INDIA

സംസ്ഥാനത്തിന് അധികബാധ്യതയാകുന്ന യുപിഎസ്; നടപ്പാക്കുമോ സർക്കാർ?

വെബ് ഡെസ്ക്

കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര സർക്കാർ ഏകീകൃത പെൻഷൻ സ്കീമിന് (യുപിഎസ്) അംഗീകാരം നല്‍കിയത്. കേന്ദ്ര തീരുമാനം അനുസരിച്ച് 2025 ഏപ്രില്‍ ഒന്നുമുതലായിരിക്കും യുപിഎസ് പ്രാബല്യത്തിലാകുക. എന്നാല്‍ യുപിഎസ് കേരളത്തിലും നടപ്പാക്കുമോ എന്നതാണ് സർക്കാർ ജീവനക്കാർ ഉറ്റുനോക്കുന്നത്. കേന്ദ്രത്തിന്റെ യുപിഎസ് വിശദമായി പഠിച്ച ശേഷമായിരിക്കും സർക്കാർ ഒരു തീരുമാനത്തിലേക്ക് എത്തുക എന്നതാണ് ലഭിക്കുന്ന വിവരം.

നിലവിലുള്ള പങ്കാളിത്തപെൻഷൻ (എൻപിഎസ്) പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്ത തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. എൻപിഎസില്‍ കേന്ദ്രം അടയ്ക്കുന്ന തുക 14 ശതമാനമാണ്, ജീവനക്കാർ 10 ശതമാനവും. സംസ്ഥാനത്തേക്ക് എത്തുമ്പോള്‍ സർക്കാർ അടയ്ക്കുന്ന വിഹിതം 14 ശതമാനമാക്കി ഉയർത്തിയിട്ടില്ല. 10 ശതമാനമാണ് സർക്കാർ അടയ്ക്കുന്നത്.

എൻപിസിന്റെ പഠന സമിതി ശുപാർശ ചെയ്തിട്ടും സർക്കാർ ഇതിന് തയാറായിട്ടില്ല. സാമ്പത്തിക ബാധ്യതയാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. യുപിഎസ് പ്രകാരം സർക്കാർ വിഹിതം 18.5 ശതമാനമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന മുന്നോട്ട് പോകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ഇതിനോടകം തന്നെ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ പത്തില്‍ നിന്ന് 18.5 ശതമാനമാക്കി വിഹിതം ഉയർത്തുക എന്നത് സർക്കാരിനെ സംബന്ധിച്ച് എത്രത്തോളം പ്രായോഗികമാണെന്നതില്‍ ആശങ്കയുണ്ട്. യുപിഎസ് പ്രകാരം മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനമെങ്കില്‍ ബാധ്യത കൂടാനാണ് സാധ്യത. ഇതിന് സർക്കാർ തയാറാകുമോയെന്നതും ചോദ്യമാണ്. അല്ലാത്തപക്ഷം, യുപിഎസിന് സമാന്തരമായി ഒരു പദ്ധതിക്ക് സർക്കാർ രൂപംകൊടുക്കേണ്ടതായി വരും.

യുപിഎസ് പ്രകാരം സർക്കാർ 18.5 ശതമാനവും ജീവനക്കാരുടെ വിഹിതം 10 ശതമാനമാവുമായിരിക്കും. ഏറ്റവും കുറഞ്ഞ പെൻഷൻ തുക 10,000 രൂപയായിരിക്കും. അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ പകുതി തുക പെൻഷനായി ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യും.

എൻപിഎസിലേക്ക് വരുമ്പോള്‍ വിഹിതത്തിന്റെ കണക്ക് 10 ശതമാനമാണ്. ഉറപ്പായ പെൻഷനും ഏറ്റവും കുറഞ്ഞ പെൻഷനും നിശ്ചയിച്ചിട്ടില്ല.

സ്റ്റാറ്റ്യൂട്ടറി പെൻഷൻ പ്രകാരമാണെങ്കില്‍ ജീവനക്കാർ വിഹിതം നല്‍കേണ്ടതില്ല. അവസാന പത്ത് മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ പകുതിയായിരിക്കും പെൻഷൻ. ഏറ്റവും കുറഞ്ഞ പെൻഷൻ 11,500 രൂപയായിരിക്കും. വിരമിക്കല്‍ പ്രായം 56 വയസാണ്. മറ്റ് രണ്ട് പദ്ധതി പ്രകാരം ഇത് 60 വയസാണ്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം