INDIA

നിതീഷിന്റെ പിന്‍ഗാമിയാകുമോ ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍? മനീഷ് വെര്‍മയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ അഭ്യൂഹം

വെബ് ഡെസ്ക്

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്മാരുടെ പിന്‍ഗാമികളെന്ന നിലയിൽ ചര്‍ച്ചകളില്‍ നിറഞ്ഞ ഐഎഎസ് ഉദ്യേഗസ്ഥരുടെ പട്ടികയില്‍ ഒരു പേര് കൂടി സജീവമാകുന്നു. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ വിശ്വസ്തന്‍ മനിഷ് വെര്‍മയാണ് കഥകളിലെ പുതിയ നായകന്‍. നിതീഷ് കുമാറിന്റെ ഉപദേശകനായിരുന്ന മനിഷ് വെര്‍മ ഔദ്യോഗികമായി ജെഡിയുവില്‍ ചേര്‍ന്നതോടെയാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്.

ഒഡിഷ മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ വിശ്വസ്തനായിരുന്ന വി കെ പാണ്ഡ്യന്റെ രാഷ്ട്രീയ പ്രവേശനത്തിനും വിവാദങ്ങള്‍ക്കും പിന്‍വാങ്ങലിനും പിന്നാലെയാണ് മനിഷ് വെര്‍മ നിതീഷിന്റെ രാഷ്ട്രീയ പിന്‍ഗാമിയെന്ന നിലയില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചകള്‍ ഉയരുന്നത്. 2018-ല്‍ സിവിൽ സര്‍വിസില്‍നിന്ന് സ്വയം വിരമിച്ച വെര്‍മ, അന്നുമുതല്‍ നിതീഷ് കുമാറിന്റെ സന്തത സഹചാരിയാണ്. നിതീഷിൻ്റെ പിൻഗാമി ആരെന്ന ചോദ്യം സമീപ ദിവസങ്ങളിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു.

ഒരുവര്‍ഷമായി ജെഡിയുവിന്റെ എല്ലാ യോഗങ്ങളിലും പരിപാടികളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സജീവ സാന്നിധ്യമാണ് അമ്പതുകാരനായ മനിഷ് വെര്‍മ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജെഡിയു മത്സരിച്ച 16 മണ്ഡലങ്ങളിലും പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചു ഇതിനു പിന്നാലെയാണ്, മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകനായി മനിഷ് ജെഡിയുവില്‍ ചേര്‍ന്നിരിക്കുന്നത്.

നിതീഷ് കുമാറിനെപ്പോലെ കുര്‍മി വിഭാഗത്തില്‍ നിന്നുള്ളയാളാണ് വെര്‍മയും. വിആര്‍എസ് എടുത്തശേഷം പാര്‍ട്ടിക്കൊപ്പം സജീവമായി നിന്നിരുന്നെങ്കിലും ബിഹാര്‍ ദുരന്ത നിവാരണ അതോറിറ്റിയില്‍ അംഗമാക്കിയത് ഒഴിച്ചാല്‍, ജെഡിയുവില്‍ അദ്ദേഹത്തിന് പ്രത്യേക സ്ഥാനങ്ങള്‍ നല്‍കിയിരുന്നില്ല. 2022-ലാണ് മുഖ്യമന്ത്രി നിതിഷ് കുമാറിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉപദേശകനായി വെർമ നിയമിതനാകുന്നത്. ജെഡിയുവില്‍ ചേരുന്നതിന് മുന്‍പ് ഈ സ്ഥാനങ്ങളെല്ലാം വെര്‍മ രാജിവെച്ചു.

മനിഷ് വെര്‍മ ജെഡിയുവില്‍ ചേര്‍ന്നപ്പോള്‍

ബിഹാറുകാരനാണെങ്കിലും 2012-ലാണ് സംസ്ഥാനത്ത് സേവനം നടത്താന്‍ വെര്‍മയ്ക്ക് അവസരം ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക നീതി വകുപ്പില്‍ ഡയറക്ടര്‍ സ്ഥാനത്ത് എത്തിയത് മുതലാണ് നിതീഷ് കുമാറുമായുള്ള വെര്‍മയുടെ ബന്ധം ആരംഭിക്കുന്നത്. വെര്‍മയ്ക്ക് പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയേക്കുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഉദ്യോഗസ്ഥരെ പാര്‍ട്ടിയില്‍ അണിനിരത്തുന്ന ശീലം നേരത്തെയും നിതീഷ് കുമാറിനുണ്ട്. ഐഎഎസ് ഉപേക്ഷിച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന രാമചന്ദ്ര പ്രസാദ് സിങ്ങിന് ജെഡിയുടെ ദേശീയ പ്രസിഡന്റ്, കേന്ദ്രമന്ത്രി സ്ഥാനങ്ങളും ലഭിച്ചിരുന്നു. നിതീഷ് കുമാറിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു സിങ്.

നിതീഷ് കുമാർ

സിവില്‍ സര്‍വിസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങി തിളങ്ങിയ നിരവധി പേരുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, മുൻ മന്ത്രി മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവർ ഈ കണ്ണിയിലെ ചില സമീപകാല ഉദാഹരണങ്ങളാണ്. അജിത് ജോഗി, മണിശങ്കർ അയ്യർ, യശ്വന്ത് സിൻഹ, മീര കുമാർ, നട്‌വർ സിങ്, ഹർദീപ് സിങ് പുരി, രാജ്‌കുമാർ സിങ്, സത്യപാൽ സിങ് എന്നിവർ ഈ നിരയിലെ മറ്റു ചിലരാണ്. നിലവില്‍ ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനായ അണ്ണാമലൈ, തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടെങ്കിലും ചുരുങ്ങിയകാലം കൊണ്ട് പാര്‍ട്ടിയുടെ ദക്ഷിണേന്ത്യന്‍ മുഖങ്ങളില്‍ പ്രധാനിയായി.

സിവില്‍ സര്‍വിസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങി പരാജയപ്പെട്ടുപോയവരില്‍ പ്രധാനിയാണ് വി കെ പാണ്ഡ്യന്‍. ഒഡിഷ ഭരിച്ചിരുന്ന ബിജെഡിയെ കൈവെള്ളയിലൊതുക്കിയ പാണ്ഡ്യനെ, തന്റെ രാഷ്ട്രീയ പിന്‍ഗാമിയാക്കാന്‍ നവീന്‍ പട്‌നായിക് ആലോചിച്ചിരുന്നു. നിയമസഭ-ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നതില്‍വരെ പാണ്ഡ്യന്‍ ഇടപെട്ടു. തിരഞ്ഞെടുപ്പില്‍ വി കെ പാണ്ഡ്യന് എതിരെ ബിജെപി ശക്തമായ പ്രചാരണം നടത്തിയതിന് പിന്നാലെ, തന്റെ പിന്‍ഗാമിയായി പാണ്ഡ്യനെ പ്രഖ്യാപിച്ചിട്ടില്ലെന്ന് നവീന്‍ പട്‌നായിക്കിനു പറയേണ്ടിവന്നു. ബിജെഡിയുടെ കനത്ത പരാജയത്തിനു പിന്നാലെ, പാണ്ഡ്യന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചിരുന്നു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്