അസാധാരണമായൊരു ഹർജിയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബംഗളൂരു സ്വദേശിയായ 48കാരി. ക്രോണിക് ഫാറ്റിഗ് സിൻഡ്രം (ഒരിക്കലും വിട്ടുമാറാത്ത ക്ഷീണം) ബാധിച്ച് ദയാവധം തേടി യൂറോപ്പിലേക്ക് പോകുന്ന സുഹൃത്തിനെ തടയണമെന്നാണ് ഹർജിയിലെ ആവശ്യം. രോഗം ജീവിതാവസാനം വരെ വിട്ടുമാറില്ലെന്ന തിരിച്ചറിവിലാണ് നോയിഡ സ്വദേശിയായ 49കാരൻ യൂറോപ്പിലേക്ക് പോകുന്നതെന്ന് ഹർജിക്കാരി പറയുന്നു. എമിഗ്രേഷൻ ക്ലിയറൻസ് നൽകിയ നടപടി റദ്ദാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.
2014ലാണ് യുവാവിന് ക്രോണിക് ഫാറ്റിഗ് സിൻഡ്രം സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ടുവർഷത്തിനിടെ രോഗം മൂർച്ഛിച്ചു. അമിതമായ ക്ഷീണം മൂലം കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാത്ത സാഹചര്യമാണ്. എയിംസിൽ ഫെക്കൽ മൈക്രോബയോട്ട ട്രാൻസ്പ്ലാന്‍റേഷൻ എന്ന ചികിത്സയ്ക്ക് വിധേയനായിരുന്നുവെങ്കിലും കോവിഡ് മഹാമാരിയിൽ ദാതാക്കളെ ലഭിക്കാതായതോടെ ചികിത്സ തുടരാൻ കഴിഞ്ഞില്ല.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഡിഗ്നിറ്റാസ് എന്ന സംഘടനയുടെ സഹായത്തോടെയാണ് യുവാവ് ദയാവധത്തിന് ശ്രമിക്കുന്നത്. വേദനരഹിത മരണത്തിനായി ഫിസിഷ്യന്റെ സഹായം ലഭ്യമാക്കുന്ന എൻജിഒ ആണ് ഡിഗ്നിറ്റാസ്. സംഘടനയുടെ സഹായത്തോടെ യുവാവ് ജൂൺ 11 മുതൽ 18 വരെ സൂറിച്ചിൽ വൈദ്യപരിശോധനയ്ക്കായി പോയിരുന്നു. വിദഗ്ധ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുവാവിന്റെ ദയാവധ അപേക്ഷ ഡിഗ്നിറ്റാസ് അംഗീകരിച്ചതെന്നും ഹർജിക്കാരി വിശദീകരിക്കുന്നു. ഓഗസ്റ്റ് അവസാനത്തോടെ വേദനരഹിത മരണത്തിന്റെ അവസാന തയ്യാറെടുപ്പുകൾ ഡിഗ്നിറ്റാസ് പൂർത്തിയാക്കുമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നതെന്നും യുവതി കോടതിയെ അറിയിച്ചു. സുഹൃത്ത് ദയാവധം സ്വീകരിച്ചാൽ അദ്ദേഹത്തിന്റെ പ്രായമായ രക്ഷിതാക്കൾ മാനസികമായി തകരുമെന്നും ഹർജിക്കാരി പറയുന്നു.
എന്താണ് ക്രോണിക് ഫാറ്റിഗ് സിൻഡ്രം ?
ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം(സിഎഫ്എസ്) അഥവാ മയാള്‍ജിക് എന്‍സെഫെലോമൈലിറ്റിസ് എന്നാൽ അമിതമായ ക്ഷീണം അനുഭവപ്പെടുന്ന രോഗാവസ്ഥയാണ്. ക്ഷീണം മൂലം കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാത്ത രോഗാവസ്ഥ. എന്താണ് രോഗമെന്ന് നിർണയിക്കാൻ വൈകുന്നുവെന്നത് രോഗം മൂർച്ഛിക്കുന്നതിന് ഇടയാക്കും. ശാരീരികമോ മാനസികമോ ആയി അധ്വാനിച്ചാൽ രോഗം വർധിക്കും. ഉറങ്ങിയാലോ വിശ്രമിച്ചാലോ ഒന്നും ഈ ക്ഷീണം മാറില്ല എന്നതാണ് സിഎഫ്എസിന്‍റെ പ്രത്യേകത.
രോഗ കാരണങ്ങൾ ഇതുവരെയും കണ്ടെത്താൻ സാധിക്കാത്തതിനാൽ രോഗനിർണയവും എളുപ്പമല്ല. നേരത്തെ മാനസികമായ തോന്നലായി സിഎഫ്എസിനെ തള്ളിക്കളഞ്ഞിരുന്നെങ്കിൽ, വികസിത രാജ്യങ്ങളിലെല്ലാം രോഗത്തെപറ്റി ബോധവത്കരണമുൾപ്പെടെ നടന്നുവരുന്നുണ്ട് ഇപ്പോള്‍. പുരുഷന്മാരെ അപേക്ഷിച്ച് 25 വയസ് പിന്നിട്ട സ്ത്രീകളിലാണ് കൂടുതലായി രോഗം കണ്ടുവരുന്നത്. കോവിഡിന് ശേഷം ഈ രോഗാവസ്ഥ അനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.