INDIA

'അയോഗ്യനാക്കാനുണ്ടായ വേഗത രാഹുലിനെ തിരിച്ചെടുക്കുന്നതിൽ ഇല്ലാത്തതെന്ത്?'; വിമർശനവുമായി കോൺഗ്രസ്

തിരിച്ചെടുക്കാനാവശ്യപ്പെട്ടുള്ള കത്തും വിധി പകർപ്പും കോൺഗ്രസ് കൈമാറിയിരുന്നു

വെബ് ഡെസ്ക്

ക്രിമിനൽ മാനനഷ്ടക്കേസിൽ ഓഗസ്റ്റ് നാലിനാണ് രാഹുൽ ഗാന്ധിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തത്. തിങ്കളാഴ്ച മുതൽ രാഹുലിനെ സഭയിൽ എത്തിക്കാനും മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിൽ സംസാരിപ്പിക്കാനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ രാഹുലിന്റെ ലോക്സഭാ അംഗത്വം തിരികെ നൽകുന്നതിൽ ലോക്സഭാ സെക്രട്ടറിയേറ്റ് ഇതുവരെ തീരുമാനം കൈക്കൊണ്ടില്ല.

കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി രാഹുലിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച തന്നെ കത്ത് നൽകിയിരുന്നു. സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ മണിക്കൂറുകൾക്കകം രാഹുലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയിരുന്നു. അതേ വേഗത എന്തുകൊണ്ട് തിരിച്ചെടുക്കുന്നതിലുണ്ടാകുന്നില്ലെന്ന ചോദ്യം കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നുണ്ട്. കോടതിവിധി ലഭ്യമായതിന് ശേഷം പരിഗണിക്കാം എന്നാണ് സ്പീക്കർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിധിപകർപ്പ് കോൺഗ്രസ് സമർപ്പിച്ചതായാണ് വിവരം. എന്നാൽ സ്പീക്കർ ഓംബിർളയ്ക്ക് ഡൽഹിയ്ക്ക് പുറത്ത് പരിപാടികളുള്ളതിനാൽ തീരുമാനമെടുക്കുന്നത് തിങ്കളാഴ്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.

ചൊവ്വ, ബുധൻ (8,9) ദിവസങ്ങളിലാണ് മണിപ്പൂർ വിഷയത്തിൽ ലോക്സഭയിൽ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുന്നത്. രാഹുലിനെ ചർച്ചയിൽ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് വേഗത്തില്‍ കാര്യങ്ങൾ തീർപ്പാക്കാനാവശ്യപ്പെടുന്നത്. കോടതി വിധി വന്നതിന് പിന്നാലെ വെള്ളിയാഴ്ച തന്നെ സ്പീക്കർ ഓം ബിർളയെ വിളിച്ചുവെന്ന് അധിർ രഞ്ജൻ ചൗധരി പറയുന്നു. '' തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്ന കത്തും കോടതി വിധിയുടെ പകർപ്പും സമർപ്പിക്കാനായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി. എന്നാൽ ശനിയാഴ്ച മാത്രമെ കാണാനാകൂ എന്നായിരുന്നു സ്പീക്കറുടെ മറുപടി. ശനിയാഴ്ച ബന്ധപ്പെട്ടപ്പോൾ ലോക്സഭാ സെക്രട്ടറി ജനറലിനെ കാണാൻ നിർദേശിച്ചു. എന്നാൽ ലോക്സഭാ സെക്രട്ടറിയെ വിളിച്ചപ്പോൾ അവധി ദിവസമാണ്, കത്ത് സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കാനാകില്ല എന്നായിരുന്നു മറുപടി. പിന്നീട് കത്തും വിധിപകർപ്പുമായി ആരെയെങ്കിലും അയയ്ക്കാൻ നിർദേശിച്ചു. ഇതുപ്രകാരം ആളെ അയച്ചപ്പോൾ കത്ത് ലോക്സഭാ അണ്ടർ സെക്രട്ടറി ഫയലിൽ സ്വീകരിച്ചു, ഒപ്പുവച്ചെങ്കിലും മുദ്രവയ്ക്കാൻ തയ്യാറായില്ല'' - അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

നിയമപ്രകാരം ചെയ്യേണ്ട നടപടിക്രമങ്ങളെല്ലാം പാർട്ടി പൂർത്തിയാക്കി കഴിഞ്ഞെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. എന്നിട്ടും അയോഗ്യനാക്കിയ നടപടിയുടെ പകുതി വേഗത പോലും തിരിച്ചെടുക്കാനുള്ള നടപടിക്ക് ഇല്ലാതെ പോയതാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന വിഷയം. പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കപ്പെടണമെന്നും അവർ ആവശ്യപ്പെടുന്നു. രാഹുലിനെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചപ്പോൾ അവധി ദിവസമാണെന്ന ഒഴിവുകഴിവുകളൊന്നും ലോക്സഭാ സെക്രട്ടറിയേറ്റിന് ഉണ്ടായിരുന്നില്ലെന്നും കോൺഗ്രസ് ഓർമിപ്പിക്കുന്നു.

വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക, ലീഡ് അറുപതിനായിരത്തിലേക്ക്‌| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം