INDIA

മമതയെ വീഴ്ത്തുമോ മീനാക്ഷി മുഖർജി; സിപിഎമ്മിനെ പിടിച്ചുകയറ്റാന്‍ ഡിവൈഎഫ്‌ഐ, വീണ്ടും ചെങ്കൊടി പാറുമോ ബംഗാളില്‍?

അസ്തിവാരം വരെ തകർന്നുപോയ സംഘടനയെ പൊക്കിയെടുക്കാന്‍ യുവതയെ മുന്നില്‍ നിര്‍ത്തി കോപ്പുകൂട്ടുകയാണ് സിപിഎം

പൊളിറ്റിക്കൽ ഡെസ്ക്

''തിരിച്ചുവരാനുള്ള നമ്മുടെ പോരാട്ടം ആരംഭിച്ചിരിക്കുന്നു. ഇതൊരു ട്വന്റി-20 മാച്ചല്ല, ഒരു ടെസ്റ്റ് മത്സരമാണ്. നമ്മള്‍ പോരാട്ടത്തിന്റെ ഗ്രൗണ്ടില്‍നിന്ന് പിന്നോട്ടില്ല, അവസാനം വരെയും നമ്മള്‍ പോരാടും'', കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ ജനുവരി ഏഴിന് നടന്ന ഇൻസാഫ് റാലിയെ അഭിസംബോധന ചെയ്ത് ഡിവൈഎഫ്‌ഐ പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖര്‍ജി ഇത് പറയുമ്പോള്‍ കേൾക്കാൻ സാക്ഷിയായത് പതിനായിരങ്ങളായിരുന്നു. സമീപകാലത്ത് സിപിഎം അല്ലെങ്കിൽ പാർട്ടിയുമായി ബന്ധപ്പെട്ട ഒരു സംഘടന നടത്തിയ ഏറ്റവും വലിയ ജനമുന്നേറ്റം.

കൈവിട്ടുപോയ ചുവന്ന ഭൂമിക തിരിച്ചുപിടിക്കാന്‍ സിപിഎം ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ടെന്നുവേണം ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും കര്‍ഷക സംഘത്തിന്റെയും സമരങ്ങളിലും റാലികളിലും അണിനിരക്കുന്ന വലിയ ആള്‍ക്കൂട്ടം നല്‍കുന്ന സൂചനകളില്‍നിന്ന് വായിച്ചെടുക്കേണ്ടത്. പാതളാക്കുഴിയിലേക്ക് വീണുപോയ പാര്‍ട്ടിയെ പൊക്കിയെടുക്കാന്‍ യുവാക്കളെ മുന്നില്‍ നിര്‍ത്തി സിപിഎം ഒരു കളിക്കുകൂടി കോപ്പുകൂട്ടുന്നതാണ് ബംഗാളിൽനിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ വ്യക്തമാക്കുന്നത്. 2021-ല്‍ തോറ്റുപോയ അതേ കളി. മീനാക്ഷി മുഖര്‍ജി പറഞ്ഞതുപോലെ ഒരു ടെസ്റ്റ് മാച്ച്. സമാധാനത്തില്‍ കളമൊരുക്കി, പതിയെ നിലയുറപ്പിച്ച്, ഗ്രൗണ്ടിന്റെ സ്വഭാവം മനസ്സിലാക്കി ജയത്തിലക്ക് കടക്കാനുള്ള കളി.

ആള്‍ക്കൂട്ടം വോട്ടാക്കി മാറ്റുമോ ഡിവൈഎഫ്‌ഐ?

ജനങ്ങളില്‍നിന്ന് അകന്ന തലമുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തി, പുതുതലമുറ നേതാക്കളെ രംഗത്തിറക്കി പയറ്റുകയാണ് സിപിഎം. മീനാക്ഷി മുഖര്‍ജിയാണ് ഇക്കൂട്ടത്തില്‍ മുന്നില്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാണ് പാര്‍ട്ടിക്കു പുറത്തുള്ളവരിലേക്ക് മീനാക്ഷി മുഖര്‍ജിയുടെ പേര് ആദ്യമായി എത്തുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ സിപിഎം നന്ദിഗ്രാമില്‍ കളത്തിലിറക്കിയത് മീനാക്ഷിയെ ആയിരുന്നു. പക്ഷേ, മമത-സുവേന്ദു അധികാരി പോരില്‍ മീനാക്ഷി മുഖര്‍ജി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേവലമൊരു ചാവേര്‍ സ്ഥാനാര്‍ത്ഥി എന്നതിലുപരി, പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് നാന്ദികുറിച്ച നന്ദിഗ്രാമില്‍ പുതുമുഖ പരീക്ഷണത്തിലൂടെ വീണ്ടും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കുകയായിരുന്നു അന്ന് സിപിഎം.

മീനാക്ഷി മുഖര്‍ജി

പിന്നീട് മീനാക്ഷി മുഖര്‍ജിയുടെ നേതൃത്വത്തില്‍ നിരവധി യുവജന പ്രക്ഷോഭങ്ങള്‍ക്ക് ബംഗാള്‍ സാക്ഷ്യംവഹിച്ചു. ഡിസംബര്‍ 23-ന് ഇന്‍സാഫ് ബ്രിഗേഡ് എന്ന പേരില്‍ രണ്ടുമാസം നീണ്ടുനിന്ന സംസ്ഥാന വ്യാപക റാലിക്ക് ഡിവൈഎഫ്‌ഐ തുടക്കം കുറിച്ചു. 50 ദിവസം കൊണ്ട് 2,200 കിലോമീറ്ററാണ് മീനാക്ഷിയും സഖാക്കളും താണ്ടിയത്. തങ്ങളുടെ പുതുതലമുറ നേതാക്കളെ ഗ്രാമങ്ങളിലേക്ക് ഇറക്കിവിട്ട് ജനങ്ങള്‍ക്കിടയില്‍ ഇടപഴകാന്‍ സമയം നല്‍കുകയായിരുന്നു സിപിഎം. ഡിവൈഎഫ്‌ഐ ജനറല്‍ സെക്രട്ടറി ഹിമാംഗ്‌രാജ് ഭട്ടാചാര്യ, കലതന്‍ ദാസ്ഗുപ്ത, ശ്രീജന്‍ ഭട്ടാചാര്യ, പ്രതികുര്‍ റഹ്‌മാന്‍ തുടങ്ങി നിരവധി യുവനേതാക്കളാണ് സിപിഎമ്മിന്റെ മുന്‍നിരയില്‍ ഇപ്പോഴുള്ളത്.

കോവിഡ് മഹാമരിക്കാലത്ത് സന്നദ്ധസേവനവുമായി രംഗത്തിറങ്ങിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ബംഗാളിലെ സര്‍വകലാശാലകളില്‍ ഇപ്പോഴും എസ്എഫ്‌ഐക്ക് വലിയ സ്വാധീനമുണ്ട്. എന്നാല്‍ പഠനകാലത്തിനുശേഷം, ഇവരാരും പാര്‍ട്ടിയിലേക്ക് അടുക്കുന്നില്ലെന്നും യുവാക്കളെ കൂടെനിര്‍ത്താന്‍ സംഘടനയ്ക്കാകുന്നില്ലെന്നുമുള്ള വിലയിരുത്തലിന്റെ കൂടെ അടിസ്ഥാനത്തിലായിരുന്നു ഡിവൈഎഫ്‌ഐയെ ശക്തിപ്പെടുത്താനുള്ള പാര്‍ട്ടിയുടെ തീരുമാനം.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ശ്രീജന്‍ ഭട്ടാചാര്യ ഒരു 'തീപ്പൊരിയാണ്'. സിനിമാ സ്റ്റൈല്‍ പ്രസംഗങ്ങള്‍ കൊണ്ട് കേള്‍വിക്കാരെ കയ്യിലെടുക്കാന്‍ കെല്‍പ്പുള്ള വിദ്യാര്‍ത്ഥി നേതാവ്. ഇന്‍സാഫ് റാലിയുടെ സമാപന ദിനത്തില്‍ ശ്രീജന്‍ ഭട്ടാചാര്യ നടത്തിയ പ്രസംഗം ഹിറ്റായി. ''നിങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ എവിടെയെന്നാണ് ഇപ്പോള്‍ അവര്‍ ചോദിക്കുന്നത്. ഞങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ എവിടെയും പോയിട്ടില്ല. അവര്‍ അവിടെത്തന്നെയുണ്ട്. പക്ഷേ അവരെ തൊടാന്‍ ധൈര്യപ്പെടുന്നതിന് മുന്‍പ് നിങ്ങള്‍ അവരുടെ മക്കളോട് സംസാരിക്കണം,'' ഷാരൂഖ് ഖാന്റെ ജവാന്‍ സിനിമയിലെ മാസ്സ് ഡൈലോഗ് അനുസ്മരിപ്പിക്കും വിധം ഭട്ടാചാര്യ പറഞ്ഞവസാനിപ്പിച്ചപ്പോള്‍, ആള്‍ക്കൂട്ടം ഇളകിമറിഞ്ഞു. സമരം നടത്തുക മാത്രമല്ല, പാട്ടുപാടിയും സിനിമ ഡയലോഗ് പറഞ്ഞും ആളുകളെ കൂടെക്കൂട്ടാന്‍ ശ്രമിക്കുകയാണ് യുവനേതൃത്വം.

2021 നിയമസഭ തിരഞ്ഞെടുപ്പില്‍ പകുതിയിലേറ സ്ഥാനാര്‍ത്ഥികളും നാല്‍പ്പത് വയസ്സില്‍ താഴെയുള്ള നേതാക്കളായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലും 2021 ഫോര്‍മുല ആവര്‍ത്തിക്കാനാണ് സിപിഎം ആലോചിക്കുന്നത്. വിദ്യാര്‍ത്ഥി, യുവജന സമരങ്ങള്‍ക്കും റാലികള്‍ക്കും അപ്പുറം, കര്‍ഷക-തൊഴിലാളി സംഘടനകളുടെ വലിയ സമരങ്ങളും ബംഗാള്‍ സാക്ഷ്യംവഹിക്കുന്നുണ്ട്. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ സംഘടിപ്പിക്കുകയാണ് കിസാന്‍ സഭ.

കളംപിടിച്ച ബിജെപി, തിരിച്ചുവരാന്‍ സിപിഎം

ചുവപ്പുകോട്ട തകര്‍ത്ത് 184 സീറ്റുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധികാത്തില്‍ വന്ന 2011-ലെ തിരഞ്ഞെടുപ്പില്‍ 40 സീറ്റിലൊതുങ്ങി മൂന്നാം സ്ഥാനത്തേക്ക് പോയശേഷം സിപിഎം ബംഗാളില്‍ ഒരു തിരിച്ചുവരവുണ്ടായിട്ടില്ല. അന്ന് മൂന്നു സീറ്റ് മാത്രം നേടിയ ബിജെപി ഇന്ന് പ്രധാന പ്രതിപക്ഷമാണ്. 2016-ല്‍ 211 സീറ്റിന്റെ ബലത്തില്‍ മമത ബാനര്‍ജി ബംഗാള്‍ അടക്കിവാണപ്പോള്‍ സിപിഎം 26 സീറ്റില്‍ ഒതുങ്ങി. അന്നും ബിജെപിക്ക് മൂന്നു സീറ്റ്. 2021-ല്‍ പക്ഷേ കളിമാറി, സിപിഎം നിയമസഭയില്‍ സംപൂജ്യരായി. ടിഎംസിക്ക് 213 സീറ്റ്. 76 സീറ്റ് നേടി ബിജെപി മുഖ്യപ്രതിപക്ഷമായി. 4.8 ശതമാനം മാത്രമാണ് പാര്‍ട്ടിയുടെ വോട്ട് വിഹിതം. ലോക്‌സഭ തിരഞ്ഞെടുപ്പിലും ഇതുതന്നെയാണ് സിപിഎമ്മിന്റെ അവസ്ഥ. 2009-മുതലാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അടിപതറി തുടങ്ങിയത്. അന്നത്തെ 9 സീറ്റില്‍ നിന്ന് 2014-ല്‍ രണ്ട് സീറ്റിലേക്ക് പാര്‍ട്ടി ഒതുങ്ങി. 2019-ല്‍ ബംഗാള്‍ സിപിഎം ലോക്‌സഭയില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.

തകര്‍ന്നടിഞ്ഞടിഞ്ഞു പോയിടത്തുനിന്ന് പതിയെ തുടങ്ങുകയാണ് ഡിവൈഎഫ്‌ഐ. ബിജെപി കളംപിടിച്ച ബംഗാളില്‍ പഴയപ്രതാപകാലം തിരിച്ചുപിടിക്കാന്‍ സാധിച്ചില്ലെങ്കിലും ജ്യോതിബസുവിനെ അനുസ്മരിക്കാന്‍ ലോക്‌സഭയിലേക്ക് ഒരൊറ്റ സിപിഎം പ്രതിനിധിയെ എങ്കിലും എത്തിക്കാന്‍ സാധിച്ചാല്‍, മീനാക്ഷി മുഖര്‍ജിയും കൂട്ടരും ജയിച്ചെന്നു കണക്കുകൂട്ടാം.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം