INDIA

"ഈ സംവരണം എങ്ങനെയുണ്ടായി? അതിനെ കർപൂരിയുടെ അമ്മ പ്രസവിച്ചു"; ഭാരതരത്‌ന ജേതാവിനെ സംഘപരിവാര്‍ അന്ന് അധിക്ഷേപിച്ചത്‌ ഇങ്ങനെ

വെബ് ഡെസ്ക്

ബിജെപി സർക്കാർ ഭാരത് രത്ന നൽകി ഇപ്പോൾ ആദരിക്കുന്ന കർപൂരി താക്കൂർ ശരിക്കും സംഘപരിവാറിനും ബിജെപിക്കും പ്രിയപ്പെട്ട വ്യക്തിയാണോ? ബിഹാറിൽ ആർജെഡിക്കും ജെഡിയുവിനും ഒരുപോലെ സ്വീകാര്യനായ, സോഷ്യലിസ്റ്റായ, അണികള്‍ ആദരപൂര്‍വം 'ജന്‍നായക്' എന്നു വിളിക്കുന്ന കർപൂരി താക്കൂറിനെ സംഘപരിവാർ ഈ പുരസ്കാരത്തിലൂടെ അംഗീകരിക്കുകയാണോ എന്ന് മനസിലാക്കാൻ കർപൂരി താക്കൂർ രണ്ടാം തവണ ബിഹാറിന്റെ മുഖ്യമന്ത്രിയായിരുന്ന 1977-79 കാലത്തേക്ക് പോകണം. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള കാലമാണ്. ഇന്നത്തെ ബിജെപിയുടെ ആദിരൂപമായ ജനസംഘത്തിന്റെ പിന്തുണയോടെ ജനതാ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായി കര്‍പൂരി താക്കൂര്‍ ബിഹാറിന്റെ അധികാരക്കസേരയില്‍ എത്തുന്നു. ജനസംഘത്തിന്റെ ബിഹാറിലെ സ്ഥാപകന്‍ കൂടിയായ കൈലാഷ്പതി മിശ്ര താക്കൂര്‍ മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായി.

1978-ൽ ഒബിസി വിഭാഗങ്ങൾക്ക് 26 ശതമാനം സംവരണം ഏർപ്പെടുത്താൻ കർപൂരി താക്കൂർ തീരുമാനിച്ചപ്പോൾ ജനസംഘം അതിനെതിരേ തിരിഞ്ഞു. നേതാക്കൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു രംഗത്തെത്തുകയും ചെയ്തു. ജനസംഘത്തിന്റെ എംഎൽഎമാർ കർപൂരി താക്കൂറിനെതിരെ മുദ്രാവാക്യങ്ങളുമായി നിരത്തിലിറങ്ങി. "ഈ സംവരണം എങ്ങനെയുണ്ടായി? അതിനെ കർപൂരിയുടെ അമ്മ പ്രസവിച്ചു" എന്ന് അധിക്ഷേപ മുദ്രാവാക്യങ്ങൾ അവരുയർത്തി.

പലയിടങ്ങളിലും സവർണർ പിന്നാക്ക വിഭാഗങ്ങളിലുള്ള ജനങ്ങൾക്കെതിരെ അക്രമങ്ങൾ അഴിച്ചുവിട്ടു. രക്തരൂക്ഷിതമായ ഈ അക്രമങ്ങളുടെ തുടർച്ചയിൽ 1979-ൽ സർക്കാരിന് രാജി വക്കേണ്ടിവന്നു. എന്നാൽ സംവരണത്തിൽ കർപൂരി താക്കൂർ അവതരിപ്പിച്ച ഈ മാതൃകയാണ് പിന്നീട് ബിഹാറിൽ പല നേതാക്കളും തുടർന്നത്. നിതീഷ് കുമാറിന് ബിഹാറിൽ ജാതി സെൻസസ് നടത്തനുള്ള ഊർജ്ജം ലഭിച്ചത് കർപൂരി താക്കൂറിൽ നിന്നാണെന്ന് വിലയിരുത്താവുന്നതാണ്. നിലവിൽ ജാതി സെൻസസിലൂടെ നിതീഷ് കുമാർ ഒബിസി, ഇബിസി വിഭാഗങ്ങൾക്കുള്ള സംവരണ പരിധി 65 ശതമാനത്തിലേക്കുയർത്തി. 78-ൽ കർപൂരി താക്കൂർ മുന്നോട്ടു വച്ച 26 ശതമാനത്തിൽ നിന്ന് 65 ശതമാനത്തിലേക്ക്.

എന്താണ് ബിജെപി ഉദ്ദേശിക്കുന്നത്?

ജാതി സെൻസസ് ബിജെപിക്കും സംഘ്പരിവാറിനുമെതിരെ ശക്തമായ ആയുധമായി ഉപയോഗിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള 'ഇന്ത്യ' മുന്നണി തീരുമാനിക്കുമ്പോൾ അതിന്റെ ആരംഭം മണ്ഡൽ കമ്മീഷനും മുമ്പ് ഈ സംവരണ മാതൃക അവതരിപ്പിച്ച കർപൂരി താക്കൂറിൽ നിന്നാണെന്ന് മനസിലാക്കേണ്ടതുണ്ട്.

ഈ ചരിത്രപരമായ വിലയിരുത്തലുകളെല്ലാം നിലനിൽക്കുമ്പോഴാണ് കർപൂരി താക്കൂറിന്‌ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരത് രത്ന നൽകി ആദരിക്കാൻ ബിജെപി തീരുമാനിക്കുന്നത്. കർപൂരി താക്കൂറിനെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ച അതേ സംഘ്പരിവാറാണ് ഈ അംഗീകാരം നൽകുന്നത് എന്നോർക്കണം. കർപൂരി താക്കൂറിന്‌ ഭാരത് രത്ന നൽകിയതിനെ അംഗീകരിച്ചുകൊണ്ട് നിതീഷ് കുമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തുന്ന സാഹചര്യത്തിൽ കൂടി വേണം ബിജെപിയുടെ ഈ നീക്കത്തെ മനസിലാക്കാൻ.

പ്രതിപക്ഷം ജാതി സെൻസസ് മുന്നോട്ടു വയ്ക്കുമ്പോഴാണ് അതിന് തുടക്കം കുറിച്ച വ്യക്തിയെ തങ്ങൾ മുമ്പ് അധിക്ഷേപിച്ചിരുന്നു എന്നുപോലും മറന്ന് ബിജെപി അംഗീകരിക്കുന്നത്. ആ നീക്കം തള്ളാനോ കൊള്ളാനോ പറ്റാത്ത അവസ്ഥയിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ എത്തിയിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ജാതി സെൻസസിനെ കുറിച്ച് 'ഇന്ത്യ' മുന്നണി സംസാരിക്കുമ്പോൾ കർപൂരി താക്കൂറിനെ ഓർമിപ്പിച്ചാകുമോ ബിജെപി നേതാക്കൾ പ്രസംഗിക്കുക എന്നത് കണ്ടറിയേണ്ടകാര്യമാണ്.

1980-ൽ പുറത്തു വന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് 1990-ലാണ് വി പി സിങ് നടപ്പാക്കുന്നത്. ആ സമയത്തും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത് ബിജെപിയായിരുന്നു. അത് 78-ൽ കർപൂരി താക്കൂറിനെതിരേ നടത്തിയ കടന്നാക്രമണവുമായി സാമ്യതയുള്ളതായിരുന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ ബിജെപി അധ്യക്ഷൻ എൽ കെ അദ്വാനി രഥയാത്രയുമായി രംഗത്തെത്തി. അത് ബാബരി മസ്‌ജിദ്‌ തകർക്കുന്നതുവരെ എത്തി. മണ്ഡല്‍-കമണ്ഡല്‍ പ്രക്ഷോഭം എന്നായിരുന്നു അത് അറിയപ്പെട്ടത്.

മണ്ഡൽ-കമണ്ഡൽ പ്രക്ഷോഭങ്ങളുടെ ബാക്കിപത്രമായി ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠ നടന്നതിന്റെ പിറ്റേദിവസമാണ്‌ കർപൂരി താക്കൂറിന്‌ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരത് രത്ന നൽകി ആദരിക്കുന്നത്. ബിജെപിയെ സംബന്ധിച്ചെടുത്തോളം രണ്ടു സീറ്റുകളിൽ നിന്ന് രണ്ടു തവണ തുടർച്ചയായി ഇന്ത്യ ഭരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ച കാര്യമാണ് രാംജന്മഭൂമി പ്രഷോഭം. അതിന്റെ ആക്കം കൂട്ടിയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനും മുമ്പ് സമാനമായ സംവരണക്രമം അവതരിപ്പിച്ച കർപൂരി താക്കൂറിനെ അംഗീകരിക്കുക എന്ന് പറഞ്ഞാൽ, ജനങ്ങളെ സംഘടിപ്പിക്കാൻ പ്രതിപക്ഷം നടത്തുന്ന ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന പ്രഖ്യാപനം കൂടിയായി കാണാം.

ഭാരത് രത്നയും രഥയാത്രയും

1990ൽ അദ്വാനി രഥയാത്ര നടത്തുന്നതും, ഇപ്പോൾ നരേന്ദ്രമോദി സർക്കാർ കർപൂരി താക്കൂറിന്‌ ഭാരത് രത്ന നൽകുന്നതും രാഷ്ട്രീയമായി ഏകദേശം സമാന ഫലമാണുണ്ടാക്കുന്നത് എന്ന വിലയിരുത്തലുകളുണ്ട്. ഉത്തർപ്രദേശിലും ബിഹാറിലും മുലായം സിങ്ങിനൊപ്പവും ലാലു പ്രസാദിനൊപ്പവും അണിനിരന്ന ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള ഹിന്ദുക്കളെ ഒരുമിപ്പിച്ച് 'രാമ'നെന്ന ബിംബത്തിനു കീഴിൽ ബിജെപിയുടെ ഭാഗമാക്കുക എന്ന ഉദ്ദേശംകൂടിയുണ്ടായിരുന്നു അദ്വാനിയുടെ രഥയാത്രയ്ക്ക്. ആ ഉദ്ദേശം മുഴുവനായി തന്നെ നടന്നു എന്ന് ഉത്തർപ്രദേശിന്റെയും ബിഹാറിന്റെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിലയിരുത്തിക്കൊണ്ട് വേണമെങ്കിൽ പറയാം.

ഇതേ നീക്കമാണ് നരേന്ദ്രമോദി കർപൂരി താക്കൂറിന്‌ ഭാരത് രത്ന നൽകുന്നതിലൂടെയും ഉദ്ദേശിച്ചിരിക്കുന്നെതെന്നാണ് പലരും വിലയിരുത്തുന്നത്. ജാതി സെൻസസ് എന്ന 'ഇന്ത്യ' മുന്നണിയുടെ പ്രഖ്യാപനത്തിലൂടെ പ്രതിപക്ഷ കക്ഷികളിലേക്ക് താല്പര്യം വന്ന ജനവിഭാഗങ്ങളെ തങ്ങളിലേക്കടുപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ ഭാരത് രത്നയിലൂടെ ബിജെപി ഉദ്ദേശിക്കുന്നത്.

കർപൂരി താക്കൂറിനെ അംഗീകരിക്കുന്നതിലൂടെ സാമൂഹിക നീതിക്കു വേണ്ടി നിന്നതിന്റെ ചരിത്രം തങ്ങൾക്കുമുണ്ടെന്ന് അവകാശപ്പെടലാണ് ബിജെപിയുടെ ഉദ്ദേശം. കർപൂരി താക്കൂറിന്റെ നൂറാം ജന്മവാർഷികദിനമായ ജനുവരി 24ന് വിപുലമായ പരിപാടികളാണ് ജെഡിയു ബിഹാറിൽ ആസൂത്രണം ചെയ്തിരുന്നത്. തൊട്ടുമുമ്പത്തെ ദിവസം തന്നെ ഭാരത് രത്ന പ്രഖ്യാപിച്ച് ബിജെപി കളം പിടിച്ചു. ജമദിനത്തിൽ ബിജെപിയും പട്നയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചതായാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ.

ലോഹ്യയുടെ പിന്മുറക്കാരൻ

കർപൂരി താക്കൂറിനും മുമ്പ് സാമൂഹിക നീതിയെ കുറിച്ച് സംസാരിച്ച വ്യക്തി റാം മനോഹർ ലോഹ്യയാണ്. 1953ൽ കാക കലേൽക്കർ റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് സംവരണം നൽകണം എന്ന് ആദ്യം ആവശ്യപ്പെട്ടത് റാം മനോഹർ ലോഹ്യയാണ്. അദ്ദേഹത്തിൻറെ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് രാഷ്ട്രീയത്തിൽ സജീവമായ വ്യക്തിയായിരുന്നു കർപൂരി താക്കൂർ. അതിന് ശേഷമാണ് ഈ ആശയത്തിൽ ആകൃഷ്ടരായി നിതീഷ്കുമാറും ലാലുപ്രസാദ് യാദവുമുൾപ്പെടെയുള്ളവർ ബീഹാർ രാഷ്ട്രീയത്തിൽ സജീവമാകുന്നത്.

പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കാനും, ജാതിസെൻസസ് വഴി അവർക്ക് ലഭിക്കാൻ സാധ്യതയുള്ള വോട്ടിൽ വിള്ളലുണ്ടാക്കാനും അതിലൂടെ നരേന്ദ്രമോദിക്കും ബിജെപിക്കും നേട്ടമുണ്ടാക്കാനാകുമോ എന്നും 2024 പാർലമെന്റ് തിരഞ്ഞെടുപ്പിൽ കണ്ടറിയണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും