ശ്രദ്ധ വാക്കറുടെ ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് സമാന രീതിയില്‍ ഡല്‍ഹിയില്‍ മറ്റൊരു കൊലപാതകം കൂടി. മകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അമ്മയും മകനും ചേര്‍ന്ന് മൃതദേഹം 22 കഷണങ്ങളാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിക്കുകയും കിഴക്കന്‍ ദില്ലിയിലെ പല സമീപപ്രദേശങ്ങളിലും വലിച്ചെറിയുകയും ചെയ്തു.
ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. 28 കാരനായ അഫ്താബ് പൂനാവാല തന്റെ ലിവ്-ഇന്‍ പങ്കാളിയായ ശ്രദ്ധ വാക്കറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ശരീരം 35 കഷ്ണങ്ങളാക്കി ദക്ഷിണ ഡല്‍ഹിയിലെ മെഹ്റൗളി വനത്തില്‍ എറിഞ്ഞതിന് സമാനമായാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.
ജൂണില്‍ പാണ്ഡവ് നഗറില്‍ നിന്നാണ് പോലീസ് ആദ്യം ശരീരഭാഗങ്ങള്‍ കണ്ടെത്തുകയും കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്. എന്നാല്‍ മൃതദേഹത്തിന്റെ കഷ്ണങ്ങള്‍ ജീര്‍ണിച്ചതിനാല്‍ അന്വേഷണം പുരോഗമിച്ചില്ല. ഈ മാസം ആദ്യം ശ്രദ്ധ വാക്കര്‍ വധക്കേസിന്റെ ദാരുണ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ ഈ അജ്ഞാത ശരീരഭാഗങ്ങള്‍ ശ്രദ്ധയുടേതാണോയെന്നും അന്വേഷിച്ചിരുന്നു.
എന്നാല്‍ പിന്നീടിത് അഞ്ജന് ദാസിന്റേതാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യ പൂനവും മകന് ദീപക്കും ചേര്‍ന്ന് ജൂണിലാണ് ദാസിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ആദ്യം ഉറക്കഗുളിക നല്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ത്രിലോക്പുരിയിലാണ് കുറ്റകൃത്യം നടന്നത്. കൊലപാതകത്തിന് ശേഷം ശരീരഭാഗങ്ങള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലും സമീപ പ്രദേശങ്ങളിലും ശരീരഭാഗങ്ങള്‍ സംസ്കരിക്കുകയായിരുന്നു.
ദീപക് രാത്രി ഏറെ വൈകി കൈയില്‍ ബാഗുമായി നടക്കുന്ന ദൃശ്യങ്ങള്‍ അയല്പക്കത്തെ സിസിടിവി ക്യാമറകളിലുണ്ട്. ശരീരഭാഗങ്ങള്‍ വലിച്ചെറിയാനുള്ള അയാളുടെ യാത്രകളിലൊന്നായിരുന്നു ഇതെന്ന് പോലീസ് പറയുന്നു. അമ്മ പൂനം അവനെ പിന്തുടരുന്നതും കാണാം. മറ്റൊരു ക്ലിപ്പില്‍ പകല്‍ സമയത്തും അവരെ കാണുന്നുണ്ട്. മൃതദേഹത്തിന്റെ കഷണങ്ങള്‍ വലിച്ചെറിയാന്‍ അമ്മയും മകനും നിരവധി യാത്രകള്‍ നടത്തിയതായും പോലീസ് പറയുന്നു.