INDIA

'കുടുംബം നോക്കാനുള്ള സ്ത്രീയുടെ പ്രയത്നം വിലമതിക്കണം'; ഭർത്താവിന്റെ സ്വത്തിൽ ഭാര്യയ്ക്ക് തുല്യ പങ്കാളിത്തമെന്ന് കോടതി

വീട്ടുജോലി 24 മണിക്കൂര്‍ പണിയാണെന്നും ദിവസം എട്ട് മണിക്കൂര്‍ വീതം ചെയ്യുന്ന ജോലിയുമായി അതിന് താരതമ്യമില്ലെന്നും മദ്രാസ് ഹൈക്കോടതി

വെബ് ഡെസ്ക്

വീടും കുടുംബവും നോക്കാന്‍ ഒരു സ്ത്രീ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിലമതിക്കണമെന്നും അതിനാല്‍ ജോലി ചെയ്യാത്ത ഭാര്യയ്ക്കും ഭര്‍ത്താവിന്‌റെ സ്വത്തില്‍ തുല്യപങ്കാളിത്തമുണ്ടെന്നും മദ്രാസ് ഹൈക്കോടതി. സ്വത്ത് സമ്പാദിക്കുന്നതില്‍ വീട്ടമ്മ സാമ്പത്തികമായി സംഭാവനയൊന്നും നല്‍കിയിട്ടില്ലെങ്കിലും ഭര്‍ത്താവ് സ്വന്തം പേരില്‍ വാങ്ങുന്ന വസ്തുവിലും ഭാര്യയ്ക്ക് തുല്യ പങ്കാളിത്തത്തിന് അവകാശമുണ്ടെന്നാണ് കോടതി ഉത്തരവ്. വീട്ടുജോലി 24 മണിക്കൂര്‍ പണിയാണെന്നും ദിവസം എട്ട് മണിക്കൂര്‍ വീതം ചെയ്യുന്ന ജോലിയുമായി അതിന് താരതമ്യമില്ലെന്നും ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി നിരീക്ഷിച്ചു.

kannain-naidu-v-kamsala-ammal-478197.pdf
Preview

ഭാര്യ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കണ്ണയ്യന്‍ നായിഡു എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഭാര്യയ്ക്ക് സ്വത്തിന് അവകാശമുണ്ടെന്ന ചിദംബരം അഡീഷല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. വിദേശത്ത് ജോലിചെയ്ത് താന്‍ സമ്പാദിച്ച പണത്തില്‍ നിന്നാണ് വസ്തുവകകള്‍ വാങ്ങിയതെന്നും മറ്റൊരാളുടെ സഹായത്തോടെ അത് തട്ടിയെടുക്കാനാണ് ഭാര്യയുടെ ശ്രമമെന്നും കണ്ണയ്യന്‍ നായിഡു വാദിച്ചു.

എന്നാല്‍ ഭര്‍ത്താവ് വിദേശത്തായിരുന്നപ്പോള്‍ താനാണ് കുടുംബത്തിന്റെ മുഴുവന്‍ കാര്യങ്ങളും നോക്കിയതെന്നും ജോലിക്ക് പോകാനുള്ള തന്‌റെ അവസരം പോലും ഇതിലൂടെ ഇല്ലാതായെന്നും ഭാര്യ കംസല അമ്മാള്‍ വാദിച്ചു. തന്‌റെ കുടുംബ സ്വത്ത് വിറ്റാണ് ഭര്‍ത്താവിന് വിദേശത്ത് പോകാന്‍ പണം കണ്ടെത്തിയതെന്നും ട്യൂഷനെടുത്തും തുന്നല്‍ ജോലി ചെയ്തും താനും പണം സമ്പാദിച്ചിരുന്നെന്നും കംസല കോടതിയില്‍ വ്യക്തമാക്കി. ഇവരുടെ വാദം അംഗീകരിച്ച കോടതി സ്വത്തില്‍ തുല്യമായ പങ്കാളിത്തം അര്‍ഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു.

വീട്ടുജോലി 24 മണിക്കൂര്‍ പണിയാണെന്നും ദിവസം എട്ട് മണിക്കൂര്‍ വീതം ചെയ്യുന്ന ജോലിയുമായി അതിന് താരതമ്യമില്ലെന്നും ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി നിരീക്ഷിച്ചു.

സ്വത്ത് സമ്പാദനത്തില്‍ സാമ്പത്തികമായി നേരിട്ട് സംഭാവനകള്‍ നല്‍കിയിട്ടില്ലെങ്കിലും ഭാര്യയ്ക്ക് പരോക്ഷമായി അതില്‍ പങ്കാളിത്തമുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തല്‍.

'' വീട്ടുജോലി ചെയ്യുന്നതിലൂടെ, അതുവഴി ഭര്‍ത്താവിനെ മികച്ച ജോലിക്ക് അര്‍ഹനാക്കുന്നതിലൂടെ സ്വത്ത് സമ്പാദനത്തില്‍ ഭാര്യനല്‍ക്കുന്ന പങ്കാളിത്തം കൂടി, സ്വത്തവകാശത്തില്‍ തീരുമാനമെടുക്കാന്‍ കോടതി പരിഗണിക്കുന്നു. വീടും കുടുംബവും വര്‍ഷങ്ങളായി നോക്കി നടത്തിയ പങ്കാളിക്ക് സ്വത്തിലും അവകാശമുണ്ട്.''

ഭാര്യ കുടുംബത്തില്‍ നല്‍കുന്ന ഇത്തരം സംഭവനകള്‍ അംഗീകരിക്കാന്‍ നിലവില്‍ നിയമമില്ലെന്നും, എന്നാല്‍ അതു പരിഗണിക്കുന്നതില്‍ നിന്ന് ഒരു നിയമവും കോടതിയെ വിലക്കുന്നില്ലെന്നും ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി വ്യക്തമാക്കി.

കുട്ടികളെ നോക്കുക, പാചകം ചെയ്യുക, വീടും പരിസരവും വൃത്തിയാക്കുക, കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങള്‍ ചെയ്യുക തുടങ്ങി കുടുംബ കാര്യങ്ങളില്‍ നിര്‍ണായക പങ്കാണ് വീട്ടമ്മമാര്‍ക്ക് ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. സ്വന്തം സ്വപ്‌നങ്ങളുപേക്ഷിച്ചാണ് സ്ത്രീകള്‍ ഇതെല്ലാം ചെയ്യുന്നത്.

''പൊതുവില്‍ വിവാഹം കഴിഞ്ഞാല്‍ വീട്ടുകാര്യങ്ങും കുട്ടികളുടെ കാര്യങ്ങളും എല്ലാം നോക്കുന്നത് സ്ത്രീകളാണ്. അതുവഴി പണം സമ്പാദിക്കാന്‍ ഭര്‍ത്താവിനെ അവര്‍ വീട്ടുകാര്യങ്ങളില്‍ നിന്ന് സ്വതന്ത്രരാക്കുന്നു. സ്വന്തം ജോലി ചെയ്യാന്‍ ഭര്‍ത്താവിന് അവസരം ലഭിക്കുന്നത്, ഭാര്യ അവരേറ്റെടുത്ത ഉത്തരവാദിത്വം നിറവേറ്റുന്നതിനാലാണ്. ആ ഫലത്തില്‍ പങ്ക് നല്‍കുന്നതാണ് സ്ത്രീയോട് കാണിക്കുന്ന നീതി.''

വീട്ടമ്മ എന്നനിലയില്‍ ഒന്നലധികം ഉത്തരവാദിത്വം ഒരു സ്ത്രീ നിര്‍വഹിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അവധിയില്ലാതെ എല്ലാ ദിവസംവും 24 മണിക്കൂറും അവര്‍ ജോലി ചെയ്യുകയാണ്. ദിവസേന എട്ട് മണിക്കൂര്‍ ജോലിചെയ്യുന്ന ഭർത്താവിന്റെ അധ്വാനവുമായി ഇത് താരതമ്യപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹശേഷം തന്റെ ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിന്റെയും മക്കളുടെയും സംരക്ഷണത്തിനായി സ്വയം സമര്‍പ്പിക്കുന്ന ഭാര്യയ്ക്ക് അവസാനം ഒന്നുമില്ലാതെ പോകരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഈ കാര്യങ്ങളെല്ലാം പരിഗണിച്ച പകുതി സ്വത്തിന് ഭാര്യയ്ക്ക് അര്‍ഹതയുണ്ടെന്നാണ് കേസില്‍ മദ്രാസ് ഹൈക്കോടതി വിധിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ