ലോക്‌സഭ തിരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കെ, ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റി ഒബിസി മുഖമായ നയാബ് സിങ് സെയ്‌നിയെ മുഖ്യമന്ത്രിയാക്കിയിരിക്കുകയാണ് ബിജെപി. രണ്ടാം കര്‍ഷക സമരം, ജെജെപിയുമായുള്ള ഉരസലുകള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ പുകഞ്ഞുനിന്ന ബിജെപിയെ, അവസാന നിമിഷം ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചതിന് പിന്നിലെ പ്രധാന കാരണം എന്താകും?
ബിജെപിയുടെ ശക്തരായ മുഖ്യമന്ത്രിമാരില്‍ ഒരാളാണ് മനോഹര്‍ ലാല്‍ ഖട്ടര്‍. കര്‍ഷക സമരത്തെ ഉരുക്കു മുഷ്ടികൊണ്ട് അടിച്ചൊതുക്കാന്‍ മുന്നില്‍ നില്‍ക്കുന്നയാള്‍. കര്‍ഷകര്‍ക്കിടയില്‍ ഖട്ടറിന് എതിരെ ശക്തമായ ജനവികാരമുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഖട്ടറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് എതിരെ ഉയരാന്‍ സാധ്യതയുള്ള ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ ബിജെപി പുതിയ വഴികള്‍ തേടുകയായിരുന്നു. തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുന്‍പ് മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിക്കുന്ന രീതി, ഹരിയാനയിലും ബിജെപി ആവർത്തിക്കുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഖട്ടര്‍ കര്‍ണാലില്‍ നിന്ന് മത്സരിക്കുമെന്നും സൂചനയുണ്ട്.
2014-ല്‍ ഹരിയാന മുഖ്യമന്ത്രി കസേരയിലെത്തിയ ഖട്ടറിന്റെ ഭരണകാലം, രക്തചൊരിച്ചിലിന്റേത് കൂടിയായിരുന്നു. 2016-ല്‍ ജാട്ട് സംവരണ പ്രക്ഷോഭം 30 പേരുടെ ജീവനെടുത്തു. സ്വയം പ്രഖ്യാപിത ആള്‍ ദൈവം 'ദേര സച്ച സൗധ' സ്ഥാപകന്‍ ഗുര്‍മീത് റാം റഹീമിന്റെ അറസ്റ്റിനെ തുടര്‍ന്നു റഹീമിന്റെ അനുയായികള്‍ അഴിച്ചുവിട്ട അക്രമത്തില്‍ നാല്‍പ്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു.
ജെജെപിയെ ഒതുക്കി, ജാട്ട് വോട്ട് ഭിന്നിപ്പിക്കാന്‍ നീക്കം
2019-ല്‍ ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചത് ജനനായക് ജനതാ പാര്‍ട്ടിയുടെ (ജെജെപി) പിന്തുണയോടെ ആയിരുന്നു. 90 അംഗ നിയമസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം മറികടക്കാന്‍ സാധിക്കാതെ വന്നതോടെ, ബിജെപി ജെജെപിയുമായി കൈകോര്‍ത്തു. 40 സീറ്റുകളില്‍ വിജയിച്ച ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസ്-31, ജെജെപി-10, സ്വതന്ത്രര്‍-ഏഴ്, ഹരിയാന ലോഖിത് പാര്‍ട്ടി (എച്ച്എല്‍പി)-1, ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍-ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു.
ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടലുമായുള്ള ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് ബിജെപി-ജെജെപി ബന്ധം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചത്. ആകെയുള്ള പത്തു സീറ്റുകളിലും തനിച്ച് മത്സരിക്കാനായിരുന്നു ബിജെപിയുടെ തീരുമാനം. രണ്ട് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് ജെജെപി നിര്‍ബന്ധം പിടിച്ചു. ഇതിന് വഴങ്ങാന്‍ ബിജെപി തയാറായില്ല. 2019- ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തില്‍ പത്തില്‍ പത്തും ബിജെപി നേടിയിരുന്നു.
ജാട്ട് ഭൂരിപക്ഷ മേഖലകളില്‍ ജെജെപിക്ക് വലിയ വേരോട്ടമുണ്ട്. ജാട്ട് വോട്ടുകള്‍ ജെജെപിയിലേക്ക് പോകരുതെന്ന് ബിജെപി കണക്കുകൂട്ടുന്നു. അതിന് ദുഷ്യന്ത് ചൗട്ടാലയുടെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു ബിജെപിയുടെ ആദ്യ ലക്ഷ്യം. ജെജെപിയുടെ നാല് എംഎല്‍എമാര്‍ നിലവില്‍ ബിജെപി ക്യാമ്പിലാണ്. ഹരിയാനയില്‍ ജാട്ട് വിഭാഗത്തിന് 27 ശതമാനം വോട്ടാണ് ഉള്ളത്. സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ നേതാക്കളില്‍ ഭൂരിഭാഗവും ജാട്ട് വിഭാഗത്തില്‍ നിന്നുള്ളവരാണ്. മുഖ്യമന്ത്രിമാരുടെ എണ്ണത്തിലും ജാട്ട് വിഭാഗത്തില്‍ നിന്നുള്ളവര്‍ തന്നെ മുന്നില്‍.
ഒരു വിഭാഗം ജാട്ടുകള്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനു വോട്ടു ചെയ്യുന്നവരാണ്. ജെജെപിയും ബിജെപിയും വെവ്വേറെ മത്സരിക്കുന്നത് ജാട്ട് വോട്ടുകള്‍ മൂന്നായി ഭിന്നിക്കുന്നതിന് ഇടവരുത്തുമെന്നും ഒബിസി, മുന്നോക്ക വോട്ടുകള്‍ ഉറപ്പിക്കുന്നതിനൊപ്പം ജാട്ടുകളെ കൂടെനിര്‍ത്തിയാല്‍ വിജയം കൊയ്യാന്‍ സാധിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ജാട്ട് വോട്ടുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം, മറ്റു വിഭാഗക്കാരുടെ ഇടയില്‍ക്കൂടി സ്വാധീനം ഉറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുന്നോക്ക, ഒബിസി വോട്ടുകളില്‍ ബിജെപി കണ്ണുവയ്ക്കുന്നു.
ഒബിസി നേതാവ്, ഖട്ടറിന്റെ പ്രിയപ്പെട്ടവന്‍
ഇവിടെയാണ് നയബ് സിങ് സെയ്‌നിയെ തിരഞ്ഞെടുത്തതിന് പിന്നിലെ തന്ത്രം. ഒബിസി വിഭാഗമായ സെയ്‌നിയില്‍ നിന്നുള്ള പ്രബലനായ നേതാവാണ് നയാബ്. ഖട്ടറുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന നേതാവ്. എട്ടു ശതമാനമാണ് സെയ്‌നി വിഭാഗത്തിന്റെ വോട്ട് വിഹിതം. കുരുക്ഷേത്ര, യമുനനഗര്‍, അംബാല, ഹിസാര്‍, റിവാരി ജില്ലകളില്‍ പ്രബല സാന്നിധ്യമാണ് ഇവര്‍. ഉത്തര്‍പ്രദേശിലെ ചില മേഖലയിലും ഇവര്‍ നിര്‍ണായക ശക്തികളാണ്. ഇത് തങ്ങള്‍ക്ക് ഗുണകരമായി ഭവിക്കും എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
കുരുക്ഷേത്രയില്‍ നിന്നുള്ള ലോക്‌സഭ എംപിയായ സെയ്‌നി, കഴിഞ്ഞ ഒക്ടോബറില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി. 1996-ല്‍ ബിജെപിയിലെത്തിയ സെയ്‌നി, ആര്‍എസ്എസിന്റെയും വിശ്വസ്തനാണ്. 2014-ല്‍ നാരായണ്‍ഘര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കിസാന്‍ മോര്‍ച്ചയില്‍ പ്രവര്‍ത്തിച്ച് ശീലിച്ച് പരിചയമുള്ള സെയ്‌നിയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ, ഇപ്പോള്‍ നിലനില്‍ക്കുന്ന കര്‍ഷക രോഷം തണുപ്പിക്കാന്‍ സാധിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും പരീക്ഷിച്ച ഒബിസി മുഖ്യമന്ത്രി തന്ത്രം ഹരിയാനയിലും പ്രയോഗിക്കുകയാണ് ബിജെപി.