24 വര്‍ഷം ഭരണപക്ഷത്തിരുന്ന ബിജെഡിയെ താഴെയിറക്കി ബിജെപി അധികാരം പിടിച്ചതിനുശേഷം, ഒഡിഷയില്‍ തിരിച്ചുവരവിന് ശ്രമിക്കുകയാണ് നവീന്‍ പട്‌നായിക്. പ്രതിപക്ഷ നേതാവ് റോളില്‍ ആദ്യമായിരിക്കുന്ന നവീന്‍, ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്ര സുപരിചതമല്ലാത്ത വഴികളാണ് തേടുന്നത്. അതിന്റെ ഭാഗമായി അദ്ദേഹം തിരഞ്ഞെടുത്ത മാര്‍ഗമാണ് നിഴല്‍ മന്ത്രിസഭ.
നിഴല്‍ മന്ത്രിസഭ അഥവാ ഷാഡോ ക്യാബിനറ്റ് പ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ സജീവമാണ്. എന്നാല്‍, ഇന്ത്യയില്‍ ഇതത്ര പ്രസിദ്ധമല്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനും ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ രൂപീകരിക്കുന്ന ക്യാബിനറ്റിനെയാണ് നിഴല്‍ മന്ത്രിസഭ എന്നു വിളിക്കുന്നത്. ഓരോ വകുപ്പുകളുടേയും ചുമതലക്കാരും ഈ മന്ത്രിസഭയിലുണ്ടാകും.
മുന്‍പ് 2005-ല്‍ മഹാരാഷ്ട്രയില്‍ ബിജെപി നിഴല്‍ മന്ത്രിസഭ രൂപീകരിച്ചിരുന്നു. ഗോവലിയും ഡല്‍ഹിയിലും ബിജെപി സമാനമായ നീക്കം നടത്തി. 2015-ല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇത്തരത്തില്‍ ഒരു നീക്കം നടത്തിയിരുന്നു. ഒഡിഷയില്‍ ആദ്യമായാണ് നിഴല്‍ മന്ത്രിസഭ രൂപീകരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം നീക്കങ്ങള്‍ക്ക് പൊതുവെ വിമുഖത കാട്ടാറാണ് പതിവ്. എന്നാല്‍, വിവിധതരം എന്‍ജിഒകള്‍ നിഴല്‍ മന്ത്രിസഭ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുന്‍പ് ഏറെ നാള്‍ ഇംഗ്ലണ്ടിലും മറ്റും കഴിഞ്ഞ നവീന്‍ പട്‌നായിക്കിനെ, പാശ്ചാത്യ രാജ്യങ്ങളുടെ സാമൂഹിക മാറ്റങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്തും പാശ്ചാത്യ രാജ്യങ്ങളിലെ പല ആശയങ്ങളും സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആദ്യമായി പ്രതിപക്ഷത്തിരിക്കുമ്പോള്‍, നിഴല്‍ മന്ത്രിസഭ രൂപീകരിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനാണ് പട്‌നായിക്കിന്റെ നീക്കം.
എന്നാല്‍, പട്‌നായിക്കിന്റെ നീക്കത്തെ പരിഹസിക്കുകയാണ് ബിജെപി. നവീന്‍ പട്‌നായിക്കിനും ബിജെഡിക്കും നീണ്ടകാലം അധികാരത്തിലിരുന്നതിന്റെ ഹാങ് ഓവര്‍ മാറിയിട്ടില്ലെന്നാണ് ബിജെപിയുടെ പരിഹാസം. ബിജെഡിയുടെ അമ്പത് എംഎല്‍എമാരെ ചേര്‍ത്താണ് നിഴല്‍ മന്ത്രിസഭയുണ്ടാക്കിയിരിക്കുന്നത്. മുന്‍ ധനമന്ത്രി പ്രസന്ന ആചാര്യയാണ് ധനാകാര്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നത്.
നിഴല്‍ മന്ത്രിസഭ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ്,യുകെ എന്നിവിടങ്ങളില്‍ നിഴല്‍മന്ത്രിസഭകള്‍ നിലനില്‍ക്കുന്നുണ്ട്. പ്രധാനമായും പ്രതിപക്ഷ പാര്‍ട്ടികളോ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എന്‍ജിഒകളോ ആണ് ഇവിടങ്ങളില്‍ നിഴല്‍ മന്ത്രിസഭകള്‍ രൂപീകരിച്ചിട്ടുള്ളത്. ഈ സംഘത്തിന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യാം എന്നല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ല. എന്നാല്‍, എംഎല്‍എമാര്‍ തന്നെ നിഴല്‍ മന്ത്രിസഭയില്‍ അംഗമാണെങ്കില്‍, പദ്ധതി നടത്തിപ്പ്, ധനവിനിയോഗം തുടങ്ങിയ കാര്യങ്ങളില്‍ ഈ സംഘത്തിന് അവകാശവാദങ്ങള്‍ ഉന്നയിക്കാം. ഈ രാഷ്ട്രീയ നീക്കമാണ് നവീന്‍ പട്‌നായിക്ക് നടത്തുന്നത്.
ഉദാഹരണത്തിന് ഒരു പാലം നിര്‍മിക്കാന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പണം വിനിയോഗിക്കുകയാണെങ്കില്‍, ഇത് നിഴല്‍ മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ഇതിന് വേണ്ടി പ്രവര്‍ത്തിച്ചെന്നും നവീന്‍ പട്‌നായിക്കിന് അവകാശപ്പെടാം. ഇതാണ്, നിഴല്‍ മന്ത്രിസഭ രൂപീകരണത്തിലേക്ക് കടക്കാന്‍ പട്‌നായിക്കിനെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. ജൂലൈ 22-ന് ഒഡിഷ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ പോവുകയാണ്. ബിജെപി മന്ത്രിസഭയുടെ കന്നി ബജറ്റ് അവതരിപ്പിക്കുമ്പോള്‍, നിഴല്‍ മന്ത്രിസഭ ഇതിനെ സസൂഷ്മം നിരീക്ഷിക്കും.
നവീന്‍ പട്‌നായിക് അടക്കം പ്രതിപക്ഷത്തിരുന്ന പ്രവര്‍ത്തിച്ച് ശീലമില്ലാത്ത എംഎല്‍എമാരാണ് ബിജെഡിയില്‍ ഭൂരിപക്ഷവും. ആ കുറവ് നികത്താന്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്നാണ് പട്‌നായിക്കിന്റെ കണക്കുകൂട്ടല്‍. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ, ബിജെഡിയില്‍ വന്‍ അഴിച്ചുപണി നടത്തുന്നതിനിടെയാണ് പുതിയ നീക്കവുമായി പട്‌നായിക് എത്തിയിരിക്കുന്നത്. നേരത്തെ, പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളെ മാറ്റിയ അദ്ദേഹം വികെ പാണ്ഡ്യനുമായി ബന്ധമുള്ള നേതാക്കളെ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ളവരുമായി ആശയവിനിമയം നടത്താനും നഷ്ടപ്പെട്ട ജനസ്വീകാര്യത നേടിയെടുക്കാനും നവീന്‍ ശ്രമിക്കുന്നുണ്ട്.