നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ഹരിയാനയില്‍ ശക്തമായ തിരിച്ചുവരവിന് തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്. കാര്‍ഷിക വിഷയം മുതല്‍ ഗുസ്തി താരങ്ങളുടെ പോരാട്ടം വരെ തങ്ങള്‍ക്ക് അനുകുലമാക്കി കളം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഗുസ്തി ഫെഡറേഷനിലെ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടിയ സമരത്തിലൂടെ ദേശീയ അന്താരാഷ്ട്ര ശ്രദ്ധ നേടിയ വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ എന്നിവരെ ഉള്‍പ്പെടെ ക്യാപിലെത്തിച്ച് പ്രചാരണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
ഹരിയാനയ്ക്കായി കോണ്‍ഗ്രസ് തയ്യാറാക്കുന്ന പ്രകടന പത്രിക ഉള്‍പ്പെടെ ഈ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതും സംസ്ഥാനത്തെ സാധാരണക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ളതും ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിക്കെതിരായ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് നടത്തിയ ഹരിയാന മാന്‍ഗേ ഹിസാബ് (ഹരിയാനയ്ക്ക് കണക്കുകള്‍ ആവശ്യമുണ്ട്) എന്ന ക്യാപയിനിലൂടെ ലഭിച്ച 20 ലക്ഷം നിര്‍ദേശങ്ങളില്‍ നിന്നാണ് പ്രകടന പത്രിക തയ്യാറാക്കുന്നത്.
ജനപ്രിയ പദ്ധതികളില്‍ ഊന്നിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരിക്കും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ മുന്നോട്ട് വയ്ക്കുക
യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, വയോജനങ്ങള്‍, തൊഴിലാളികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, ആശ വര്‍ക്കേഴ്‌സ്, അങ്കണവാടി ജീവനക്കാര്‍, സ്വയം സഹായ സംഘങ്ങള്‍, വ്യാപാരി- വ്യവസായികള്‍, കായിക താരങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ എന്നിവരില്‍ നിന്നാണ് ക്യാംപയിന്‍ നിര്‍ദേശങ്ങള്‍ തേടിയത്. ഹരിയാനയുടെ ജനവിഭാഗങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാവി രാഷ്ട്രീയം തീരുമാനിക്കുക എന്നാണ് വിഷയത്തില്‍ പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന പ്രതികരണം. സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളിലെയും പരാമാവധി വീടുകളില്‍ നേരിട്ടെത്തി വിവര ശേഖരണം നടത്തിയാണ് കോണ്‍ഗ്രസ് ക്യാംപയിന്‍ പൂര്‍ത്തിയാക്കിയത്. ഇവയുള്‍പ്പെടെ പരിഗണിച്ച് ജനപ്രിയ പദ്ധതികളില്‍ ഊന്നിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരിക്കും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ മുന്നോട്ട് വയ്ക്കുക.
ബിജെപിയെ നേരിടാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുക എന്ന മാര്‍ഗമാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ബിജെപി വിരുദ്ധ വോട്ടുകള്‍ പരമാവധി ഏകോപിപ്പിക്കാന്‍ ആയിരിക്കും കോണ്‍ഗ്രസ് ശ്രമം. എഎപി അടക്കമുള്ള പാര്‍ട്ടികളുമായി സഖ്യചർച്ചയുൾപ്പെടെ ഇതിന്റെ ഭാഗമാണ്. എന്നാല്‍ സീറ്റ് പങ്കുവയ്ക്കല്‍ വിഷയത്തില്‍ ആംആദ്മി പാര്‍ട്ടിയുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ തിരിച്ചടിയായേക്കും, എങ്കിലും വോട്ട് ചോര്‍ച്ച പരമാവധി തടയാനാണ് കോണ്‍ഗ്രസ് ശ്രമം.
എഎപിക്ക് പുറമെ സമാജ് വാദി പാര്‍ട്ടി, ഇടതുപക്ഷം എന്നിവയെയും കൂടെ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കങ്ങളും സജീവമാണ്. എന്നാല്‍ ദേശീയ തലത്തില്‍ പ്രാവര്‍ത്തികമാക്കിയ ഇന്ത്യ ബ്ലോക്ക് തന്ത്രം സംസ്ഥാനങ്ങളിലേക്കെത്തുമ്പോള്‍ പ്രാദേശിക നേതാക്കളുടെ എതിര്‍പ്പാണ് മറ്റൊരു തിരിച്ചടി. സീറ്റ് പങ്കുവയ്ക്കലില്‍ വലിയ വിട്ടുവീഴ്ച വേണ്ടെന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ഉള്‍പ്പടെ സ്വീകരിക്കുന്ന നിലപാട്.