സുപ്രീം കോടതി 
INDIA

ഡല്‍ഹി മദ്യനയക്കേസ്: രാഷ്ട്രീയ പാര്‍ട്ടിയെ എന്തുകൊണ്ട് പ്രതി ചേര്‍ത്തില്ല; ഇ ഡിയോടും സി ബി ഐയോടും സുപ്രീംകോടതി

മനീഷ് സിസോദിയ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

വെബ് ഡെസ്ക്

ഡല്‍ഹി മദ്യനയക്കേസില്‍ ഗുണഭോക്താവെന്ന് കേസിൽ ആരോപിക്കുന്ന പാര്‍ട്ടിയെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ (പി എം എല്‍ എ) പ്രകാരം എന്തുകൊണ്ട് പ്രതിചേർത്തില്ലെന്ന ചോദ്യമുയർത്തി സുപ്രീം കോടതി. എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റി(ഇ ഡി)നോടും സി ബി ഐയോടുമാണ് കോടതി ഈ ചോദ്യമുന്നയിച്ചത്.

മദ്യനയവുമായി ബന്ധപ്പെട്ട് ഇ ഡിയും സി ബി ഐയും രജിസ്റ്റര്‍ ചെയ്തക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ സിസോദിയ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും എസ്‌ വി എന്‍ ഭട്ടിയും പരിഗണിച്ചത്. ഇന്നത്തെ വാദം അവസാനിക്കുമ്പോഴാണ് ഇഡിക്കും സിബിഐയ്ക്കും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജുവിനോട് രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിച്ചേര്‍ക്കാത്തതിനെ കുറിച്ച് ജസ്റ്റിസ് ഖന്ന ചോദിച്ചത്.

''പിഎംഎല്‍എയുമായി ബന്ധപ്പെട്ട് പണം ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പോയെന്നാണ് നിങ്ങളുടെ കേസ്. എന്നാൽ ആ രാഷ്ട്രീയ പാര്‍ട്ടി ഇപ്പോഴും കുറ്റക്കാരല്ല. എന്താണ് ഇക്കാര്യത്തിൽ നിങ്ങളുടെ മറുപടി? സിസോദിയ അല്ല രാഷ്ട്രീയ പാര്‍ട്ടിയാണ് ഇതിന്റെ ഗുണഭോക്താവെന്നാണ് കേസ്,''ഖന്ന പറഞ്ഞു.

എന്നാല്‍ ഇതിന്റെ മറുപടി നാളെ നല്‍കാമെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞെങ്കിലും എങ്ങനെയാണെങ്കിലും മറുപടി നല്‍കണമെന്ന് ഖന്ന ആവശ്യപ്പെട്ടു. ഈ ചോദ്യം സിസോദിയയുടെ അഭിഭാഷകനായ എഎം സിങ്‌വി നേരിട്ട് ഉന്നയിച്ചതല്ലെന്നും താന്‍ തന്നെ ഉയര്‍ത്തുന്നതാണെന്നും ഖന്ന കൂട്ടിച്ചേര്‍ത്തു.

രണ്ട് കേസിലും സിസോദിയക്ക് ജാമ്യം ആവശ്യപ്പെട്ട് രണ്ട് മണിക്കൂറോളം സിങ്‌വി വാദിച്ചിരുന്നു. എല്ലാവര്‍ക്കും ജാമ്യം ലഭിച്ചുവെന്നും നിര്‍ഭാഗ്യവശാല്‍ സമൂഹത്തില്‍ ഉയര്‍ന്ന ജീവിത ലക്ഷ്യമുള്ളവര്‍ക്ക് ജാമ്യം ലഭിക്കുന്നില്ലെന്നും സിങ്‌വി വാദിച്ചു. സിസോദിയയുടെ ഭാര്യയുടെ അസുഖങ്ങളും ജാമ്യം ലഭിക്കുന്നതിനുളള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന്റെ വരുമാനമുണ്ടാക്കാന്‍ സിസോദിയ സഹായിച്ചുവെന്ന വിശദീകരണമില്ലാത്ത മൊഴി മാത്രമേ സിസോദിയക്കെതിരെയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും കൈക്കൂലി വാങ്ങുകയോ പണം ഒന്നും ചെയ്യാതെ കിടക്കയ്ക്കടിയില്‍ വയ്ക്കുകയോ ചെയ്താല്‍ അത് കുറ്റമാണ്. അല്ലാതെ കള്ളപ്പണം വെളുപ്പിക്കല്‍ അല്ലെന്നും അദ്ദേഹം വാദിച്ചു.

ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. മാര്‍ച്ച് ഒൻപതിന് ഇഡിയും അറസ്റ്റ് ചെയ്തു. സിബിഐ അഴിമതി നിരോധന വകുപ്പ് പ്രകാരവും ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി