ മുസ്‌ലിങ്ങൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന സർക്കാർ ആയതിനാലാണ് സിദ്ധരാമയ്യ സർക്കാർ മുസ്‌ലിം മതവിശ്വാസിയായ എംപിയെയും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച ആളെയും സംരക്ഷിക്കുന്നതെന്ന് ആരോപിച്ചു കൊണ്ട് ബിജെപി സംസ്ഥാനത്തെമ്പാടും പ്രതിഷേധം സംഘടിപ്പിച്ചു.

ഇപ്പോഴത്തെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് നസീർ ഹുസൈൻ. ഖാർഗെ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് തൊഴിൽ വകുപ്പിന് കീഴിലെ രണ്ട് ഉപസമിതികളുടെ ചെയർമാനായിരുന്നു നസീർ ഹുസൈൻ. അങ്ങനെ പലപ്പോഴായി ഖാർഗെയുടെ വിശ്വാസ്യത നേടിയെടുത്ത ഹുസൈൻ ഇപ്പോൾ കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ ഓഫീസിലെ നാലംഗ കോർഡിനേഷൻ കമ്മിറ്റിയിൽ അംഗമാണ്. ഗുരുദീപ് സപ്പൽ, ഗൗരവ് പാണ്ടി, പ്രണവ് ജാ എന്നിവർക്കൊപ്പം ഖാർഗെയുടെ ഓഫീസിൽ നസീർ ഹുസൈനുമുണ്ട്.

രാജ്യസഭയിൽ ഖാർഗെ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ നസീർ ഹുസൈനാണ് കോൺഗ്രസിന്റെ ചീഫ് വിപ്പ്. നേതൃത്വത്തിലിരിക്കുന്നവരെ പ്രകീർത്തിച്ച് സ്ഥാനം നേടിയെടുത്ത വ്യക്തിയല്ല നസീർ ഹുസൈനെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതിന് ബലം നൽകുന്നതാണ് നസീർ ഹുസൈന്റെ രാഷ്ട്രീയ ചരിത്രം.

ആരാണ് നസീർ ഹുസൈൻ?

കല്യാണ കർണാടക പ്രദേശത്തെ പിന്നോക്ക ഗ്രാമമായ ബെല്ലാരിയിൽ ജനിച്ച് ദേശീയതലത്തിലെത്തിയ അപൂർവ പ്രതിഭയുള്ള നേതാവായാണ് കോൺഗ്രസ് നേതൃത്വം നസീർ ഹുസൈനെ കണക്കാക്കുന്നത്. ബെല്ലാരിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തയാക്കിയ നസീർ ഹുസൈൻ ഉന്നത വിദ്യാഭ്യാസത്തിനായി മൈസൂരിലേക്ക് പോയി. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അവിടെ സെയിന്റ് ഫിലോമിനാസ് കോളേജിലെ വിദ്യാർഥി യൂണിയന്റെ പ്രസിഡന്റായിരുന്നു നസീർ ഹുസൈൻ. ശേഷം മൈസൂർ സ്റ്റുഡന്റ് ആക്ഷൻ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും എത്തി.

നസീർ ഹുസൈന്റെ വിദ്യാഭ്യാസ കാലഘട്ടം പിന്നീട് ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലായിരുന്നു. ജെഎൻയുവിൽ പഠിക്കുന്ന കാലത്ത് സർവകലാശാല വിദ്യാർഥി യൂണിയന്റെ സെക്രട്ടറിയും, വൈസ് പ്രെസിഡന്റും പ്രസിഡന്റുമായി. ശേഷം 2001-2003 കാലയളവിൽ യൂത്ത് കോൺഗ്രസിന്റെ ദേശീയ സെക്രട്ടറിയായി. ഈ കാലഘട്ടത്തിൽ മുതിർന്ന കോൺഗ്രസ് നേതാവായ ഓസ്‌കാർ ഫെർണാണ്ടസിനെ കണ്ടുമുട്ടുകയും അദ്ദേഹത്തിലൂടെ കൂടുതൽ മുതിർന്ന നേതാക്കളെ പരിചയപ്പെടുകയും ചെയ്ത നസീർ ഹുസൈൻ സംഘടനയുടെ നേതൃത്വത്തിലേക്കും നിർണ്ണായകപദവിയിലേക്കും ഉയർത്തപ്പെടുകയായിരുന്നു.

പിന്നീട് പാർട്ടിയുടെ ഔദ്യോഗിക വക്താവായ നസീർ ഹുസൈന്‍ യുപിഎ സർക്കാരിന്റെ സമയത്ത് ചാനൽ ചർച്ചകളിൽ പാർട്ടിയുടെ മുഖമായി മാറി. ഈ സാഹചര്യത്തില്‍ നിന്നാണ് 2018ൽ രാജ്യസഭാ തിരഞ്ഞെടുപ്പു വരുന്നതും നസീർ ഹുസൈനെ സ്ഥാനാർഥിയായി പരിഗണിക്കുന്നതും. കല്യാണ കർണാടക പ്രദേശത്ത് നിന്നുള്ള പ്രാതിനിധ്യവും അതോടൊപ്പം ഡൽഹിയിലടക്കം ബന്ധങ്ങളുമുള്ള ഒരു നേതാവ് എന്ന നിലയിലും നസീർ ഹുസൈന്‍ അല്ലാതെ നേതൃത്വത്തിന് മുന്നിൽ മറ്റൊരു പേരില്ലായിരുന്നു.

കല്യാണ കർണാടക പ്രദേശത്തെ കലബുറഗിയിൽ നിന്നുള്ള നേതാവാണ് മല്ലികാർജുൻ ഖാർഗെയും. രാഷ്ട്രീയ മുഖങ്ങളെ സമ്മാനിക്കാത്ത ഒരു പ്രദേശത്ത് നിന്നും വരുന്ന, സംഘടനാ പ്രവർത്തനത്തിൽ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട, ന്യുനപക്ഷ വിഭാഗത്തിൽപ്പെടുന്ന ഒരു നേതാവ് എന്നതും പാർട്ടിയേയും ഹുസൈനേയും സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ളതാണ്. അതിനാല്‍ നസീർ ഹുസൈൻ രാജ്യസഭയിലെത്തുന്നു എന്നത് ബിജെപിയെ സംബന്ധിച്ച് അലോസരമുണ്ടാക്കാനും സാധ്യതയുണ്ട്.

കർണാടക വിധാൻ സൗധയിൽ നടന്ന ആഹ്ളാദപ്രകടനങ്ങളിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം ഉയർന്നിട്ടില്ലെന്നും അതിന്റെ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്കയക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ പറഞ്ഞിട്ടും ബിജെപി വേട്ടയാടല്‍ അവസാനിപ്പിക്കാന്‍ തയാറായിട്ടില്ല. അതുകൊണ്ടുതന്നെ നസീർ ഹുസൈന്റെ സ്വത്വം മുതൽ അയാൾ വരുന്ന സ്ഥലം വരെ ബിജെപിയെ അസ്വസ്ഥരാക്കുന്ന ഘടകങ്ങളാണെന്ന് വിലയിരുത്താം.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍