കെ ചന്ദ്രശേഖർ റാവു 
INDIA

അന്ന് മോദിയെ വീഴ്ത്താന്‍ സഖ്യനീക്കം, ഇന്ന് ബിജെപിയുമായി കൂട്ടുകൂടാന്‍ ശ്രമം; ഭയന്നോ കെസിആര്‍?

ബിജെപിയെ താഴെയിറക്കാന്‍ മൂന്നാം മുന്നണിയുണ്ടാക്കാന്‍ ശ്രമിച്ച ബിആര്‍എസ് അതേ ബിജെപിയോട് സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലെന്ത്?

വെബ് ഡെസ്ക്

ബിജെപിയെ താഴെയിറക്കുക, കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി മൂന്നാം മുന്നണി... ദേശീയ രാഷ്ട്രീയത്തില്‍ പുതിയ വഴിവെട്ടാന്‍ ഇറങ്ങിത്തിരിച്ച നേതാവായിരുന്നു തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ടിആര്‍എസ് എന്ന, തെലങ്കാന രൂപീകരണത്തിനgവേണ്ടി പോരാടിയ വലിയ ചരിത്രമുള്ള പാര്‍ട്ടിയുടെ പേര് മാറ്റി ബിആര്‍എസ് ആക്കി ദേശീയ രാഷ്ട്രീയ പ്രവേശനവും ആഘോഷമാക്കിയിരുന്നു കെ സിആര്‍. എന്നാല്‍ ദേശീയ സ്വപ്നങ്ങളുമായി കളത്തിലിറങ്ങിയ കെ സി ആറിന് പിന്നീട് വന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും അടിപതറി. തോല്‍വികള്‍ക്കുശേഷം കെസിആര്‍ ബിജെപിയുമായി അടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് തെലങ്കാനയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ബിആര്‍എസ് നേതാവും കെസിആറിന്റെ മകനുമായ കെ ടി രാറാവു ഡല്‍ഹിയിലെത്തി ബിജെപി നേതാക്കളമായി കൂടിക്കാഴ്ച നടത്തിയതോടെയാണ്, ബിആര്‍എസിന്റെ പുതിയ നീക്കം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്.

മുന്‍ കാലങ്ങളില്‍ ബിജെപിയോട് അയിത്തമുള്ള പാര്‍ട്ടിയായിരുന്നില്ല ബിആര്‍എസ്. 2009- ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ അവിഭക്ത ആന്ധ്രയില്‍ ടിഡിപി-ബിജെപി സഖ്യത്തിനൊപ്പമയിരുന്നു ബിആര്‍എസ് മത്സിച്ചത്. 2014-ല്‍ സഖ്യം ഉപേക്ഷിച്ച ബിആര്‍എസ്, തെലങ്കാന സംസ്ഥാന രൂപീകരണ ശേഷം ബിജെപിയുടെ കടുത്ത വിമര്‍ശകരായി മാറുകയായിരുന്നു.

2019-ലാണ് കോണ്‍ഗ്രസ്-ബിജെപി ഇതര കക്ഷികളുമായി ചേര്‍ന്ന് മൂന്നാം മുന്നണി നീക്കവുമായി കെസിആര്‍ രംഗപ്രവേശനം ചെയ്യുന്നത്. തുടര്‍ന്ന് 2022 ഒക്ടോബറില്‍ ടിആര്‍എസിന്റെ പേര് മാറ്റി ബിആര്‍എസ് എന്നാക്കി. കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും വരെ ഈ നീക്കത്തിന് ആദ്യം പിന്തുണ നല്‍കിയിരുന്നു. എസ്‌പി നേതാവ് അഖിലേഷ് യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയ നേതാക്കളും ഈ മുന്നണി നീക്കത്തെ പിന്തുണച്ചിരുന്നു. കെസിആറിന്റെ നേതൃത്വത്തില്‍ യോഗങ്ങളും മഹാ റാലികളും നടത്തുകയും ചെയ്തു. എന്നാല്‍, പിന്നീട് ഈ നീക്കം മുന്നോട്ടുപോയില്ല.

കെ ചന്ദ്രശേഖർ റാവു

തെലങ്കാനയില്‍ ബിജെപി കാലുറപ്പിക്കുന്ന സമയത്തായിരുന്നു കെസിആറിന്റെ ഈ രാഷ്ട്രീയ നീക്കങ്ങള്‍ നടന്നത്. കോണ്‍ഗ്രസിനെ അപ്രസക്തമാക്കാനുള്ള ശ്രമങ്ങളും ബിആര്‍എസിന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പോടെ, തെലങ്കാനയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞു. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ചിരുന്ന കെസിആറിനെ ഞെട്ടിച്ചുകൊണ്ട് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തെലങ്കാന പിടിച്ചെടുത്തു. തെലുഗു മണ്ണില്‍ വേരുറപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ബിജെപി എട്ട് സീറ്റ് നേടി. കോണ്‍ഗ്രസ് 64 സീറ്റ് നേടിയപ്പോള്‍ ബിആര്‍എസ് 39 സീറ്റില്‍ ഒതുങ്ങി. പിന്നാലെ വന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിആര്‍എസ് തടകര്‍ന്നടിഞ്ഞു. ഇത്തവണ പക്ഷേ, കോണ്‍ഗ്രസിനും തിരിച്ചടി നേരിട്ടു. ബിജെപി നേട്ടം കൊയ്യുകയും ചെയ്തു. ബിആര്‍എസ് സംപൂജ്യമായ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും എട്ട് സീറ്റ് വീതം നേടി. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടുന്ന രണ്ടാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ഇതിനു പിന്നാലെയാണ്, ബിആര്‍എസിന്റെ പുതിയ നീക്കം.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് നിരന്തരം അന്വേഷണങ്ങള്‍ നേരിടുകയാണ് ബിആര്‍എസ് ഇപ്പോള്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളാണ് കെസിആറിന്റെ പാര്‍ട്ടിയെ വിടാതെ പിന്തുടരുന്നതില്‍ മുന്നില്‍. കെസിആറിന്റെ മകള്‍ കെ കവിത ഡല്‍ഹി മദ്യനയ അഴിമതി കേസിലെ പ്രധാന പ്രതിയാണ്. സിബിഐ അറസ്റ്റ് ചെയ്ത കവിത അഞ്ചു മാസമായി ജയിലിലാണ്. ഈ സാഹചര്യത്തില്‍ ബിജെപിയുമായി കൂടുതല്‍ അടുക്കുന്നത് നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് ബിആര്‍എസ് കണക്കുകൂട്ടുന്നുണ്ടാകാം.

കേരള മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെസിആർ

ബിആര്‍എസിനെ ബിജെപിയില്‍ ലയിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയവൃത്തങ്ങളില്‍ ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഈ അഭ്യൂഹങ്ങളോട് ബിആര്‍എസിന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. എന്നല്‍, ബിജെപിയുടെ പിന്തുണ ബിആര്‍എസ് ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് ബിആര്‍എസ് നേതാക്കള്‍ തുറന്നു സമ്മതിക്കുന്നുണ്ട്.

നിയസഭ തിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം കെസിആര്‍ പൊതുവേദികളില്‍ സജീവമല്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും കെസിആര്‍ ക്ഷീണിതനായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റം ബലം കുറയുന്നതും അന്വേഷണ ഏജന്‍സികള്‍ വട്ടം കറങ്ങുന്നതും കാരണം നിരവധി ബിആര്‍എസ് എംഎല്‍എമാര്‍ ഇതിനോടകംതന്നെ കോണ്‍ഗ്രസ് പാളയത്തിലേക്കു ചേക്കേറി. പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ നിലവില്‍ ബിആര്‍എസ് നേതൃത്വത്തിന് മുന്നിലുള്ള ഏക വഴി അന്വേഷണ ഏജന്‍സികളെ തടയുകയെന്നതാണ്. ഇത് ബിജെപിയുടെ സഹായമില്ലാതെ സാധ്യമല്ലതാനും.

എന്നാല്‍, ബിആര്‍എസിനെ കൂടെക്കൂട്ടുന്നതില്‍ തെലങ്കാനയിലെ ഒരുവിഭാഗം ബിജെപി നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. തെലുങ്ക് മണ്ണില്‍ പാര്‍ട്ടിയിപ്പോള്‍ സ്വാഭാവിക വളര്‍ച്ചയിലാണെന്നും ബിആര്‍എസിനെ കൂടെക്കൂട്ടിയാല്‍ തിരിച്ചടിയാകുമെന്നും ഒരുവിഭാഗം ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു. മദ്യനയ അഴിമതി കേസില്‍ കവിതയുടെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങള്‍ ബിജെപി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയമാക്കിയിരുന്നു. അഴിമതിക്കാരായ നേതാക്കളെ കൂടെക്കൂട്ടിയതാണ് മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കു തിരിച്ചടി നേരിടാന്‍ കാരണമായതെന്നും അത് തെലങ്കാനയില്‍ ആവര്‍ത്തിക്കരുതെന്നും ഇവര്‍ പറയുന്നു.

കെസിആർ നടത്തിയ പ്രതിപക്ഷ നേതാക്കളുടെ സംഗമത്തിൽ നിന്ന്

എന്നാല്‍, രേവന്ത് റെഡ്ഡിയുടെ പ്രതികാര രാഷ്ട്രീയത്തെ ഭയന്ന് ബിജെപിയുമായി ചേരുന്നത് ആത്മഹത്യാപരമാണെന്ന വിലയിരുത്തുന്ന ഒരു വലിയ വിഭാഗം നേതാക്കള്‍ ബിആര്‍എസിലുമുണ്ട്. തെലങ്കാന സംസ്ഥാന രൂപീകരണത്തിനുവേണ്ടി മുന്നില്‍നിന്ന് പോരാടിയ പാര്‍ട്ടിയോട് ഇപ്പോഴും ജനങ്ങള്‍ക്ക് ആഭിമുഖ്യമുണ്ടെന്നും ജനങ്ങളില്‍ നിന്നകന്നുപോയ കെസിആര്‍ വീണ്ടും സജീവമായി രംഗത്തിറങ്ങിയാല്‍ പാര്‍ട്ടിക്കു തിരിച്ചുവരാന്‍ സാധിക്കുമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ