കഴിഞ്ഞ ഡിസംബറിൽ പടിഞ്ഞാറൻ ഹിമാലയൻ മേഖലയില്‍ മഴയുടെ അളവിൽ 80 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽ പൂർണമായും വരണ്ട കാലാവസ്ഥയും. മെഡിറ്ററേനിയൻ മേഖലയിൽ നിന്ന് ഉത്ഭവിക്കുകയും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്ക് കാലാനുസൃതമല്ലാത്ത മഴ ലഭിക്കാതിരിക്കുയും ചെയ്യുന്ന കാലാവസ്ഥ വ്യതിയാനം മൂലമാണ് കുറഞ്ഞ മഴ രേഖപ്പെടുത്തിയതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശൈത്യകാലത്തെ ചൂടിന്റെ കാരണമായി വിശദീകരിക്കുന്നത്.
മഴക്കുറവ് ഹിമാലയൻ മേഖലകളിലെ ശുദ്ധജല ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ ഈ കാലാവസ്ഥ തുടരുകയാണെങ്കിൽ മേഖലകളിലെ തോട്ടകൃഷിയേയും കാർഷിക ഉൽപാദനത്തെയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ലഡാക്കിലെ ലേയിലെ കാലാവസ്ഥാ കേന്ദ്രത്തിന്റെ മേധാവി സോനം ലോട്ടസ് പറഞ്ഞു.
തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിന് മുൻപ് ചില്ലൈ കലൻ കാലഘട്ടത്തിലെ (ഡിസംബർ 21 മുതൽ ജനുവരി 29 വരെ) മഞ്ഞുവീഴ്ചയാണ് കശ്മീരിലെ ഏക ശുദ്ധജല സ്രോതസെന്ന് ഷേർ-ഇ-കശ്മീർ അഗ്രികൾച്ചറൽ സയൻസസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ അഗ്രികൾച്ചർ വിഭാഗം ഡീൻ റൈഹാന ഹബീബ് കാന്ത് പറയുന്നു.
ഐഎംഡി ശാസ്ത്രജ്ഞരായ കൃഷ്ണ മിശ്ര, നരേഷ് കുമാർ, ആർ കെ ജെനാമണി എന്നിവർ തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, ഡിസംബർ 29 മുതൽ വടക്കൻ സമതലങ്ങളിലെ പരമാവധി താപനില സാധാരണയിൽ നിന്ന് അഞ്ച് മുതല്‍ എട്ട് ഡിഗ്രി സെൽഷ്യസിനു താഴെയാണ്. കാലാവസ്ഥ വ്യതിയാനം മൂലം ജനുവരി ഏഴ്, എട്ട് തീയതികളിൽ നേരിയ ശമനമുണ്ട്. ജനുവരി 12 മുതൽ 17 വരെ ഹിമാലയൻ മേഖലയിലെ പല സ്റ്റേഷനുകളിലും കുറഞ്ഞ താപനില നാല് ഡിഗ്രി സെൽഷ്യസിൽ താഴെയാണ് രേഖപ്പെടുത്തിയത്.
കൂടാതെ, ഡിസംബർ 25 മുതൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ സമതലങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് നിലനിൽക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി 14ന് തീവ്ര മൂടൽമഞ്ഞ് രേഖപ്പെടുത്തിയതിന് പിന്നാലെ ബിഹാർ, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലൂടെ അമൃത്സർ മുതൽ ദിബ്രുഗഡ് വരെയുള്ള വടക്കൻ സമതലങ്ങളിൽ ദൃശ്യപരത പൂജ്യം മീറ്ററിലേക്ക് കുറഞ്ഞിരുന്നു.
ഡിസംബർ, ജനുവരി മാസങ്ങളിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ സജീവമായ പാശ്ചാത്യ അസ്വസ്ഥതകൾ ഇല്ലാത്തതാണ് ഉത്തരേന്ത്യയിലെ ചൂട് കൂടുന്ന കാലാവസ്ഥയ്ക്ക് കാരണം. സാധാരണയായി, ഈ മാസങ്ങളിൽ അഞ്ച് മുതൽ ഏഴ് പ്രാവശ്യം വരെ കാലവർഷം ഈ മേഖലയിലേക്ക് എത്താറുണ്ടായിരുന്നു. ശൈത്യകാലം കടന്നുപോയിട്ടും ഇടവിട്ടുള്ള കാലവർഷം ലഭിക്കാത്തത് വലിയ കാലാവസ്ഥ മാറ്റങ്ങൾക്കാണ് വഴിവച്ചത്.
ഡിസംബർ, ജനുവരി മാസങ്ങളിൽ രാജ്യത്തുണ്ടായ രണ്ട് കാലാവസ്ഥ വ്യതിയാന ആഘാതം ഗുജറാത്ത്, വടക്കൻ മഹാരാഷ്ട്ര, കിഴക്കൻ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഒതുങ്ങിയതും ഹിമാലയൻ കേന്ദ്രങ്ങളിലേക്ക് മഴ വ്യാപിക്കാതിരുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
പസഫിക് സമുദ്രത്തിൽ ഉടലെടുക്കുന്ന സവിശേഷ കാലാവസ്ഥ ഘടനയാണ് എൽ നിനോ. പൊതുവിൽ താപനിലയുടെ വർധനയുമായി ബന്ധപ്പെടുത്തുന്ന എൽ നിനോ പ്രതിഭാസം കാരണവും മഴക്കുറവ് രാജ്യത്ത് രേഖപ്പെടുത്തിയിരുന്നു. ശക്തമായ ജെറ്റ് സ്ട്രീമും അന്തരീക്ഷത്തിൽ താപനില കൂടുന്നതിന് കാരണമായികണക്കാക്കുന്നു.