കോടിക്കണക്കിന് മൂല്യമുള്ള കുടുംബസ്വത്തുക്കളുടെ അനന്തരാവകാശത്തെ ചൊല്ലി തർക്കത്തിലാണ് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയും സഹോദരി വൈ എസ് ശർമിള റെഡ്ഡിയും. രാഷ്ട്രീയവും സ്വത്തുക്കളും പണവും അധികാരവുമെല്ലാം നേരത്തെ ഇരുവർക്കുമിടയിൽ തർക്കങ്ങളായി വന്നിട്ടുണ്ട്. എന്നാൽ ഒരുകാലത്ത് വളരെ ആഴത്തിലുള്ള സഹോദര ബന്ധം കാത്ത് സൂക്ഷിച്ചവരായിരുന്നു വൈ എസ് രാജശേഖര റെഡ്ഡിയുടെ മക്കളായ ജഗനും ശർമ്മിളയും. ഇരുവർക്കുമിടയിൽ നിലവിൽ തഴച്ച് വളർന്നിരിക്കുന്ന ശത്രുതയുടെ അടിസ്ഥാനമെന്താണ്?
ഇരുവരുടെയും 'അമ്മ വൈഎസ് വിജയ ലക്ഷ്മിയുടെ പേര് ഉപയോഗിച്ച് ഒരു പവർ കമ്പനിയുടെ ഓഹരികൾ ശർമിള തട്ടിയെടുത്തുവെന്ന് ആരോപിച്ച് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് (എൻസിഎൽടി) മുമ്പാകെ ജഗൻ കഴിഞ്ഞ ദിവസം ഒരു പരാതി നൽകിയിരുന്നു. പരാതിക്കൊപ്പം ഇരുവരുടെയും ബന്ധത്തെക്കുറിച്ച് വളരെ നിർണായകമായ ഒരു പരാമർശവും നടത്തി. " ഞങ്ങൾക്കിടയിൽ ഇനി യാതൊരു സ്നേഹവും അവശേഷിക്കുന്നില്ല" എന്നതായിരുന്നു അത്. കുറച്ച് മുൻപെയാണെങ്കിൽ ഈ സഹോദരങ്ങളിൽ ഒരാൾ ഇത്തരമൊരു പരാമർശം നടത്തുന്നത് അസംഭവ്യമായാണ് എല്ലാവരും കരുതിയിരുന്നത്.
കേവലം രണ്ട് വയസ് വ്യത്യാസമാണ് ജഗനും സഹോദരിയും തമ്മിലുള്ളത്. ഇരുവർക്കുമിടയിൽ ആദ്യത്തെ വിള്ളൽ തീർക്കുന്നത് രാഷ്ട്രീയം തന്നെയാണ്. പിതാവും കോൺഗ്രസ് നേതാവുമായ വൈഎസ് രാജശേഖര റെഡ്ഡി അല്ലെങ്കിൽ വൈഎസ്ആർ അവശേഷിപ്പിച്ച പാരമ്പര്യം ഇരുവർക്കുമിടയിൽ തർക്കങ്ങൾ ഉടലെടുക്കാൻ കാരണമായി.
ജഗന്റെ രാഷ്ട്രീയ ജീവിതം കലുഷിതമായിരുന്ന കാലത്ത് ആവശ്യമായ പിന്തുണ നൽകിയതും ജഗന് വേണ്ടി ശബ്ദം ഉയർത്തിയതും ശർമ്മിളയാണ്. കോൺഗ്രസിൽ നിന്ന് അകന്നതിന് പിന്നാലെ 2012 മെയ് മാസത്തിൽ ജഗൻ സിബിഐ കേസിൽ പെടുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്തു. ജഗൻ്റെ ഭാര്യ വൈ.എസ്.ഭാരതിയും സഹോദരി ശർമിളയുമാണ് ജഗന് വേണ്ടി അന്ന് സമരത്തിനിറങ്ങിയത്. അറസ്റ്റിലായപ്പോൾ ജഗൻ പ്രചാരണം നടത്തിയിരുന്ന ഉപതെരഞ്ഞെടുപ്പിൻ്റെ ചുമതല ശർമിള ഏറ്റെടുത്തു. തുടർന്ന് 2012 ഒക്ടോബറിൽ അദ്ദേഹത്തെ പിന്തുണച്ച് പദയാത്ര ആരംഭിച്ചു.
കടപ്പ ജില്ലയിലെ ഇടുപ്പുലപായ എന്ന സ്വന്തം ഗ്രാമം മുതൽ ശ്രീകാകുളത്തെ ഇച്ചാച്ചപുരം വരെ 3,000 കിലോമീറ്ററുകൾ ശർമ്മിള പദയാത്രയുടെ ഭാഗമായി പിന്നിട്ടിരുന്നു. 2013 സെപ്റ്റംബർ 23ന് ജഗൻ ജയിൽ മോചിതനായി. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, വൈഎസ്ആർസിപിക്കും ജഗനും പിന്തുണ തേടി ശർമിള 11 ദിവസങ്ങളിലായി ആന്ധ്രയിൽ ഉടനീളം 1,500 കിലോമീറ്റർ സഞ്ചരിച്ച് വീണ്ടും ഒരു യാത്ര നടത്തി.
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 175ൽ 153 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തോടെ ജഗൻ അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ ഇരുവരും തമ്മിലുള്ള സംഘർഷം ആരംഭിച്ചു. അച്ഛൻ്റെ പേരിൽ ജഗൻ ഉണ്ടാക്കിയ പാർട്ടിയിൽ, സംഘടനാതലത്തിൽ പോലും തനിക്ക് ഇടമില്ലെന്നതാണ് അന്ന് ശർമിളയെ ചൊടിപ്പിച്ചത്. എന്നാൽ ജഗനോട് അടുപ്പമുള്ളവർ അതിന് മറ്റൊരു വിശദീകരണമാണ് നൽകിയത്. " ജഗൻ ശർമിളയെ എപ്പോഴും ഒരു കുഞ്ഞുസഹോദരിയായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാൽ അവൾക്ക് അവളുടേതായ രാഷ്ട്രീയ മോഹങ്ങളുണ്ടാകുമെന്ന് ജഗൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,” ഒരു ബന്ധു പറയുന്നു.
ഇരുവരുടെയും അമ്മ വൈ.എസ്.വിജയമ്മ വൈ.എസ്.ആർ.സി.പിയുടെ ഓണററി പ്രസിഡൻ്റായിരിക്കെ, യഥാർത്ഥ അധികാരം കേന്ദ്രീകരിച്ചിരുന്നത് ജഗൻ്റെ കൈകളിലായിരുന്നു. ശർമ്മിള കലാപം നടത്തുകയും അമ്മയുടെ പിന്തുണ നേടുകയും ചെയ്തതോടെ ജഗൻ പതിയെ അമ്മയെയും അകറ്റി. പാർട്ടിയിലോ അധികാരത്തിലോ ഒരിഞ്ചുപോലും വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന ജഗന്റെ മനോഭാവം സഹോദരിയെയും അമ്മയെയും അത്ഭുതപ്പെടുത്തിയെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ഒരു രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച് വളർന്നിട്ട് പോലും ശർമ്മിള പൂർണ്ണമായും അവഗണിക്കപ്പെട്ടു. ജഗന് എല്ലാ വിജയവും ആശംസിക്കുമ്പോഴും ശർമിളയുടെ രാഷ്ട്രീയ മുന്നേറ്റത്തെ പിന്തുണക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വിജയ ലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്.
2021 ഒക്‌ടോബറിൽ തെലങ്കാനയിലെ 33 ജില്ലകളിലൂടെ ശർമിള മറ്റൊരു കാൽനടയാത്ര, 'പ്രജാ പ്രസ്ഥാനം യാത്ര' ആരംഭിച്ചു. വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കിയെങ്കിലും, ശർമിള പ്രതീക്ഷിച്ച ജനക്കൂട്ടത്തെ ആ പദയാത്ര കൊണ്ട് ആകർഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷം അവസാനത്തോടെ, മറ്റ് സാദ്ധ്യതകൾ ഇല്ലാതായതോടെ ശർമിള കോൺഗ്രസിലേക്ക് എത്തി. 2010 നവംബറിൽ കോൺഗ്രസിൽ നിന്ന് കടുത്ത സംഘർഷങ്ങൾക്കൊടുവിൽ ഇറങ്ങിപ്പോയ ജഗനുമായുള്ള ശർമിളയുടെ ബന്ധം ഇതോടെ കൂടുതൽ മോശമായി. ഇനിയൊരിക്കലും തനിക്കോ കുടുംബത്തിനോ കോൺഗ്രസുമായി ബന്ധമില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്ന ജഗൻ ശർമിളയുടെ ഈ നീക്കത്തെ വഞ്ചനാപരമായാണ് കണ്ടതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ശർമിളയെ കോൺഗ്രസിൽ ചേരുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ നിരവധി കുടുംബാംഗങ്ങൾ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജഗനുമായുള്ള പോരിൽ ശർമിളയെ ഭാഗമാക്കുകയാണ് കോൺഗ്രസ് അന്ന് ചെയ്തത്. അവരെ ആന്ധ്രാ പിസിസി അധ്യക്ഷയാക്കുകയും ചെയ്തു. മറ്റ് വഴികളില്ലാതിരുന്ന ശർമ്മിളക്ക് ജഗനെതിരെ കോൺഗ്രസിന്റെ പക്ഷത്ത് നിലയുറപ്പിക്കേണ്ടി വന്നു. കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചപ്പോഴും ശർമിളയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിൽ നിന്ന് ജഗൻ ഇപ്പോഴും വിട്ടുനിന്നിരുന്നു എന്നാണ് കുടുംബാംഗങ്ങൾ അവകാശപ്പെടുന്നത്.
എന്തൊക്കെയായാലും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആന്ധ്രയിൽ രണ്ട് പാർട്ടികൾക്കും വലിയ ക്ഷീണമാണ് സംഭവിച്ചത്. കോൺഗ്രസ് പൂജ്യം തൊടുകയും വൈഎസ്ആർസിപി തകരുകയും ചെയ്തു. സരസ്വതി പവർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെ ജഗന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള ഓഹരികൾ അമ്മ വിജയമ്മയ്ക്ക് കൈമാറിയത് സംബന്ധിച്ചാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന തർക്കങ്ങൾ.