INDIA

കനക്‌പുരയെ ബെംഗളുരുവില്‍ ചേര്‍ക്കാന്‍ ഡി കെ ശിവകുമാര്‍; ബിനാമി സ്വത്ത് വെളുപ്പിക്കാന്‍ നടത്തുന്ന ശ്രമമെന്ന് പ്രതിപക്ഷം

രാമനഗര ജില്ലയുടെ ഭാഗമായ കനക്‌പുരയിലാണ് ഡി കെ ശിവകുമാറിന്റെ സ്വത്തുവകകളും റിസോര്‍ട്ടുകളും സ്ഥിതി ചെയ്യുന്നത്

ദ ഫോർത്ത് - ബെംഗളൂരു

രാമനഗര ജില്ലയിലെ കനക്‌പുര താലൂക്കിനെ ബെംഗളുരുവിനോട് ചേര്‍ക്കുമെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം. ഡി കെ ശിവകുമാറിനു കനക്‌പുരയിലുള്ള സ്വത്തുവകകളുടെ മൂല്യം വര്‍ധിപ്പിക്കാനും ബിനാമി പേരിലുള്ള സ്വത്തുക്കള്‍ നിയമവിധേയമാക്കാനുമുള്ള ഗൂഢനീക്കമാണ് ഇതിനുപിന്നിലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കനക്‌പുരയെ വികസനത്തിന്റെ പേരുപറഞ്ഞ് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശിവകുമാര്‍ ഉപയോഗിക്കുകയാണെന്ന് ജെ ഡി എസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി ആരോപിച്ചു. കൂടുതല്‍ പണക്കാരനാകാനുള്ള ശിവകുമാറിന്റെ തന്ത്രമാണ് നീക്കത്തിന് പിന്നിലെന്ന് ബി ജെ പിയും ആരോപിക്കുന്നു. ശിവകുമാറിന് സ്വത്തിനോട് ആര്‍ത്തിയാണ്. കനക്‌പുരയില്‍ ആയിരകണക്കിന് ഏക്കര്‍ ഭൂമി ശിവകുമാറിനുണ്ട്. കനക്‌പുരയെ എന്ത് വിലകൊടുത്തും രാമനഗര ജില്ലയില്‍ നിലനിര്‍ത്തുമെന്നും ബി ജെ പി ജനറല്‍ സെക്രട്ടറി എന്‍ രവികുമാര്‍ പറഞ്ഞു.

2007ല്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിയുന്ന സമയത്തായിരുന്നു കനക്‌പുര, ചന്നപട്ടണ, രാമനഗര, മാഗധി താലൂക്കുകള്‍ ഉള്‍പ്പെടുത്തി രാമനഗര ജില്ല രൂപീകരിച്ചത്. അതുവരെ ബെംഗളൂരു റൂറല്‍ ജില്ലയുടെ ഭാഗമായിരുന്നു കനക്‌പുര.

കനക്‌പുരയെ രാമനഗര ജില്ലയില്‍നിന്ന് അടര്‍ത്തി മാറ്റി തലസ്ഥാന ജില്ലയോട് ചേര്‍ക്കുന്നത്തിനുള്ള നീക്കം നടക്കുന്ന കാര്യം കനകപുരയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു ശിവകുമാര്‍ പുറത്തു വിട്ടത്. ''എനിക് നിങ്ങളുടെ കീശയില്‍ പണം ഇട്ടുതരാന്‍ കഴിയില്ല. പക്ഷെ നിങ്ങളുടെ വസ്തുവകകളുടേ മൂല്യം വര്‍ധിപ്പിക്കാനുള്ള അധികാരമുണ്ട് . മനസ്സില്‍ വച്ചോളൂ നിങ്ങള്‍ ബെംഗളൂരുവിന്റെ ഭാഗമാകാന്‍ പോകുകയാണ് . നിങ്ങളുടെ ഭൂമിക്കു ചതുരശ്ര അടി വിസ്തീര്‍ണ കണക്കില്‍ മൂല്യം ലഭിക്കും,'' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ആരും ഇപ്പോള്‍ കനക്‌പുരയില്‍ വസ്തു വില്പന നടത്തരുതെന്നും ബെംഗളൂരുവിനോട് ചേര്‍ക്കപ്പെടുന്നതോടെ വസ്തുവിന്റെ മൂല്യം വര്‍ധിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും സൗകര്യങ്ങളും നല്‍കി അഭിമാനത്തോടെ നിങ്ങള്‍ക്ക് കനക്‌പുരയില്‍ തുടരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

എന്നാല്‍ പ്രതിപക്ഷം ഇതിനെ ശിവകുമാറിന്റെ കുതന്ത്രമായി വ്യാഖ്യാനിച്ച് രംഗത്ത് വന്നതോടെ ആശങ്കയിലാണ് കനക്‌പുരക്കാര്‍. കനക്‌പുര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡി കെയുടെ കാര്‍ഷിക ഭൂമികളും റിസോര്‍ട്ടുകളും ഉള്‍പ്പടെ നിരവധി ആസ്തിവകകള്‍ ഉള്ളത് ഈ പ്രദേശത്താണ് . ഇതുകൂടാതെ ബിനാമി പേരിലും ശിവകുമാറിനും സഹോദരന്‍ ഡി കെ സുരേഷ് എംപിക്കും പ്രദേശത്ത് സ്വത്തുവകകള്‍ ഉണ്ടെന്ന ആരോപണവും നിലവിലുണ്ട്.

കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് കനക്‌പുര സ്ഥിതി ചെയ്യുന്നത് . പ്രതിപക്ഷ ആരോപണങ്ങളെ വകവയ്ക്കാതെ കനക്‌പുരയെ ബെംഗളൂരുവിനോട് ചേര്‍ക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ബെംഗളൂരു നഗരവികസന വകുപ്പ് കൈകാര്യം ചെയ്യുന്ന ഡി കെ ശിവകുമാറിന്റെ പദ്ധതി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ