INDIA

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

അവിഭക്ത എൻസിപിയുടെ ശക്തികേന്ദ്രമായിരുന്നു കരിമ്പ് പ്രദേശമെന്നും പൂനെ ഡിവിഷൻ എന്നും വിളിക്കപ്പെടുന്ന പശ്ചിമ മഹാരാഷ്ട്രയിലെ അഞ്ച് ജില്ലകളിൽ ഇത്തവണ ആർക്ക് ആധിപത്യം?

പൊളിറ്റിക്കൽ ഡെസ്ക്

മഹാവികാസ് അഗാഡിയിൽ കോൺഗ്രസും സഖ്യകക്ഷികളും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിച്ചുവെന്ന വാർത്തയാണ് ഒടുവിൽ മഹാരാഷ്ട്രയിൽനിന്നു പുറത്തുവരുന്നത്. കോൺഗ്രസ്- 110, ശിവസേന (ഉദ്ധ താക്കറെ)- 90, എൻസിപി (ശരദ് പവാർ)- 80 എന്നിങ്ങനെ 280 സീറ്റിലായിരുന്നു ആദ്യത്തെ ധാരണ. പിന്നീട് 15 സീറ്റിൽ ശിവസേനയും എൻസിപിയും അവകാശമുന്നയിച്ചതോടെ 105, 95, 85 എന്ന ധാരണയിലേക്ക് കാര്യങ്ങൾ മാറി. കൂടുതൽ ആത്മവിശ്വാസത്തോടെ, ഈ കക്ഷികൾ ഉൾപ്പെടുന്ന മഹാവികാസ് അഗാഡി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നുവെന്നാണ് മനസിലാക്കേണ്ടത്.

തങ്ങൾക്കു സ്വാധീനമില്ലാത്ത മണ്ഡലങ്ങളിൽ പോലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം അവകാശവാദം ഉന്നയിക്കുന്നതായി കോൺഗ്രസ് ആരോപിച്ചിരുന്നു. പിളർപ്പിനു മുൻപ് തങ്ങളുടെ ശക്തികേന്ദ്രമായി ബിജെപിയും ശിവസേനയും കയ്യടക്കി വച്ചിരുന്ന വടക്കൻ മഹാരാഷ്ട്രയിലെ അഞ്ച് ജില്ലകളും ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഗാഡി ആധിപത്യം പിടിച്ചെടുത്തു. ഇനി പരിശോധിക്കപ്പെടേണ്ടത് പശ്ചിമ മഹാരാഷ്ട്രയിലെ സീറ്റുകളാണ്.

കരിമ്പ് പ്രദേശമെന്നും പൂനെ ഡിവിഷൻ എന്നും വിളിക്കപ്പെടുന്ന ഈ പ്രദേശം അവിഭക്ത എൻസിപിയുടെ ശക്തികേന്ദ്രമായിരുന്നു. 2023 ജൂണിൽ എൻസിപി പിളർന്നതോടെ ഇരു എൻസിപി കക്ഷികളും (ശരദ് പവാർ- അജിത് പവാർ വിഭാഗങ്ങൾ) തമ്മിലാണ് ഇവിടെ മത്സരം. ശരദ് പവാറിന് ഈ മേഖലയിൽ കൂടുതൽ സ്വാധീനമുള്ളതായാണു വിലയിരുത്തപ്പെടുന്നത്.

പൂനെ, സതാറ, സാങ്‌ലി, കോലാപ്പൂർ, സോലാപൂർ എന്നിങ്ങനെ അഞ്ച് ജില്ലകളാണ് പശ്ചിമ മഹാരാഷ്ട്രയിലുള്ളത്. പുനെയാണ് മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം. കോലാപ്പൂരും സതാറയും മഹാരാഷ്ട്രക്കാരുടെ ആരാധ്യപുരുഷനായ ശിവജിയുടെ സ്ഥലമായി കണക്കാക്കുന്നതാണ്. അജിത് പവാർ മത്സരിക്കുന്നത് ഈ മേഖലയിലെ, ശരദ് പവാറിന്റെ സ്വന്തം തട്ടകമായ ബാരാമതിയിൽ നിന്നാണ്. അജിത്തിനെതിരെ അദ്ദേഹത്തിന്റെ മരുമകൻ യുഗേന്ദ്ര പവാർ, ശരദ് പവാർ പക്ഷത്തിന്റെ സ്ഥാനാർത്ഥിയാകും.

ബാരാമതിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെ മകളും എൻസിപി (എസ്പി) വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെയാണ് വിജയിച്ചത്. എതിരെ മത്സരിച്ചത് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും. സുനേത്ര പിന്നീട് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ടു.

2019ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുകയാണെങ്കിൽ ഈ മേഖലയിലെ 58 മണ്ഡലങ്ങളിൽ 20 എണ്ണത്തിലും വിജയിച്ചത് അവിഭക്ത എൻസിപിയാണ്. 17 സീറ്റിൽ ബിജെപിയും 11 എണ്ണത്തിൽ കോൺഗ്രസും അഞ്ചിടങ്ങളിൽ ശിവസേനയും വിജയിച്ചു. അവിഭക്ത എൻസിപിയുടെ ആധിപത്യം അവിടെ വ്യക്തമാണ്.

2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ മേഖലയിലെ 10 സീറ്റിൽ മൂന്നെണ്ണം എൻസിപി ശരദ്‌പവാർ വിഭാഗവും രണ്ടു സീറ്റ് വീതം കോൺഗ്രസും ബിജെപിയും ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗവും നേടി. ഒരു സീറ്റ് സ്വതന്ത്രനും. എൻസിപി അജിത് പവാർ വിഭാഗത്തിനാവട്ടെ ഒരു സീറ്റുപോലും നേടാനായില്ല.

ശിവജിയുടെ പിന്മുറക്കാരെന്ന രീതിയിൽ മത്സരരംഗത്തിറങ്ങിയ ബിജെപി സ്ഥാനാർഥി ശ്രിമന്ത ഛത്രപതി ഉദയൻ രാജെയും കോൺഗ്രസ് സ്ഥാനാർഥിയായ ശ്രിമന്ത് ഷാഹ് ഛത്രപതിയും വിജയിച്ചു. ഷാഹ് ഛത്രപതിയുടെ മകൻ ബെച്ചു കദു കർഷക നേതാവായ രാജു ഷെട്ടിയുമായി സഖ്യം രൂപീകരിച്ചത് പശ്ചിമ മഹാരാഷ്ട്രയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുമോയെന്ന ചോദ്യം ബാക്കി നിൽക്കുന്നുണ്ട്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അവിഭക്ത ശിവസേനയ്ക്കും ബിജെപിയ്ക്കുമായിരുന്നു മേഖലയിൽ മേൽക്കൈ. ശിവസേന നാലും ബിജെപി മൂന്നും സീറ്റ് നേടി. മൂന്ന് സീറ്റിൽ കോൺഗ്രസും വിജയിച്ചു.

തൽക്കാലം മഹാരാഷ്ട്രയിൽ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിന്റെ സമാധാനത്തിലാണ് കോൺഗ്രസ്. എന്നാൽ ഝാർഖണ്ഡിൽ ജെഎംഎമ്മുമായും ആർഎസ്പിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാതെ തുടരുന്നത് കോൺഗ്രസിന് തലവേദനയുണ്ടാക്കുന്നുണ്ട്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍