ഒരു ഡസനിലേറെ ആവശ്യങ്ങൾ ഉയർത്തി സമരരംഗത്തുള്ള കർഷകരോട് അഞ്ച് കാർഷിക വിളകൾ അടുത്ത അഞ്ച് വർഷത്തേക്ക് ഗ്യാരൻ്റി നൽകി കുറഞ്ഞ താങ്ങുവിലയ്ക്ക് (എം എസ് പി ) സംഭരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. രാജ്യമൊട്ടാകെ സ്വാമിനാഥൻ കമ്മീഷൻ ശിപാര്‍ശപ്രകാരമുള്ള എംഎസ്പി എല്ലാ കാർഷിക വിളകൾക്കും നല്‍കുമെന്ന് നിയമപരമായി ഉറപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകള്‍ സമരമുഖത്തേക്ക് ഇറങ്ങിയത്. അതിനു പകരമായാണ് 'ഔട്ട് ഓഫ് ബോക്സ്' നിർദ്ദേശം എന്നവകാശപ്പെട്ട് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർക്കു മാത്രമായി അഞ്ച് വിളകള്‍ക്ക് എംഎസ്പി നൽകി സംഭരിക്കാമെന്ന വാഗ്ദാനം കേന്ദ്രം മുന്നോട്ടു വെച്ചിരിക്കുന്നത്.
മൂന്ന് പയറു വർഗങ്ങൾ, മക്കച്ചോളം, പരുത്തി എന്നീ അഞ്ച് കാർഷികോല്പന്നങ്ങൾ കേന്ദ്ര ഗവണ്മെൻ്റിൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങൾ വഴി സംഭരിക്കാമെന്നാണ് നിർദ്ദേശം. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, 60 വയസ് കഴിഞ്ഞ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ ഏർപ്പെടുത്തുക, കൃഷിക്ക് സൗജന്യ വൈദ്യുതി തുടരുക തുടങ്ങിയ കർഷകരുടെ മറ്റ് ആവശ്യങ്ങളിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല. കേന്ദ്രത്തിൻ്റെ ബദൽ നിർദ്ദേശം അംഗീകരിക്കേണ്ടെന്നാണ് കർഷക സംഘടനകളുടെ തീരുമാനം. സമരവുമായി മുന്നോട്ടു പോകും.
കർഷക സംഘടനകളുമായി കേന്ദ്രമന്ത്രിമാരായ പിയുഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ് റായ് എന്നിവരുമായി നടന്ന നാലാം വട്ട ഒത്തുതീർപ്പു ചർച്ചകളിലാണ് അഞ്ച് കാർഷിക വിളകൾക്ക് അഞ്ചു വർഷത്തേക്ക് ഗ്യാരൻ്റിയോടെ എംഎസ്പി നൽകി സംഭരണം എന്ന ബദൽ നിർദ്ദേശം ഉയർന്നുവന്നത്. മസൂർ ദാൽ ( ചുവന്ന പരിപ്പ്), ഉറാദ് ദാൽ ( ഉഴുന്നു പരിപ്പ്), അർഹർ ദാൽ (തുവരപ്പരിപ്പ്) എന്നീ മൂന്ന് പയറു വർഗങ്ങളും മക്കച്ചോളവും നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻ സി സി എഫ് ),നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ് ) എന്നീ സഹകരണ സ്ഥാപനങ്ങൾ വഴി സംഭരിക്കും. പരുത്തി എം എസ് പി നിരക്കിൽ കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയും വാങ്ങും. രജിസ്റ്റർ ചെയ്യുന്ന കർഷകർക്കായിരിക്കും ഈ ആനുകൂല്യം. ഈ വിളകൾ എത്രയധികം ഉല്പാദിപ്പിച്ചാലും കേന്ദ്ര സഹകരണ സ്ഥാപനങ്ങൾ അടുത്ത അഞ്ചു വർഷത്തേക്ക് പരിധിയില്ലാതെ കുറഞ്ഞ താങ്ങുവില ഉറപ്പാക്കി കർഷകരിൽ നിന്നും വാങ്ങും.
കേന്ദ്രം 23 വിളകൾക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഭരണത്തിൻ്റെ സിംഹഭാഗവും പോകുന്നത് നെല്ല്, ഗോതമ്പ് എന്നീ രണ്ട് ധാന്യ വിളകൾക്കാണ്. അതും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർക്ക്.
എന്തു കൊണ്ടാണ് കേന്ദ്രം മൂന്ന് പയറു വർഗങ്ങൾ, മക്കച്ചോളം, പരുത്തി എന്നീ അഞ്ച് ബദൽ വിളകൾ തിരഞ്ഞെടുത്തത്? കേന്ദ്രം 23 വിളകൾക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഭരണത്തിൻ്റെ സിംഹഭാഗവും പോകുന്നത് നെല്ല്, ഗോതമ്പ് എന്നീ രണ്ട് ധാന്യ വിളകൾക്കാണ്, അതും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർക്ക്. നെല്ല്, ഗോതമ്പ് എന്നീ രണ്ടു വിളകളെ മാത്രം ആശ്രയിച്ചുള്ള പഞ്ചാബിലെ കൃഷി പാരിസ്ഥിതികമായി വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു കിലോഗ്രാം നെല്ല് ഉല്പാദിപ്പിക്കണമെങ്കിൽ 3000 ലിറ്റർ വെള്ളം വേണം. നെൽകൃഷിക്കു വേണ്ടി അമിതമായി ഊറ്റിയെടുത്തതിനാൽ പഞ്ചാബിലെ ഭൂഗർഭ ജലനിരപ്പ് അപകടകരമായി താഴ്ന്നു. ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻ്റെ ഈറ്റില്ലമായിരുന്ന പഞ്ചാബിലെ കൃഷി ഭൂമികൾ മരുവൽക്കരണ ഭീഷണി നേരിടുകയാണ്.
പഞ്ചാബിൽ നെല്ല് കേന്ദ്രീകരിച്ചുള്ള നിലവിലെ കൃഷി സമ്പ്രദായം തുടർന്നാൽ 2039 ഓടെ ഭൂഗർഭ ജലസ്രോതസുകൾ പൂർണമായും ഇല്ലാതാകും. 2020-ൽ സെൻട്രൽ വാട്ടർ ബോർഡ് ഭൂഗർഭ ജല ലഭ്യതയെ കുറിച്ച് പഞ്ചാബിലെ 150 ബ്ലോക്കുകളിൽ പഠനം നടത്തിയിരുന്നു .ഇതിൽ 17 ബ്ലോക്കുകളിൽ മാത്രമായിരുന്നു ഭൂഗർഭ ജലത്തിൻ്റെ സുരക്ഷിതമായ നില.133 ബ്ലോക്കുകളിലെ ഭൂഗർഭ ജലനിരപ്പ് അപകടകരമായ നിലയിലും താഴ്ന്നിരുന്നു. നെല്ല് പഞ്ചാബിൻ്റെ സ്വഭാവിക വിളയല്ലെന്ന് കഴിഞ്ഞ വർഷം നവംബറിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഭൂഗർഭ ജലത്തിൻ്റെ അമിതമായ ചൂഷണവും നെല്ലിൻ്റെ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതു കൊണ്ട് ഡൽഹിയിലും പരിസരത്തുമുണ്ടാകുന്ന വായു മലിനീകരണവും പരിഗണിച്ച് പഞ്ചാബ് നെൽകൃഷിയിൽ നിന്നു മാറണം, ബദൽ വിളകൾക്ക് എം എസ് പി നൽകി പ്രോത്സാഹിപ്പിക്കണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
പഞ്ചാബിലും ഹരിയാനയിലും ഊർജിതമായി വെള്ളം ഊറ്റിയെടുക്കുന്ന വിളകളിൽ നിന്നും മാറി അധികം വെള്ളം വേണ്ടാത്ത ബദൽ വിളകളിലേക്കുള്ള ചുവടുമാറ്റത്തിൻ്റെ ഭാഗമായാണ് അഞ്ച് വിളകൾക്ക് താങ്ങുവില നൽകി സംഭരിക്കാനുള്ള കേന്ദ്ര നീക്കം.
പഞ്ചാബിലും ഹരിയാനയിലും ഊർജിതമായി വെള്ളം ഊറ്റിയെടുക്കുന്ന വിളകളിൽ നിന്നും മാറി അധികം വെള്ളം വേണ്ടാത്ത ബദൽ വിളകളിലേക്കുള്ള ചുവടുമാറ്റത്തിൻ്റെ ഭാഗമായാണ് അഞ്ച് വിളകൾക്ക് താങ്ങുവില നൽകി സംഭരിക്കാനുള്ള കേന്ദ്ര നീക്കം. നെല്ലും ഗോതമ്പും ഒഴിവാക്കി വിള വൈവിധ്യവൽക്കരണം നടപ്പാക്കുന്ന കർഷകർക്കാണ് കേന്ദ്രത്തിൻ്റെ സഹായം. മക്കച്ചോളവും പയറു വർഗങ്ങളും കൃഷി ചെയ്യാൻ കർഷകർക്ക് ആഗ്രഹമുണ്ട്' എന്നാൽ ലാഭകരമായ വില ഉറപ്പില്ലാത്തതിനാൽ തയ്യാറാകുന്നില്ല. പുതിയ നിർദ്ദേശം നടപ്പായാൽ ഇതിനു മാറ്റമുണ്ടാകുമെന്നാണ് കേന്ദ്ര മന്ത്രിമാരുടെ വാദം.
പയറു വർഗങ്ങളുടെ, ലോകത്തിലെ ഏറ്റവും വലിയ ഉല്പാദകരും ഉപഭോക്താക്കളും ഇന്ത്യയാണ്. ഏകദേശം 27 ദശലക്ഷം ടണ്ണോളമാണ് ആഭ്യന്തര ഉല്പാദനം. പയറുല്പാദനത്തിൽ രാജ്യം സ്വയംപര്യാപ്തമല്ല. ആഭ്യന്തര ആവശ്യത്തിൻ്റെ 15 ശതമാനത്തോളം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. മൊസാമ്പിക്, ഓസ്ട്രേലിയ, റഷ്യ, മ്യാൻമാർ, കാനഡ തുടങ്ങിയ രാജ്യണ്ടളിൽ നിന്നാണ് ഇറക്കുമതി.കേന്ദ്രത്തിൻ്റെ ബദൽ നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൂന്നു പയർ വർഗങ്ങളും വിപണി വിലയിൽ വലിയ അസ്ഥിരത പ്രകടിപ്പിക്കുന്നവയാണ്. ഇവയുടെ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ മറ്റ് പയറുവർഗങ്ങളുടെ വിലയെയും സ്വാധീനിക്കും. പയറു വർഗങ്ങൾ ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കാൻ കഴിഞ്ഞവർഷം അവസാനം ഭാരത് അരിയുടെ മാതൃകയിൽ ഭാരത് ദാൽ പദ്ധതി കേന്ദ്രം തുടങ്ങിയിരുന്നു. ഈ വർഷം ജനുവരിയിൽ തുർ ദാൽ കർഷകരിൽ നിന്നും നേരിട്ടു വാങ്ങാൻ എൻ സി സി എഫ് , നാഫെഡ് എന്നിവ പോർട്ടൽ തുടങ്ങിയിരുന്നു. എം എസ് പി നിരക്കിൽ സംഭരിക്കാൻ കർഷകർ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വിള വൈവിധ്യവൽക്കരണത്തോടൊപ്പം 2028 ഓടെ പയർ ഉല്പാദനത്തിൽ 'ആത്മനിർഭരത ' കൈവരിക്കുക കൂടിയാണ് ലക്ഷ്യം. ഇതിൻ്റെ ഭാഗമായാണ് അഞ്ചു വിളകൾക്ക് അഞ്ചു വർഷത്തേക്ക് ഗ്യാരൻ്റി നൽകി എം എസ് പി നിരക്കിൽ സംഭരിക്കാനുള്ള ബദൽ നിർദ്ദേശത്തിൽ മൂന്ന് പയറു വർഗങ്ങളെ കൂടി ' ഉൾപ്പെടുത്തിയിരിക്കുന്നത്.
പെട്രോളിൽ എഥനോൾ കലർത്തി വിതരണം ചെയ്യാനുള്ള ജൈവ ഇന്ധന പദ്ധതി പ്രോത്സാഹിപ്പിക്കാനാണ് മക്കച്ചോളം അഞ്ച് ബദൽ വിളകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2023 മെയ് ഒന്നിന് നിലവിൽ വന്ന പുതുക്കിയ ദേശീയ ബയോഫ്യുവൽ നിയമനുസരിച്ച് 2025 ഓടെ പെട്രോളിൽ 20 ശതമാനം എഥതനോൾ കലർത്താനാണ് ലക്ഷ്യം. ഇപ്പോൾ അത് 12 ശതമാനമാനമാണ്. കരിമ്പിൽ നിന്നുള്ള ഉപോല്പന്നമായ മൊളാസസ്സാണ് ജൈവ ഇന്ധനത്തിൻ്റെ ഒരു പ്രധാന സ്രോതസ്സ് . എന്നാൽ ജൈവഇന്ധന ഉല്പാദനത്തിൽ കരിമ്പിനു പകരം വെള്ളം കുറച്ച് ഉപയോഗിക്കുന്ന മക്കച്ചോളത്തിൻ്റെ കൃഷി പ്രോത്സാഹിപ്പിക്കണമെന്നതാണ് കേന്ദ്രത്തിൻ്റെ നയം. എം എസ് പി നിരക്കിൽ മക്കച്ചോളം, എൻ സി സി എഫ്, നാഫെഡ് എന്നീ ഏജൻസികൾ വഴി സംഭരിക്കും. ഇത് ഏജൻസികൾ എഥനോൾ ഉല്പാദിപ്പിക്കുന്ന ഡിസ്റ്റിലറികൾക്ക് കൈമാറും. ഇതിലൂടെ ഇന്ധനം ഇറക്കുമതി ഇനത്തിൽ ഒരു വർഷം 30000 കോടി രൂപ സർക്കാരിന് ലാഭിക്കാം. കർഷകന് വരുമാനം ഉറപ്പിക്കാം. കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴി പരുത്തി സംഭരിക്കുന്നതും കർഷകരുടെ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്.
നെല്ലിൽ നിന്നും ഗോതമ്പിൽ നിന്നും മാറി ബദൽ വിളകൾ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര നീക്കം താൽക്കാലിക പരിഹാരം മാത്രമാണെന്ന് കർഷകർ പറയുന്നു. ഗ്യാരൻ്റിയോടെ എം എസ് പി ലഭിക്കാൻ കൃഷിക്കാർ അഞ്ചു വർഷത്തേക്ക് രജിസ്റ്റർ ചെയ്യണം. ഒന്നാം കർഷക സമരത്തെ തുടർന്ന് റദ്ദാക്കിയ മൂന്ന് വിവാദ കാർഷിക നിയമങ്ങളിൽ ഒന്നായിരുന്നു കരാർ കൃഷി നിയമം. ബദൽ വിളകൾക്ക് എം എസ് പി ഉറപ്പാക്കാൻ അഞ്ചു വർഷത്തേക്ക് രജിസ്ട്രേഷൻ വേണമെന്ന് നിർബന്ധിക്കുന്നത് കരാർ കൃഷി പിൻവാതിലിലൂടെ കൊണ്ടുവരാനുള്ള ശ്രമമാണെന്നാണ് കർഷക സംഘടനകളുടെ ആരോപണം. ബദൽ വിളകളിൽ ഉൾപ്പെടുത്തിയ പയറു വർഗങ്ങൾക്ക് ഇപ്പോൾ വിപണിയിൽ എംഎസ് പി യെക്കാൾ ഉയർന്ന വിലയുണ്ട്. അതിനാൽ സർക്കാർ നിർദ്ദേശം കർഷകർക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നും ചെയ്യില്ല.
എല്ലാ കാർഷിക വിളകൾക്കും സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത സി 2+ 50 ശതമാനം എന്ന നിരക്കിൽ എം എസ് പി നൽകണമെന്നതാണ് കർഷക സംഘടനകളുടെ ആവശ്യം.ഇത് രാജ്യത്തെ എല്ലാ കർഷകരുടെയും ആവശ്യമാണ്. എന്നാൽ സർക്കാർ കർഷക സമരത്തെ പഞ്ചാബ് ഹരിയാന കർഷകരുടെ മാത്രം പ്രശ്നമായി ചുരുക്കുകയാണ്. വോട്ടു ബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ള പ്രശ്ന പരിഹാര ശ്രമമാണ് ഇതെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. കർഷകരുടെ മറ്റ് ആവശ്യങ്ങളിൽ സർക്കാർ നിലപാട് വ്യക്തമാക്കുന്നില്ല. ചർച്ച തുടരാമെന്നു മാത്രമാണ് പറയുന്നത്.
ഇപ്പോൾ എം എസ് പി നൽകി സംഭരിക്കുന്ന 23 വിളകൾക്ക് നിയമ പരിരക്ഷ നൽകി വാങ്ങണമെങ്കിൽ ഒരു വർഷം 10 ലക്ഷം കോടി രൂപയുടെ ബാധ്യത വരുമെന്നാണ് സർക്കാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അത് 27 ലക്ഷം കോടി രൂപയായി ഉയർത്തി. സർക്കാർ ചെലവിൽ സംഭരിക്കുകയാണെങ്കിൽ 10 ലക്ഷം കോടി രൂപ മാത്രമെ ബാധ്യത വരികയുള്ളു എന്നാണ് ഇപ്പോഴും കർഷകരുടെ വാദം. എല്ലാ ഉല്പന്നങ്ങളും വിപണിയിലെത്തില്ല. കുറെ കുടുംബത്തിൻ്റെ ഉപഭോഗത്തിന് എടുക്കും. അങ്ങനെ വരുമ്പോൾ ഏഴോ എട്ടോ ലക്ഷം കോടി രൂപ കൊണ്ട് എം എസ് പി പ്രഖ്യാപിച്ച 23 വിളകളും സർക്കാരിന് സംഭരിക്കാം. എപിഎംസി നിയന്ത്രിത വിപണികളിൽ എം എസ് പി യിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഉല്പന്നങ്ങൾ ലേലം ചെയ്യാൻ പാടില്ല എന്ന നിയമം കൊണ്ടു വന്നാൽ തന്നെ വലിയ മാറ്റമുണ്ടാകുമെന്നാണ് കർഷക സംഘടനകളുടെ വാദം.
എം എസ് പി യ്ക്ക് നിയമ സാധുത ഇല്ലാത്തതിനാൽ കർഷകർക്ക് വിപണിയിൽ 20-50 ശതമാനം കുറച്ച് വില മാത്രമെ ലഭിക്കുന്നുള്ളു. ഇതു കൊണ്ട് രാജ്യത്തെ കർഷകർക്ക് ഒരു വർഷം 10 ലക്ഷം കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടാകുന്നു. കർഷകർ കടക്കെണിയിൽ കുടുങ്ങുന്നു. ന്യായവില ലഭിക്കാത്തതിനാൽ ഇന്ത്യയിലെ കർഷകർക്ക് 2022 ൽ മാത്രം 14 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇൻ്റർനാഷണൽ ഇക്കണോമിക് റിലേഷൻസും ഓ ഇ സി സി യും ചേർന്നു നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത്. 2000- നും 2017 നുമിടയിൽ 45 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. കൃഷി ഒഴികെ മറ്റൊരു മേഖലയിലും ഉല്പാദനച്ചെലവിലും താഴെയുള്ള വിലയ്ക്ക് ഉല്പന്നം വിറ്റഴിക്കേണ്ട സാഹചര്യം നിലവിലില്ല. രാജ്യത്തിൻ്റെ ഭക്ഷ്യ സുരക്ഷയും കർഷകരുടെ വരുമാനവും ഉറപ്പാക്കണമെങ്കിൽ എല്ലാ വിളകൾക്കും എം എസ് പി നൽകുന്നത് നിയമപരമായ ബാധ്യതയായി പ്രഖ്യാപിക്കണം. എല്ലാ വിളകൾക്കും ആദായകരമായ വില ഉറപ്പായാൽ വിള വൈവിധ്യവൽക്കരണത്തിലേക്ക് കർഷകർ താനേ മാറിക്കൊള്ളുമെന്ന് കർഷക സംഘടനകൾ പറയുന്നു.