ത്രിപുരയിൽനിന്ന് പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെത്തിച്ച സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്നു പേരിട്ടതില്‍ വിയോജിപ്പ് രേഖപ്പെടുത്തി കല്‍ക്കട്ട ഹൈക്കോടതി. മൃഗങ്ങള്‍ക്ക് ദൈവങ്ങളുടെയും പുരാണനായകരുടെയും പേരിടുന്നത് ശരിയായ പ്രവണതയല്ലെന്നു പറഞ്ഞ കോടതി സിംഹങ്ങളുടെ പേരുമാറ്റാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കി.
മതേതര രാജ്യമായ ഇന്ത്യയില്‍ സിംഹങ്ങള്‍ക്ക് അക്ബര്‍ എന്നും സീത എന്നും പേരിട്ട് എന്തിന് വിവാദം ഉണ്ടാക്കുന്നുവെന്നും വേറെ എത്ര പേരുകളുണ്ടെന്നും കോടതി ചോദിച്ചു. മൃഗങ്ങള്‍ക്ക് ദൈവത്തിൻ്റെയോ പുരാണനായകൻ്റെയോ സ്വാതന്ത്ര്യസമര സേനാനിയുടെയോ നോബേൽ സമ്മാന ജേതാവിൻ്റെയോ പേരിടാമോ? സിംഹങ്ങള്‍ക്ക് ടാഗോര്‍ എന്നോ വിവേകാനന്ദന്‍ എന്നോ പേരിടുമോയെന്നും ചോദിച്ചു.
സിംഹത്തിന് സീതയെന്നു പേര് നല്‍കിയതില്‍ മാത്രമല്ല അക്ബര്‍ എന്നു പേരിട്ടതിലും കോടതി വിയോജിപ്പ് രേഖപ്പെടുത്തി. അക്ബര്‍ പ്രഗത്ഭനായ മുകള്‍ ചക്രവര്‍ത്തിയാണെന്നും സീതയെന്നത് ഒരു വിഭാഗം വിശ്വാസികള്‍ ആരാധിക്കുന്ന ദൈവിക പ്രതിരൂപമാണെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.
തങ്ങളല്ല, ത്രിപുര സര്‍ക്കാരാണ് സിംഹങ്ങള്‍ക്ക് അക്ബര്‍ എന്നും സീതയെന്നും പേരിട്ടതെന്ന് ബംഗാള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സിംഹങ്ങളുടെ പേര് മാറ്റുന്നതിനേക്കുറിച്ച് ബംഗാള്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സിംഹങ്ങളുടെ പേരുമാറ്റുന്നതിന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയ കോടതി ഹര്‍ജി പൊതുതാല്പര്യ ഹര്‍ജിയായി ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി.
പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ 'സീത' എന്ന പെണ്‍ സിംഹത്തെ 'അക്ബര്‍' എന്ന് പേരുള്ള ആണ്‍സിംഹത്തിനൊപ്പം കൂട്ടിലിട്ടെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്താണ് കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.
ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍നിന്ന് സിലിഗുരിയില്‍ എത്തിച്ച സിംഹ ജോഡികളായിരുന്നു ഇത്. സീത എന്നും അക്ബര്‍ എന്നും അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് തങ്ങള്‍ മാറ്റിയിട്ടില്ലെന്നുമാണ് സഫാരി പാര്‍ക്ക് അധികൃതര്‍ കോടതിയെ അറിയിച്ചത്. ഫെബ്രുവരി പതിമൂന്നിനാണ് ഈ സിംഹങ്ങളെ സിലിഗുരിയിലെ സഫാരി പാര്‍ക്കിലെത്തിച്ചത്.
സിംഹങ്ങള്‍ക്ക് പേരിട്ടത് സംസ്ഥാന വനം വകുപ്പാണെന്നും ഈ രണ്ടു സിംഹങ്ങളെയും ഒരു കൂട്ടില്‍ താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും ഏറ്റവും കുറഞ്ഞത് 'അക്ബര്‍' എന്ന സിംഹത്തിന്റെ പേരെങ്കിലും മാറ്റണമെന്നാണ് വിഎച്ച്പിയുടെ കോടതിയില്‍ വാദിച്ചത്. സംസ്ഥാന വനം വകുപ്പും സഫാരി പാര്‍ക്ക് അധികൃതരുമായിരുന്നു കേസിലെ എതിര്‍കക്ഷികള്‍.